നവകേരള സദസ്സ്; മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് വീടുകളിലെത്തിക്കാൻ സജീവമായി കുടുംബശ്രീ പ്രവർത്തകർ
text_fieldsകാസർകോട്: ഈമാസം 18നും 19നുമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും നടക്കുന്ന നവകേരള സദസ്സിന്റെ ക്ഷണക്കത്തുകൾ വീടുകളിൽ എത്തിക്കാൻ സജീവമായി കുടുംബശ്രീ പ്രവർത്തകർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ഷണക്കത്തുകൾ കുടുംബശ്രീ പ്രവർത്തകർ എത്തിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുകളാണ് വീടുകളിൽ എത്തിച്ചു തുടങ്ങിയത്.
എത്രയും വേഗത്തിൽ ക്ഷണക്കത്ത് വിതരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ പ്രവർത്തകർ. ഇതിന്റെ ഭാഗമായി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി കുടുംബശ്രീ പ്രവർത്തകർ മണ്ഡലങ്ങളിലെ വീടുകളിലെത്തി.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലേക്കും നീലേശ്വരം നഗരസഭയിലേക്കും ശനിയാഴ്ചയോടെ കത്തുകൾ എത്തിച്ചിരുന്നു. സി.ഡി.എസ് ചെയർപേഴ്സൻമാരുടെ നേതൃത്വത്തിൽ എ.ഡി.എസ് അംഗങ്ങൾക്ക് ക്ഷണക്കത്ത് കൈമാറി. തുടർന്ന് എ.ഡി.എസ് അംഗങ്ങൾ അതത് കുടുംബശ്രീ യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറിമാരെ ഏൽപ്പിച്ചു.
വാർഡ് തലങ്ങളിലെ ഉദ്ഘാടന ചടങ്ങിന് ശേഷം കുടുംബശ്രീ അംഗങ്ങൾ സംഘം തിരിഞ്ഞ് വീടുവീടാന്തരം കയറിയിറങ്ങി ക്ഷണക്കത്തുകൾ വീടുകളിൽ ഏൽപ്പിച്ചു. മണ്ഡലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ നടത്തിയ തിരികെ സ്കൂളിലേക്ക് പരിപാടിയിലും ക്ഷണക്കത്തുകൾ വിതരണം ചെയ്തു. നവംബർ 19ന് വൈകീട്ട് അഞ്ചിന് കാലിക്കടവ് മൈതാനത്താണ് നവകേരള സദസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.