വൈദ്യുതിത്തൂണിൽ ഇനി വലിഞ്ഞുകയറേണ്ട; എത്തി സ്കൈ ലിഫ്റ്റ്
text_fieldsകാഞ്ഞങ്ങാട്: അറ്റകുറ്റപ്പണിക്കായി കെ.എസ്.ഇ.ബി ജീവനക്കാർ ഇനി ഏണി ഉപയോഗിച്ച് പോസ്റ്റിൽ കയറേണ്ട. ജോലിചെയ്യാൻ കൂടുതൽ കാര്യക്ഷമതയും സുരക്ഷിതത്വവും നൽകുന്ന ‘സ്കൈ ലിഫ്റ്റ്’ എന്ന പുതിയ സംവിധാനം ജില്ലയിലുമെത്തി. ഇത് ഉപയോഗിച്ച് വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപ്പണി പോസ്റ്റുകളിൽ കയറാതെ ചെയ്യാം.
ജില്ലയിൽ ഒരു ലിഫ്റ്റാണ് ഉപയോഗിച്ചുതുടങ്ങിയത്. പ്രത്യേക വാഹനത്തിലാണ് സ്കൈ ലിഫ്റ്റ് ഘടിപ്പിച്ചിട്ടുള്ളത്. മുകളിലുള്ള ബക്കറ്റ് പോലെയുള്ള ഭാഗത്ത് മൂന്നുപേർക്ക് സുരക്ഷിതമായിനിന്ന് ജോലി ചെയ്യാം.
ലൈനിന്റെ അറ്റകുറ്റപ്പണിക്കും മരച്ചില്ലകൾ വെട്ടിമാറ്റാനും ഇത് ഉപയോഗിക്കാം. 18 മീറ്റർ ഉയരത്തിൽ വരെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാകും. ചിത്താരി സെക്ഷനിൽ ഇത് ഉപയോഗിച്ച് ഇന്നലെ ജോലിചെയ്തു. കൂടുതൽ എണ്ണം എത്തുന്നതോടെ വർധിച്ചുവരുന്ന വൈദ്യുതി ലൈനിലെ തകരാറുകൾ എളുപ്പത്തിൽ പരിഹരിക്കാനാകുമെന്നാണ് ജീവനക്കാർ കരുതുന്നത്.
പോസ്റ്റുകൾ കയറിയുള്ള ജോലിക്കിടെ ഷോക്കേൽക്കുകയും മരണങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്കൈ ലിഫ്റ്റ് ഇതിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ ചില ജില്ലകളിൽ അടുത്തിടെ ഈ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.