ദേശീയപാത വികസനം; നീറിപ്പുകഞ്ഞ് പ്രശ്നങ്ങൾ, നിസ്സഹായരായി അധികൃതർ
text_fieldsകാസർകോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം പരാതിയുമായി നാട്ടുകാർ. ആറുവരി പാത നിർമാണത്തെ അനുകൂലിച്ചുകൊണ്ടുതന്നെ നാട്ടുകാർ ഉന്നയിക്കുന്ന പരാതികളിൽ പരിഹാരം നീളുകയാണ്. നിലവിലെ റോഡിൽനിന്ന് മീറ്ററുകൾ ഉയർത്തി പാത നിർമിക്കുമ്പോൾ അടിപ്പാത വേണമെന്നാവശ്യപ്പെട്ടാണ് ആക്ഷൻ കമ്മിറ്റികളുണ്ടാക്കി ജനം തെരുവിലിറങ്ങിയത്.
പാത നിർമിക്കുമ്പോൾ വിഭജിക്കപ്പെടുന്ന അങ്ങാടികളിൽ ഇരുവശവും പ്രവേശിക്കാൻ അടിപ്പാത വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. റോഡിന് അപ്പുറത്തും ഇപ്പുറത്തുമായി വിഭജിക്കപ്പെടുന്നവർ കുടുംബസമേതമാണ് പ്രക്ഷോഭവുമായി രംഗത്ത്. ന്യായമായ സമരമെന്ന നിലക്ക് പ്രക്ഷോഭങ്ങൾക്ക് സർവകക്ഷി പിന്തുണയുമുണ്ട്.
ജില്ലയിലെ എം.പി, എം.എൽ.എമാർ, സർവകക്ഷി ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടെങ്കിലും തുടർ നടപടികളൊന്നുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി നാട്ടുകാർക്ക് ചർച്ച നടത്താനും കഴിയുന്നില്ല. വിവരാവകാശ നിയമപ്രകാരം പോലും ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മറുപടിയും ദേശീയപാത അതോറിറ്റി നൽകുന്നില്ല.
45 മീറ്ററിൽ റോഡ് വികസിപ്പിക്കുമ്പോൾ ബസ് സ്റ്റോപ്, ബസ് ബേ തുടങ്ങിയവ എവിടെ നിർമിക്കുമെന്ന ചോദ്യത്തിന്, ഇത്തരം കാര്യങ്ങളിലൊന്നും തീരുമാനമായില്ലെന്നാണ് ദേശീയപാത അധികൃതർ നൽകിയ മറുപടി. നിർമാണ ചുമതല കരാർ കമ്പനിക്ക് നൽകിക്കഴിഞ്ഞതിനാൽ ഇത്തരം കാര്യങ്ങളെല്ലാം അവർ നിശ്ചയിക്കുമെന്നാണ് അതോറിറ്റിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.