കർണാടകയിലേക്ക് പോകുന്നവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ്; വിദ്യാർഥികൾ ഉൾപ്പെടെ പെരുവഴിയിൽ
text_fieldsകാഞ്ഞങ്ങാട്: കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ പെരുവഴിയിലായി. കിഴക്കൻ മലയോര മേഖലയിൽ നിന്നും പോകുന്നവരെ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിെൻറ പേരിൽ മണിക്കൂറുകളോളം പെരുവഴിയിൽ നിർത്തുകയാണ്. പാണത്തൂരിൽനിന്ന് മടിക്കേരി, ബാഗമണ്ഡല, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്നവരെ കർണാടക അതിർത്തി പ്രദേശമായ ചെമ്പേരിയിലും പാണത്തൂരിൽ നിന്നും സുള്ള്യ, മംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്നവരെ കേരള കർണാടക അതിർത്തിയായ ബട്ടോളി ചെക്ക്പോസ്റ്റിന് സമീപത്ത് ബുധനാഴ്ചയും തടഞ്ഞു.
കഴിഞ്ഞ ദിവസം സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരാളെ പോലും കടത്തി വിട്ടില്ല. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികളെ ഉൾപ്പെടെ തിരിച്ചയച്ചു. നാട്ടുകാരും സമീപവാസികളും പ്രതിഷേധം ശക്തമാക്കിയതോടെ ചൊവ്വാഴ്ച മുതൽ അതിർത്തി പ്രദേശത്ത് കർണാടക സർക്കാർ ആൻറിജൻ പരിശോധന നടത്തി നെഗറ്റിവ് ആകുന്നവരെ കടത്തിവിടുന്നുണ്ട്.എന്നാൽ, 10 മിനിറ്റുകൊണ്ട് ലഭിക്കേണ്ട പരിശോധനഫലം മണിക്കൂറുകളോളം എടുക്കുന്നുണ്ട്.
പലപ്പോഴും ഇത്രയും സമയം കാത്തിരുന്നതിനുശേഷം ഫലം പോസിറ്റിവാണെങ്കിൽ മടങ്ങിവരേണ്ട സ്ഥിതിയാണുള്ളത്. കർണാടകയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും വ്യാപാര ആവശ്യത്തിന് പോകുന്നവർക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി പേർ ദിവസവും കർണാടകയിൽ പോയി വരുന്നവരുണ്ട്. ഇത്തരക്കാർക്ക് തലേ ദിവസം എടുത്ത ആൻറിജൻ പരിശോധന ഫലം അനുവദിക്കുന്നില്ല. വീണ്ടും ഇവർക്ക് അവിടെ വെച്ച് പരിശോധന നടത്തണം.
തലപ്പാടിയിൽ നേരിയ അയവ്
മഞ്ചേശ്വരം: 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റിവ് റിപ്പോർട്ട് ഉള്ളവരെമാത്രമേ അതിർത്തി കടക്കാൻ അനുവദിക്കൂ എന്ന കർണാടക സർക്കാർ നിലപാടിനെതിരെ രണ്ട് ദിവസമായി തലപ്പാടി അതിർത്തിയിൽ ഉണ്ടായിരുന്ന സംഘർഷാവസ്ഥയിൽ നേരിയ അയവ്. സംസ്ഥാന അതിർത്തി അടക്കുന്നത് കേന്ദ്രസർക്കാർ, സുപ്രീംകോടതി എന്നിവരുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരുന്നു. സമരം നേരിടാൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സംവിധാനമാണ് കർണാടക സർക്കാർ ഒരുക്കിയിരുന്നത്.
പ്രതിഷേധം സംഘടിപ്പിച്ചവർക്ക് നേരെ മഞ്ചേശ്വരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതും പ്രതിഷേധത്തിൽനിന്നും പിന്മാറാൻ സമരക്കാർക്ക് പ്രേരണയായതായാണ് നിഗമനം. ഗുരുതര രോഗമുള്ളവർക്ക് നെഗറ്റിവ് റിപ്പോർട്ട് നിർബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ആംബുലൻസുകളിൽ പോകുന്ന രോഗികളെ മാത്രമേ കടത്തി വിട്ടിരുന്നുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ പോകുന്ന ഗുരുതര രോഗികൾക്കും നേരത്തെ ശസ്ത്രക്രിയ, മുൻകൂട്ടിയുള്ള അപ്പോയിൻറ്മെൻറ് എടുത്തവർ എന്നിവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
29 പേർക്കെതിരെ കേസ്
മഞ്ചേശ്വരം: തലപ്പാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട 29 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കെ.ആർ. ജയാനന്ദ, ഹര്‍ഷാദ് വോർക്കാടി, മുസ്തഫ ഉദ്യാവർ, അഷറഫ് ബഡാജെ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 25 പേര്‍ക്കുമെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുചേർന്നതിനാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.