ദേശീയപാത വികസനം തലപ്പാടി -മൊഗ്രാൽ പാത: ആശങ്ക പരിഹരിക്കാൻ യോഗം
text_fieldsകാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ തലപ്പാടി മുതൽ മൊഗ്രാൽ വരെയുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ യോഗം ചേർന്നു.
പാത കടന്നുപോവുന്ന മഞ്ചേശ്വരം, മംഗൽപാടി, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ, ഹൈവേ അതോറിറ്റി, കരാറുകാർ, കംപ്ലൈന്റ് അതോറിറ്റി തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പാതയുടെ ഇരുഭാഗങ്ങളിൽ താമസിച്ചുവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളും നാട്ടുകാരും വ്യാപാരികളും നിലവിലെ പാത വികസനത്തെ ഏറെ ആശങ്കയോടെയാണ് കണ്ടുവരുന്നതെന്നും തൊട്ടു മുൻവശത്തുള്ള ആശുപത്രികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങളടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോയിവരാൻ കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എം.എൽ.എ യോഗത്തിന്റെ ശ്രദ്ധയിൽപെടുത്തി.
മണ്ഡലത്തിലെ തുമിനാട്, കുഞ്ചത്തൂർ, ഉദ്യാവർ, മഞ്ചേശ്വരം, പൊസോട്ട്, ഹൊസങ്കടി, ഉപ്പള ഗേറ്റ്, ഉപ്പള ടൗൺ, കൈക്കമ്പ, നയാബസാർ, ബന്തിയോട്, ഷിറിയ, ആരിക്കാടി, കുമ്പള, മൊഗ്രാൽ തുടങ്ങിയ പ്രദേശങ്ങളിൽ ആവശ്യമായ ക്രോസിങ് സംവിധാനം ഏർപ്പെടുത്താനും പ്രധാന ടൗണുകളിൽ മേൽപാലം സ്ഥാപിക്കാനുമാവശ്യമായ ഇടപെടലുകൾ നടത്താൻ വേണ്ട നടപടി കൈക്കൊള്ളാനുള്ള നിർദേശങ്ങൾ എം.എൽ.എ മുന്നോട്ടുവെച്ചു. ഈ പ്രദേശങ്ങളിലെ ആവശ്യങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കാൻ മേയ് അഞ്ചിനു യോഗം വിളിക്കും.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം. അഷ്‌റഫ് എം.എൽ.എ, ഡെപ്യൂട്ടി കലക്ടർ, എൻ.എച്ച്.ഐ.എ പ്രോജക്ട് ഓഫിസർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി സന്ദർശനം നടത്തും.
നിർമാണ പ്രവൃത്തികൾ നടക്കുമ്പോൾ, എം.എൽ.എ-പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് സ്ഥാപിച്ച ഹൈ മാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ മാറ്റിസ്ഥാപിക്കുന്നത്, വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടുന്നത് ഉടൻ നന്നാക്കുന്നതുസംബന്ധിച്ചും വേണ്ട നടപടികൾ കൈക്കൊള്ളാൻ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.