കാസർകോടിന് പ്രതീക്ഷയുടെ പുതുവർഷം
text_fieldsപുതുവർഷപ്പിറവി കാസർകോടിന് പ്രതീക്ഷകളുടെ നാളുകളാണ്. കോവിഡ്കാല അടച്ചുപൂട്ടലിൽ മുടങ്ങിക്കിടന്ന പല സ്വപ്നങ്ങളും പൂവണിയുന്ന വർഷം. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്കാണ് ജില്ല കാതോർക്കുന്നത്. കാലങ്ങളായി നേരിടുന്ന അവഗണനയിൽനിന്നുള്ള വലിയ മുന്നേറ്റം കൂടിയാവുമത്. ജില്ലയിലെ ആരോഗ്യരംഗത്ത് വലിയ പുരോഗതിയാണ് പ്രതീക്ഷിക്കുന്നത്. മെഡിക്കൽ കോളജ് നിർമാണം പൂർത്തിയാക്കുമെന്ന് പറയുന്നുണ്ടെങ്കിലും കണ്ണുംപൂട്ടി ജനം വിശ്വസിക്കുകയില്ലെന്ന് ഉറപ്പ്. അതിനാൽ തന്നെ, നിർമാണം ഒരു ഭാഗത്തും ചികിത്സ മറ്റൊരുഭാഗത്തുമെന്ന നിലക്കാണ് തീരുമാനം. എന്തിനും ഏതിനും മംഗളൂരുവിനെ ആശ്രയിക്കുന്നതിൽനിന്ന് മാറി ജില്ലയിൽ എല്ലാമൊരുക്കുകയാണ് ലക്ഷ്യം.
വരുന്നു, 30 സംരംഭങ്ങൾ
വ്യവസായ വകുപ്പിനു കീഴിൽ കൈനിറയെ പദ്ധതികളാണ് പുതുവർഷത്തിൽ ജില്ലയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നത്. 30 പദ്ധതികൾ ഇൗവർഷം തന്നെ ആരംഭിക്കും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. സംരംഭകരുമായി കൂടിക്കാഴ്ച നടത്താൻ മന്ത്രി പി. രാജീവ് ഉടൻ ജില്ലയിലെത്തും. ജില്ല വ്യവാസായ കേന്ദ്രത്തിെൻറ മേൽനോട്ടത്തിലാണ് പുതിയ സംരംഭങ്ങൾ ആരംഭിക്കുക. പൊതുസ്വകാര്യ പങ്കാളിത്തത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിലൂടെ നൂറുകണക്കിന് പേർക്ക് തൊഴിലും ലഭിക്കും.
അനന്തപുരം എസ്റ്റേറ്റിൽ പാർട്ടിക്കിൾ ബോർഡ് മാനുഫാക്ചറിങ് യൂനിറ്റ് ആരംഭിക്കും. റബർ മരത്തിെൻറ അവശിഷ്ടങ്ങൾ ഉപയോഗിച്ച് കമ്പ്യൂട്ടർ ടേബിൾ പോലുള്ളത് നിർമിക്കുന്ന പദ്ധതിയാണിത്. പുണെയിൽനിന്നുള്ളവരാണ് സംരംഭകർ. ലിഫ്റ്റ് നിർമാണ യൂനിറ്റാണ് രണ്ടാമത്തേ വലിയ സംരംഭം. ഡൽഹി ആസ്ഥാനമായുള്ള സംരംഭകരാണ് നിക്ഷേപം മുടക്കുന്നത്. പ്രവാസി നിക്ഷേപത്തിൽ ചോക്ലറ്റ് ഫാക്ടറിയും ജില്ലയിൽ പുതുവർഷത്തിൽ തുടങ്ങും. ഗ്ലൗസ്, പി.പി.പി.ഇ കിറ്റ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങുന്ന പദ്ധതിയും പുതുവർഷത്തിൽ ആരംഭിക്കും. 40 സംരംഭകർക്ക് ഇതിനകം ഭൂമി കൈമാറിക്കഴിഞ്ഞു.
മെഡിക്കൽ കോളജിൽ സ്പെഷാലിറ്റികളും മൂന്നിന്
ഉക്കിനടുക്കയിലെ കാസർകോട് ഗവ. കോളജിൽ ജനുവരി മൂന്നിന് ഒ.പിക്കുപുറമെ സ്പെഷാലിറ്റികളും ആരംഭിക്കാൻ നടപടി. ജനറൽ, കുട്ടികളുടെ വിഭാഗം ഒ.പികളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുകയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉണ്ടാകും. സര്‍ജറി, ഇ.എന്‍.ടി, ഒഫ്ത്താല്‍മോളജി, ഡെന്റല്‍ ഒ.പികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു. അക്കാദമിക് ബ്ലോക്കിലായിരിക്കും ഒ.പി പ്രവര്‍ത്തിക്കുക. ആശുപത്രി കെട്ടിടം നിർമാണം പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാതെ ഇത്തരം കാര്യങ്ങൾ നടത്തും.
ബയോഡീസൽ പ്ലാൻറ്
പാചകത്തിന് ഉപയോഗിച്ച എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംരംഭവും പുതുവർഷത്തിൽ തുടങ്ങും. കുമ്പള അനന്തപുരത്തെ വ്യവസായ വകുപ്പിെൻറ രണ്ടേക്കര്‍ സ്ഥലത്താണ് പ്ലാൻറ് സ്ഥാപിക്കുന്നത്. പ്രതിമാസം 500 ടണ്‍ ബയോ ഡീസല്‍ ഉൽപാദന ശേഷിയുള്ള ഫാക്ടറിയാണ് ലക്ഷ്യം. അടുക്കളയിൽ ഉപയോഗിച്ച എണ്ണയാണ് പ്രധാന അസംസ്കൃത വസ്തു.
പ്ലാൻറിന് ആവശ്യമായ പഴയ എണ്ണ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിൽനിന്ന് ശേഖരിക്കും. കുടുംബശ്രീ പ്രവര്‍ത്തകരെയും ഹരിത കര്‍മ സേനാംഗങ്ങളെയും ഉപയോഗിക്കും. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷനുമായി കരാറില്‍ ഏര്‍പ്പെട്ടാണ് ബയോ ഡീസല്‍ വിപണിയിലെത്തിക്കുക.
ബ്രിട്ടീഷുകാരനായ കാള്‍ വില്യംസ് ഫീല്ഡറിെൻറ ഉടമസ്ഥതയിലുള്ള ന്യൂട്രല്‍ ഫ്യൂവല്‍സും കോഴിക്കോട് സ്വദേശി ഹക്സര്‍ മാനേജിങ് ഡയരക്ടറായ ഖത്തര്‍ ആസ്ഥാനമായ എറീഗോ ബയോ ഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡിെൻറയും സംയുക്ത സംരംഭമാണ് കാസർകോട്ടെ പ്ലാൻറ്.
വീടുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, റസ്റ്റാറൻറുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ച എണ്ണ പണം കൊടുത്ത് ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെ സംസ്കരിച്ചാണ് ഡീസല്‍ നിര്‍മാണം.
ഓക്സിജൻ പ്ലാൻറ് ഓകെ
ജില്ല പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ ചട്ടഞ്ചാലില്‍ 2.94 കോടി രൂപ ചെലവിൽ ഒരുക്കുന്ന ഓക്സിജൻ പ്ലാൻറ് പുതുവർഷത്തിൽ നാടിന് സമർപ്പിക്കും. ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാനാണ് ധാരണ. കോവിഡ് കേസുകൾ കൂടുന്ന അടിയന്തര ഘട്ടം വന്നാൽ എപ്പോൾ വേണമെങ്കിലും പ്രവർത്തനക്ഷമമാക്കാനും കഴിയും. മെഡിക്കൽ, വ്യവസായിക ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന പ്ലാൻറിെൻറ ഭൂരിഭാഗം പ്രവൃത്തിയും പൂർത്തിയായി.
ഹൈടെൻഷൻ കണക്ഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 1.87 കോടി പ്ലാൻറിന് മാത്രമാണ്. ഒക്ടോബർ 11ന് പ്ലാൻറ് പൂർത്തിയായി. കെട്ടിടം പണിയും പൂർത്തിയായി. ജില്ല വ്യവസായ കേന്ദ്രത്തിെൻറ ഉടമസ്ഥതയിലുള്ള 50 സെൻറ് സ്ഥലത്താണ് പ്ലാൻറ് സജ്ജീകരിക്കുന്നത്. പ്രതിദിനം 200 സിലിണ്ടർ മെഡിക്കൽ ഓക്സിജൻ നിർമിക്കാൻ ശേഷിയുള്ള പ്ലാൻറാണിത്. പ്ലാൻറ് പ്രവർത്തനക്ഷമമാവുന്നതോടെ ജില്ലയുടെ ആവശ്യം പൂർണമായി നിറവേറ്റാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
സജീവമാകാൻ മടിക്കൈ എസ്റ്റേറ്റും
ജില്ല വ്യവസായ കേന്ദ്രത്തിനു കീഴിൽ മടിക്കൈയിലെ ഭൂമിയിൽ ഇൗവർഷം പുതിയ സംരംഭങ്ങൾ ആരംഭിക്കും. 82 ഏക്കർ ഭൂമിയാണ് ഇവിടെയുള്ളത്. ഇൗ സ്ഥലം വിവിധ സംരംഭകർക്കായി പാട്ടത്തിന് നൽകും. ഏപ്രിലിൽ ഇതുസംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെക്കും.
ബേക്കൽ ഒരുങ്ങുന്നു, കുതിപ്പിന്
വിനോദസഞ്ചാര ഭൂപടത്തിൽ അത്യുത്തരദേശത്തിെൻറ അഭിമാനമായ ബേക്കൽ കുതിപ്പിന് ഒരുങ്ങുന്ന വർഷം കൂടിയാണ് 2022. പലവിധ കാരണങ്ങളാൽ മുടങ്ങിയ റിസോർട്ട് നിർമാണം ഇൗവർഷം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. 150 മുറികളുള്ള പഞ്ചനക്ഷത്ര റിസോർട്ടുകളാണ് നിർമിക്കുന്നത്. 150ൽ 70 എണ്ണം കോേട്ടജുകളാണ്. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ ബേക്കൽ റിസോർട്ട് വികസന കോർപറേഷെൻറ ഭൂമിയിലാണ് റിസോർട്ടുകൾ ഒരുങ്ങുന്നത്. കോർപറേഷന് റിസോർട്ട് നിർമാതാക്കളായ ഗ്ലോബ് ലിങ്ക് ഹോട്ടൽസ് നൽകാനുള്ള മുഴുവൻ പാട്ട കുടിശ്ശികയും അടുത്തിടെയാണ് അടച്ചുതീർത്തത്.
ബേക്കൽ ബീച്ച് പാർക്കിൽ അഞ്ചുകോടിയുടെ പദ്ധതിയും ഇൗവർഷം ലക്ഷ്യമിടുന്നുണ്ട്. പദ്ധതികൾ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇതിനകം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.