ഗ്രൂപ് കളി രൂക്ഷം: കാസർകോട് ജില്ലയിൽ കെ.എസ്.യുവിന് നാഥനില്ലാതെ രണ്ടുവർഷം
text_fieldsകാഞ്ഞങ്ങാട്: പെരിയയിലെ ശരത് ലാല്‍, കൃപേഷ് ഫണ്ട് വിവാദത്തെ തുടര്‍ന്ന് കെ.എസ്.യുവില്‍ നിന്ന് മുൻ ജില്ല പ്രസിഡൻറ് നോയൽ ടോം ജോസഫിനെ പുറത്താക്കിയതിനുശേഷം രണ്ടു വർഷത്തിനടുത്തായി കെ.എസ്.യു ജില്ല കമ്മിറ്റിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥയാണ്.
നോയല്‍ ടോം ജോസഫ് ഇപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. നേരേത്ത പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജില്ലയിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2017ൽ ഏപ്രിൽ 10നാണ് അവസാനമായി നോയൽ ടോം ജോസഫ് അധ്യക്ഷനായി കെ.എസ്.യു ജില്ല കമ്മിറ്റി നിലവിൽവരുന്നത്.
2019ൽ ജില്ല അധ്യക്ഷനെ പുറത്താക്കിയതോടെ പുതിയ അധ്യക്ഷനെ കണ്ടെത്തിയിട്ടില്ല. നവനീത് ചന്ദ്രൻ, നിഖിൽ എന്നിവർ വൈസ് പ്രസിഡൻറും ജനറൽ സെക്രട്ടറിമാരായി രഞ്ജിത രാജീവും ശ്രീരാജ് കല്ലിയോട്ടും സെക്രട്ടറിമാരായി മാർട്ടിനും ഹർഷിക് ഭട്ടുമായിരുന്നു കമ്മിറ്റിയിലുണ്ടായിരുന്നത്. കമ്മിറ്റിയിലെ ഭൂരിഭാഗം ഭാരവാഹികളും നിർജീവമായ അവസ്ഥയിലാണ്.
ചിലർ തൊഴിലാവശ്യത്തിനും മറ്റും ഗൾഫ് നാടുകളിലും ഇതര സംസ്ഥാനങ്ങളിലുമാണ്. ജില്ലയിലെ 5 ബ്ലോക്ക് കമ്മിറ്റികളിൽ നീലേശ്വരം ബ്ലോക്കൊഴികെ ബാക്കിയെല്ലാം നിർജീവമായ അവസ്ഥയിലാണ്. ഭാരവാഹികളല്ലാത്തയാളുകളെ പിടിച്ച് ഭാരവാഹികളാക്കാൻ ശ്രമിക്കുന്നുവെന്നാണ് ചിലരുടെ ആരോപണം. മുൻ ഡി.സി.സി പ്രസിഡൻറിെൻറയും കെ.എസ്.യു സംസ്ഥാന അധ്യക്ഷെൻറയും പിടിപ്പുകേടാണിപ്പോൾ അധ്യക്ഷനില്ലാത്ത അവസ്ഥയിലേക്കെത്തിയതെന്നാണ് ഒരു കൂട്ടരുടെ വാദം.
2018-19 അധ്യയന വർഷത്തിൽ ഒരു കാമ്പസിൽ പോലും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കെ.എസ്.യുവിന് കഴിഞ്ഞിരുന്നില്ല. കൊറോണക്കു മുമ്പ് വെള്ളരിക്കുണ്ട് സെൻറ് ജൂഡിൽ മാത്രമായിരുന്നു കെ.എസ്.യു ഭരിച്ചിരുന്നത്. പെരിയ അംബേദ്കറിൽ യു.ഡി.എസ്.എഫ് സഖ്യത്തിലായിരുന്നു.
പുതിയ ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ ചാർജെടുത്തിട്ടും കെ.എസ്.യുവിന് പുതിയ അധ്യക്ഷനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസത്തോടെ കോളജുകളെല്ലാം ആരംഭിച്ചുവെങ്കിലും കാമ്പസുകളിലും കെ.എസ്.യു സജീവമല്ലാത്ത നിലയിലാണ്. കോളജിലെ പല കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.ഐ അല്ലെങ്കിൽ എ.ബി.വി.പിയിലേക്ക് ചേക്കേറിപ്പോകുന്ന അവസ്ഥയാണ്.
കെ.എസ്.യു അധ്യക്ഷനായിരുന്ന സമയത്ത് 'ടോസിടാന്‍ പോലും പ്രസിഡൻറ് ഒരു രൂപ തന്നിട്ടുണ്ടാകില്ല, ഇത്തരക്കാരെ കാണുമ്പോഴാണ് പിടിച്ച് കിണറ്റിലിടാന്‍ തോന്നുന്നത് 'എന്നു തുടങ്ങുന്ന പരാമര്‍ശങ്ങള്‍ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത് നോയല്‍ ഡി.സി.സി പ്രസിഡൻറിനെതിരെ അങ്കത്തിനിറങ്ങിയത് വൻ വിവാദമായിരുന്നു.
പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് -കൃപേഷ് കുടുംബ സഹായ ഫണ്ടിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ പിരിച്ച തുക കുടുംബത്തിനോ കെ.എസ്.യു സംസ്ഥാന കമ്മിറ്റിക്കോ കൈമാറിയില്ലെന്നു കാട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നോയലിനെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് ജില്ലയിലെ കെ.എസ്.യു പ്രവര്‍ത്തകരുടെ അവകാശവാദം. ശരത് ലാൽ- കൃപേഷ് എന്നിവരുടെ പേരുപറഞ്ഞ് പൈസ പിരിച്ച് സംസ്ഥാന കമ്മിറ്റിയെ ഏൽപിച്ചില്ലെന്നത് കെട്ടിച്ചമച്ച കഥയാണെന്ന് നോയൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.