ഡീസലില്ല; ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് മുടങ്ങി
text_fieldsകാസർകോട്: ഡീസൽ ലഭിക്കാത്തതിനെ തുടർന്ന് ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ വീണ്ടും മുടങ്ങി. പമ്പുടമക്ക് ലക്ഷങ്ങളുടെ കുടിശ്ശിക നൽകാനുള്ളതോടെ ഡീസൽ അടിക്കാൻ വിസ്സമ്മതിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. അന്തർസംസ്ഥാന സർവിസ് ഉൾപ്പെടെ നിർത്തിവെക്കേണ്ടിവന്നതോടെ യാത്രക്കാർ പെരുവഴിയിലായി.
കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലെ 30ഓളം സർവിസുകളാണ് ഇന്ധനമില്ലാത്തതിന്റെ പേരിൽ റദ്ദാക്കേണ്ടിവന്നത്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ജില്ലയിൽ ഡീസൽ ഇല്ലാത്തതിന്റെ പേരിൽ ഓട്ടം നിലക്കുന്നത്.
97 സർവിസുകളുള്ള കാസർകോട് ഡിപ്പോയിൽ അന്തർസംസ്ഥാന സർവിസുകളും മുടങ്ങിയത് വരുമാന നഷ്ടത്തിനും കാരണമായി. ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് അന്തർസംസ്ഥാന റൂട്ടിലാണ്. മംഗളൂരു, സുള്ള്യ, പുത്തൂർ തുടങ്ങിയ അന്തർസംസ്ഥാന സർവിസുകളാണ് ചൊവ്വാഴ്ച തടസ്സപ്പെട്ടത്. അതേസമയം, കേരള ബസുകൾ മുടങ്ങിയത് കർണാടക ട്രാൻസ്പോർട്ട് ബസുകൾക്ക് ചാകരയായി.
കാസർകോട് - കാഞ്ഞങ്ങാട് ദേശസാത്കൃത റൂട്ടിലും സർവിസുകൾ റദ്ദാക്കേണ്ടിവന്നു. ചട്ടഞ്ചാൽ, പൊയിനാച്ചി, പാലക്കുന്ന് സർവിസുകളും മുടങ്ങിയതിനാൽ യാത്രക്കാർ ദുരിതത്തിലായി.
കെ.എസ്.ആർ.ടി.സിക്ക് ഡീസൽ നൽകുന്ന കറന്തക്കാട്ടെ പെട്രോൾ പമ്പ് ഉടമക്ക് അമ്പത് ലക്ഷത്തോളം രൂപ ഡിപ്പോ അധികൃതർ കുടിശ്ശിക ഇനത്തിൽ നൽകാനുണ്ട്.
കുടിശ്ശിക തീർക്കാത്തതിനെ തുടർന്ന് പമ്പ് ഉടമ ഡീസൽ നൽകാൻ തയാറായില്ല. കുടിശ്ശികയുടെ പേരിൽ രണ്ടുമാസം മുമ്പും ഇന്ധനം നൽകുന്നത് പമ്പുടമ തടഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി അധികൃതരുടെ ഉറപ്പിൽ വീണ്ടും ഡീസൽ നൽകുകയായിരുന്നു. ബസോട്ടം നിർത്തിവെച്ചതിനെ ചൊല്ലി യാത്രക്കാരും കെ.എസ്.ആർ.ടി.സി അധികൃതരും തമ്മിൽ വാക്കേറ്റങ്ങൾക്ക് ഇടയാക്കി. രാത്രി വൈകിയും യാത്രക്കാർ ഓഫിസിലെത്തി ബഹളംവെച്ചു. ഉച്ചക്കുമുമ്പ് ഇടവിട്ട സർവിസുകളാണ് റദ്ദാക്കിയത്. വൈകീട്ടോടെ കൂടുതൽ സർവിസുകൾ നിർത്തിവെക്കേണ്ടിവന്നു.
ബുധനാഴ്ചയും ഇന്ധനം ലഭിച്ചില്ലെങ്കിൽ വീണ്ടും സർവിസ് നടത്താൻ പറ്റാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.