ദേശീയപാത വികസനം: കൂടുതൽ അടിപ്പാതകൾ ചോദിച്ച് നാട്ടുകാർ
text_fieldsകാസർകോട്: ജില്ലയിൽ ദേശീയപാത വികസനം കുതിക്കുമ്പോൾ കൂടുതൽ അടിപ്പാതകൾ ആവശ്യപ്പെട്ട് നാട്ടുകാർ തെരുവിൽ. നിലവിലെ റോഡിൽനിന്ന് മീറ്ററുകൾ ഉയരത്തിൽ ആറുവരിപ്പാത നിർമിക്കുമ്പോൾ റോഡിന്റെ ഇരുവശത്തുമാവുന്നവർക്ക് ഏക ആശ്വാസമെന്ന നിലക്കാണ് അടിപ്പാതയുടെ ആവശ്യം ശക്തമാകുന്നത്.
തലപ്പാടി മുതൽ ചെങ്കളവരെയുള്ള റീച്ചിൽ 11 അടിപ്പാതകൾ നിർമിക്കാനാണ് റോഡ് നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തീരുമാനിച്ചത്. ഇതിനുപുറമെയാണ് അടിപ്പാതകളുടെ എണ്ണം കൂട്ടാൻ ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. ചെങ്കള മുതൽ നീലേശ്വരംവരെ നീളുന്ന രണ്ടാമത്തെ റീച്ചിലും അടിപ്പാതകൾക്കായി നാട്ടുകാർ രംഗത്തെത്തി.
ദേശീയപാത പണി പൂർത്തിയാവുമ്പോൾ സർവിസ് റോഡിൽനിന്ന് അടിപ്പാത വഴി മാത്രമാണ് മറുവശത്തേക്ക് കടക്കാൻ കഴിയൂ. അടിപ്പാതയില്ലെങ്കിൽ സർവിസ് റോഡിലൂടെ നാലും അഞ്ചും കിലോമീറ്ററുകൾ സഞ്ചരിച്ചേ റോഡിന്റെ മറുവശം എത്താൻ കഴിയൂ. നിലവിൽ റോഡ് മുറിച്ച് കടന്നുപോയിരുന്ന സ്കൂളുകൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം എത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
തലപ്പാടി മുതൽ നീലേശ്വരം വരെയായി മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള, ബന്തിയോട്, ആരിക്കാടി, കുമ്പള, മൊഗ്രാൽ, ചൗക്കി, വിദ്യാനഗർ, ഇ.കെ. നായനാർ സ്മാരക സഹകരണ ആശുപത്രി, ബട്ടത്തൂർ, പൊയിനാച്ചി, പെരിയാട്ടടുക്കം, പെരിയ, കേരള കേന്ദ്ര സർവകലാശാല, പുല്ലൂർ, മൂലക്കണ്ടം, ചെമ്മട്ടംവയൽ കെ.എസ്.ആർ.ടി.സി ഡിപ്പോ, നീലേശ്വരം തോട്ടം ജങ്ഷൻ, നീലേശ്വരം പൊലീസ് സ്റ്റേഷൻ, ചെറുവത്തൂർ ബൈപാസ്, ചെറുവത്തൂർ ബസ് സ്റ്റാൻഡ്-പടന്ന റോഡ്, പിലിക്കോട് തോട്ടം, കാലിക്കടവ് എന്നിവിടങ്ങളിലാണ് അടിപ്പാതകൾ നിർമിക്കാൻ തീരുമാനമായത്. ഉപ്പള നയാബസാർ, മൊഗ്രാൽ പുത്തൂർ, എരിയാൽ, അടുക്കത്ത്ബയൽ, അണങ്കൂർ ജങ്ഷൻ, നായന്മാർമൂല, നാലാംമൈൽ തുടങ്ങിയ പ്രദേശങ്ങളിൽ പുതുതായി അടിപ്പാത ആവശ്യപ്പെട്ട് ജനപ്രതിനിധികൾ നിവേദനം നൽകി.
കാഞ്ഞങ്ങാട് നഗരസഭ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് പ്രമേയംവരെ പാസാക്കി. കാസർകോട്, നീലേശ്വരം നഗരസഭകളും അടിപ്പാതകൾക്കായി രംഗത്തുവന്നു. ജനപ്രതിനിധികൾ ഉൾപ്പെടെ രംഗത്തുവന്നെങ്കിലും ദേശീയപാത അതോറിറ്റി എന്തു ചെയ്യുമെന്നാണ് നാട്ടുകാർ കാത്തിരിക്കുന്നത്. അടിപ്പാതകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.