എൻഡോസൾഫാൻ സെൽ: ചെയർമാനായില്ല
text_fieldsകാസർകോട്: ആയിരക്കണക്കിനു ദുരിതബാധിതരുടെ പരാതികൾ പരിഹരിക്കാനുള്ള എൻഡോസൾഫാൻ വിക്ടിംസ് റെമഡിയേഷൻ സെല്ലിനു ചെയർമാനായില്ല. മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ സ്ഥാനമൊഴിഞ്ഞശേഷം നാഥനില്ലാതെ പ്രവർത്തനരഹിതമായി നിൽക്കുകയാണ് സെൽ.
അദ്ദേഹം മന്ത്രിയായിരിക്കെയും അവസാന ഘട്ടത്തിൽ കോവിഡിെൻറ പേരിൽ സെൽ ചേർന്നിരുന്നില്ല. സെല്ലിെൻറ പ്രവർത്തനങ്ങൾ സംബന്ധിച്ച് എൻഡോസൾഫാൻ പുനരധിവാസ പ്രവർത്തന ഉന്നതാധികാര സമിതി ഇന്നലെ ചേർന്നത് മന്ത്രിയുടെ സാന്നിധ്യമില്ലാതെയാണ്. ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനെന്ന പേരിൽ ചേർന്ന യോഗത്തിൽ സെൽ പുന:സംഘടന വിഷയവും വന്നിട്ടില്ല. പുന:സംഘടിപ്പിക്കാൻ സർക്കാറിന് ശിപാർശ നൽകിയിട്ടുണ്ടെന്നും സർക്കാറിെൻറ പരിഗണനയിലാണെന്നും ബന്ധപ്പെട്ട ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.
സെല്ലിെൻറ ചുമതല ആർക്കാണ് നൽകുകയെന്നതു സംബന്ധിച്ച ധാരണ സർക്കാറിൽ ഉണ്ടായിട്ടില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കാണ് പ്രഥമ പരിഗണന. എന്നാൽ, മന്ത്രി അഹമ്മദ് ദേവർകോവിലിെൻറ വകുപ്പുമായി എൻഡോസൾഫാൻ സെല്ലിലെ വകുപ്പുകൾക്കൊന്നും ബന്ധമില്ല.
റവന്യൂ വകുപ്പിനുകീഴിലാണ് സെൽ പ്രവർത്തിക്കുന്നത്. എന്നാൽ, മന്ത്രി കെ. രാജൻ ജില്ലയിൽ നിന്ന് വളരെ ദൂരെയാണ്. തദ്ദേശം, റവന്യൂ, കൃഷി, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളാണ് എൻഡോസൾഫാൻ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ സാധ്യത കൽപിക്കുന്നത് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനാണ്. എൻഡോസൾഫാൻ വിഷയത്തിൽ പ്രക്ഷോഭം നിലനിർത്തുന്നത് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയാണ്. അവരെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കാൻ കഴിഞ്ഞതവണ ശ്രമിച്ചിരുന്നു. മുന്നണിപ്പോരാളിയായ അമ്പലത്തറ കുഞ്ഞികൃഷ്ണനെ കഴിഞ്ഞതവണ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത്തവണ ഗ്രാമപഞ്ചായത്തുകളോട് സന്നദ്ധ സംഘടനകളുടെ പേര് നൽകാനാവശ്യപ്പെട്ടിട്ടുണ്ട്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ ആസ്ഥാനമായി സർക്കാർ പറയുന്നത് പുല്ലൂർ പെരിയ പഞ്ചായത്തിനു കീഴിലുള്ള അമ്പലത്തറയാണ്. പുല്ലൂർ പെരിയ പഞ്ചായത്ത്, പീഡിത മുന്നണിയുടെ പേരുനൽകിയാൽ മാത്രമേ ഇത്തവണ അവരുടെ പ്രതിനിധി കമ്മിറ്റിയിലുണ്ടാകൂ. 75 പേരാണ് കമ്മിറ്റിയിലുണ്ടാവുക. സെല്ലിനെ നിർവീര്യമാക്കുകയെന്ന തന്ത്രം സർക്കാറിനുണ്ട്. സെല്ലിനെ സ്വന്തം നിലയിൽ പ്രവർത്തിക്കാൻ വിട്ടുകൊടുത്ത് സർക്കാറിെൻറ നിയന്ത്രണത്തിൽ വരുന്ന സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
എൻഡോസൾഫാൻ പുതിയ ഇരകളെ കണ്ടെത്തുന്നതിന് മെഡിക്കൽ ക്യാമ്പ്, പഴയ പട്ടികയിലുള്ളവർക്ക് സുപ്രീം കോടതി വിധിപ്രകാരമുള്ള നഷ്ടപരിഹാരം, ചികിത്സ പദ്ധതികൾ തുടങ്ങി നിരവധി ആശ്വാസ പദ്ധതികൾ പാതിവഴിയിലായിരിക്കെയാണ് സെല്ലും നാഥനില്ലാതെ നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.