ഓഡിറ്റർമാരില്ല; പൊതുയോഗം നടത്താനാവാതെ സഹകരണ സംഘങ്ങൾ
text_fieldsകാസർകോട്: സഹകരണ സംഘങ്ങളിലെ ഓഡിറ്റ് പൂർത്തിയാക്കാത്തതുകൊണ്ട് സംഘങ്ങൾക്ക് പൊതുയോഗം നടത്താനാവുന്നില്ല. ജില്ലയിൽ നിരവധി സഹകരണ സംഘങ്ങളിലെ ഓഡിറ്റ് പൂർത്തിയാകാനുണ്ട്. സഹകരണ വകുപ്പിൽ 26 ഓഡിറ്റർമാരുടെ കുറവാണ് ജില്ലയിലുള്ളത്. 62 ഓഡിറ്റർമാർ വേണ്ടിടത്ത് 36 പേർ മാത്രമാണ് ജില്ലയിൽ ജോലി ചെയ്യുന്നത്. ചട്ടപ്രകാരമുള്ള പൊതുയോഗം നിശ്ചിത സമയത്തിനകം നടത്താനാവാത്തതിനാൽ സംഘങ്ങൾ, പൊതുയോഗ സമയപരിധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
സാമ്പത്തിക വർഷം പൂർത്തിയായി ആറ് മാസത്തിനകം പൊതുയോഗം ചേർന്ന് പ്രവർത്തന റിപ്പോർട്ടും ബജറ്റും അംഗീകരിക്കണമെന്നാണ് നിയമം. ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചാൽ രണ്ടുമാസത്തിനകം പൊതുയോഗം വിളിച്ചുചേർത്ത് റിപ്പോർട്ടും ന്യൂനതപരിഹരിക്കലും അംഗീകരിക്കേണ്ടതുമുണ്ട്.
സംഘങ്ങളിൽ െസപ്റ്റംബർ മാസത്തിനുമുമ്പ് പൊതുയോഗം വിളിച്ചുചേർക്കണമെന്നത് ഡിസംബർ 31 വരെയായി സഹകരണ വകുപ്പ് ദീർഘിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ 65 പ്രാഥമിക വായ്പ സഹകരണ സംഘങ്ങൾ ഉൾപ്പെടെ 650ഓളം സഹകരണ സ്ഥാപനങ്ങളാണുള്ളത്. പി.എസ്.സി റാങ്ക് പട്ടികയിൽനിന്ന് ജില്ലയിൽ നിയമനം ലഭിച്ച തെക്കൻ ജില്ലകളിലുള്ളവർ ഭരണ സ്വാധീനത്തിൽ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം നാടുകളിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോയതാണ് സംഘങ്ങളിൽ ഓഡിറ്റ് യഥാസമയം പൂർത്തിയാക്കുന്നതിന് തടസ്സമായത്. നിലവിൽ ജില്ലയിൽ ജോലി ചെയ്തുവരുന്നവരുടെ ഭാരവും ഇക്കാര്യത്താൽ വർധിച്ചിട്ടുണ്ട്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ നിരവധി സംഘങ്ങളിലാണ് ഓഡിറ്റ് പൂർത്തിയാകാതെ കിടക്കുന്നത്.
ഹോസ്ദുർഗ് താലൂക്കിൽനിന്നുള്ള 12 ഓഡിറ്റർമാരെ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ സംഘങ്ങളുടെ ഓഡിറ്റ് പൂർത്തിയാക്കാനായി മാറ്റി നിയമിച്ചിരുന്നു. കഴിഞ്ഞ നവംബർ മുതലാണ് നിയമിച്ചത്. സഹകരണ വകുപ്പിൽ ഓഡിറ്റർമാരെ നിയമിക്കുമ്പോൾ സർക്കാറിന് ഒരു സാമ്പത്തിക ബാധ്യതയുമില്ല. ഓഡിറ്റർമാരുടെ വേതനത്തിനും മറ്റ് ആനുകൂല്യത്തിനും ആവശ്യമായ തുക ബന്ധപ്പെട്ട സംഘങ്ങൾ സർക്കാറിലേക്ക് അടക്കുന്നുണ്ട്.
സഹകരണ സംഘങ്ങളിലെ ഓഡിറ്റ് പൂർത്തിയായി സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ പൊതുയോഗം വിളിച്ചുചേർക്കുന്നതിനായുള്ള തീയതി മാർച്ച് 31വരെ ദീർഘിപ്പിക്കണമെന്ന് കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല പ്രസിഡൻറ് പി.കെ. വിനോദ്കുമാർ സഹകരണ മന്ത്രിക്കും രജിസ്ട്രാർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.