നവകേരള സദസ്സ്: പരാതികള്‍ക്ക് അനുഭാവ മറുപടി - കാസർകോട് ജില്ല വികസന സമിതി
text_fieldsകാസർകോട്: നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയില്‍ ലഭിച്ച പരാതികൾക്ക് അനുഭാവ പൂർവമുള്ള മറുപടി നൽകുമെന്ന് ജില്ല കലക്ടർ വികസന സമിതിയോഗത്തിൽ അറിയിച്ചു. 14600 പരാതികള്‍ ലഭിച്ചവ സ്കാന്‍ചെയ്ത് വിവിധ വകുപ്പുകളിലേക്ക് നല്‍കിയിട്ടുണ്ടെന്നും വകുപ്പ് മേധാവികള്‍ വേഗത്തില്‍ പരാതികള്‍ തീര്‍പ്പാക്കണമെന്നും ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
അപേക്ഷകന് പോസിറ്റിവായുള്ള മറുപടിയാണ് നല്‍കേണ്ടതെന്നും കൃത്യമായ വിശദീകരണങ്ങളോടെ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വകുപ്പും നല്കുന്ന മറുപടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നുണ്ടെന്നും അപാകതകള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഇടപെടുമെന്നും കലക്ടര്‍ പറഞ്ഞു. 45 ദിവസത്തിനകം മുഴുവന്‍ പരാതികളും തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിർദേശിച്ചിരിക്കുന്നത്. എന്നാല്‍ അപേക്ഷകന് മനസ്സിലാകുന്ന വിധം സമയബന്ധിതമായി മറുപടി നല്‍കണമെന്ന് കലക്ടര്‍ പറഞ്ഞു.
ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്തണം
ഉദുമ: പള്ളിക്കര മിഷന്കോളനിയില് പുനർഗേഹം പദ്ധതിയില്‍ ഭവന സമുച്ചയം നിർമാണം നടത്തുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ജില്ല വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. നടപടി ത്വരിതപ്പെടുത്താന്‍ ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാറിന് നിർദേശം നല്കി.
ദേശീയ പാത വികസനത്തിന് അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നതിന് വലിയ വാഹനങ്ങള്‍ നിരന്തരം ഓടുന്നതിനാല്‍ പാടെ തകര്‍ന്ന ചാലിങ്കാല്‍ - മീങ്ങോത്ത് റോഡ് ദേശീയ പാത നിര്‍മാണ ഏജന്‍സിയുടെ നേതൃത്വത്തില്‍ പൂര്‍ണമായി അറ്റകുറ്റപ്പണി നടത്തും. എം.എല്‍.എ, ജില്ല കലക്ടര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ നടത്തിയ ഉറപ്പ് പാലിക്കുമെന്ന് കരാര്‍ ഏജന്‍സി പ്രതിനിധി യോഗത്തില്‍ അറിയിച്ചു
ബേഡകം ആട് ഫാമിന്റെ നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. നിർമാണ പ്രവൃത്തികള്‍ വേഗത്തിലാക്കി ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും 2024 ആഗസ്റ്റില്‍ ആടുകളെ കൊണ്ടുവന്ന് ഫാം ഉദ്ഘാടനം ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഹൗസിങ് ബോര്‍ഡ്, കെ.ഡി.പി, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. പനയാല്‍-പൊടിപ്പള്ളം റോഡ് നിർമാണം പുരോഗമിക്കുന്നതായി ഹാര്‍ബര്‍ എൻജിനീയറിങ് എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
ജില്ലയിലെ ആരോഗ്യ മേഖലയില്‍ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഒഴിവുകളില്‍ താൽക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യം അറിയിച്ചു.
ട്രെയിൻ യാത്രാ പ്രശ്നം പരിഹരിക്കണം
ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ എ.സി ആക്കുന്നത് ദൈനംദിന യാത്രക്കാരെ വലക്കുകയാണെന്ന് ജില്ല വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ പറഞ്ഞു. കണ്ണൂര്‍-കാസര്‍കോട് റൂട്ടിലുള്ള ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ട്മെന്റുകള്‍ കുറച്ച് എ.സി കോച്ചുകളാക്കുന്നത് ദൈനംദിന യാത്രക്കാരെ വലക്കുന്നുവെന്ന് ജില്ല വികസന സമിതി യോഗത്തില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.
കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഫ്ളോറിങ്ങുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ച് തുറന്നു പ്രവര്‍ത്തിക്കാനായി പ്ലാനിങ്ങ് ഓഫിസര്‍ യോഗം വിളിക്കണം. പൊതുമരാമത്ത് കെട്ടിട വിഭാഗം, പൊതുമരാമത്ത് ഇലക്ട്രിക്കല്‍സ്, ഫയര്‍, കാസര്‍കോട് വികസന പാക്കേജ് എന്നിവയുടെ സംയുക്ത പരിശോധനയും യോഗവും ചേര്‍ന്ന് പരിഹാരം കാണാനും യോഗം നിർദേശിച്ചു. നീലേശ്വരം-എടത്തോട് റോഡ് പ്രവൃത്തി പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവില്‍ റോഡ് ഗതാഗതം സുഗമമാക്കുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ പുരോഗമിച്ചു വരുകയാണെന്നും കെ.ആര്.എഫ്.ബി പ്രതിനിധി അറിയിച്ചു.
വീരമലക്കുന്ന് മണ്ണെടുപ്പ് തടയണം
വീരമലക്കുന്ന്, മട്ടലായിക്കുന്ന് എന്നിവിടങ്ങളിലെ അനധികൃത മണ്ണെടുപ്പ് തടയുന്നതിന് തുടര്‍ നടപടി വേഗത്തില്‍ വേണമെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. ഇതിനായി ജില്ല കലക്ടര്‍ സ്ഥല സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചു. എന്‍.എച്ച്.എ.ഐ, കരാര്‍ ഏറ്റെടുത്ത ഏജന്‍സി, മൈനിങ് ആൻഡ് ജിയോളജി, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, സര്‍വേയര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ കലക്ടറോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
തെക്കേക്കാട് പടന്ന കടപ്പുറം റോഡ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായും തീരദേശ ഹൈവേയുടെ കല്ലിടല്‍ പ്രവൃത്തി ആരംഭിച്ചതായും കെ.ആര്.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. തൃക്കരിപ്പൂര്‍ ഹയർ സെക്കൻഡറി സ്കൂളില്‍ 3.5 കോടി രൂപയുടെ നിർമാണ പ്രവൃത്തി നടന്നിരുന്നെങ്കിലും നിർമാണ സാമഗ്രികളിലെ ഗുണമേന്മക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് നേരിട്ട് കണ്ട് പരിഹരിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
വിദ്യാർഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കണം
കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ചയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല് സ്കൂളിലേക്ക് എത്തിച്ചേരാന്‍ രാവിലെ ഏഴ് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങേണ്ട സ്ഥിതിയാണുള്ളതെന്നും ഈ റൂട്ടില്‍ ബസ് സർവിസ് ഇല്ലാത്തതാണ് വിദ്യാർഥികളെ വലക്കുന്നതെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. നേരത്തെ ഈ റൂട്ടില്‍ ബസ് റൂട്ട് ഉണ്ടായിരുന്നെങ്കിലും സര്‍വിസ് നിര്‍ത്തിയതോടെയാണ് വിദ്യാര്‍ഥികള്‍ കഷ്ടത്തിലായതെന്നും എം.എല്‍.എ പറഞ്ഞു.
കാസര്‍കോട് നഗരത്തില്‍ പാര്‍ക്കിങ് സൗകര്യം ഇല്ലാതെ വീര്‍പ്പുമുട്ടുകയാണെന്നും അതിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിന് കാസര്‍കോട് നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. കേരള ജല അതോറിറ്റിയുടെ പൈപ്പുകളില്‍ കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചോര്‍ച്ച ഉണ്ടെന്ന് എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാഭ്യാസഭവന് കോംപ്ലക്സിന്റെ നിർമാണത്തിന് 240 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്ന് സാങ്കേതിക അനുമതിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കി വരികയാണെന്നുംപൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ പറഞ്ഞു. എക്സൈസ് ടവര്‍ നിർമിക്കുന്നതിന്റെ ഭാഗമായി 46 സെന്റ് ഭൂമി എക്സൈസ് വകുപ്പിന്റെ കൈവശമുണ്ടെന്ന് കണ്ടെത്തി.
മംഗല്പാടി ആശുപത്രിയില്‍ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കണം
മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കണമെന്ന് എ.കെ.എം അഷറഫ് എം.എല്‍.എ പറഞ്ഞു. മംഗല്പാടി പഞ്ചായത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മിനി ഡ്രൈവ് നടത്താന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ പുതിയതായി സ്ഥാപിക്കുന്ന സ്ഥലനാമ ബോര്‍ഡുകളില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളോടൊപ്പം കന്നഡ കൂടി ഉള്പ്പെടുത്തിവരുന്നുണ്ടെന്ന് കെ.എസ്.ടി.പി ഇ.ഇ അറിയിച്ചു. കേരളോത്സവത്തില്‍ കന്നഡ ഇനങ്ങളിലെ ജേതാക്കള്‍ക്ക് ബ്ലോക്ക് തലത്തിന് ശേഷം ജില്ലതലം വരെ മത്സരിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ടെന്ന് യൂത്ത് വെല്‍ഫെയര്‍ ബോഡ് ജില്ല കോഓഡിനേറ്ററും, ജില്ല പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു.
കുമ്പള, ബംബ്രാണയിലും മറ്റും പന്നിശല്യം വര്‍ധിച്ചുവരുന്നതിനാല്‍ കൃഷിക്കും സ്വത്തിനും നാശം വരുത്തുന്ന പന്നികളെ നശിപ്പിക്കാനായി കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് നിയമാനുസൃതമായി നിര്‍ദ്ദേശം നല്‍കിയെന്ന് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കോഴിമാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 28 എണ്ണം റെന്ററിങ് പ്ലാന്റുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഡിസംബര്‍ 31നകം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 739 കോഴിക്കടകള്‍ക്കും ഐസ്ബോക്സ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി നിർദേശിച്ചു.
ദേശീയപാത: സ്കൂൾ പരിസരങ്ങളിൽ നടപ്പാലം വേണം
തയോരത്ത് സ്ഥിതി ചെയ്യുന്ന എല്ല സ്കൂളുകളിലേയും കുട്ടികള്‍ക്ക് യാത്രക്കായി അനുയോജ്യമായ സൗകര്യങ്ങളും ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉള്‍പ്പെടെുള്ള സൗകര്യങ്ങളും ഒരുക്കണമെന്ന് ജില്ലപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് പറഞ്ഞു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ജില്ല ആശുപത്രിക്ക് മുന്നില്‍ ഒരു കള്വെര്ട്ടര് ബോക്സ് സ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ മേഖലയിലും ഒരേപോലെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രതിനിധി സാജിദ് മൗവല്‍ സംസാരിച്ചു. പ്ലാനിങ് ഓഫിസര്‍ ടി. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, ആര്.ടി.ഒ അതുല്‍ സ്വാമിനാഥ്, എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, കെ.ആര്.എഫ്.ബി എക്സിക്യുൂട്ടിവ് എന്‍ജിനീയര്‍ ഗോകുല്‍ദാസ്, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. സജിത്ത് വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.