ഇരുട്ടിൽ തപ്പി.. ബേക്കൽ റെയിൽവേ മേൽപാലം മുതൽ കോട്ടക്കുന്ന് ബസ് സ്റ്റോപ് വരെ തെരുവുവിളക്കില്ല
text_fieldsബേക്കൽ: ബേക്കൽ ബീച്ച് പാർക്കിന്റെ സന്ദർശകസമയം ഒമ്പതുവരെയായി നീട്ടിയതിനുശേഷം മിക്ക സഞ്ചാരികളും പാർക്കിൽനിന്ന് പോകുന്നത് സന്ധ്യ കഴിഞ്ഞാണ്. എന്നാൽ, ബേക്കൽ റെയിൽവേ ഓവർ ബ്രിഡ്ജ് മുതൽ കോട്ടക്കുന്ന് ബസ് സ്റ്റോപ് വരെ തെരുവുവിളക്കില്ലാത്തതിനാൽ സഞ്ചാരികൾ ഇരുട്ടിൽ തപ്പിത്തടഞ്ഞാണ് യാത്ര ചെയ്യുന്നത്.
റെയിൽവേ മേൽപാലത്തിനടുത്ത് ബി.ആർ.ഡി.സി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് കത്താതായിട്ട് മാസങ്ങളായി. പള്ളിക്കര പഞ്ചായത്താണ് ഇതിന്റെ ബിൽ അടക്കുന്നത്. ഓഫിസിന് മുന്നിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ശരിയാക്കാനോ തെരുവുവിളക്ക് സ്ഥാപിക്കാനോ ബേക്കലിന്റെ ടൂറിസം വികസനത്തിനായി രൂപവത്കരിച്ച ബി.ആർ.ഡി.സിയിൽനിന്ന് നടപടിയുണ്ടായിട്ടില്ല. പള്ളിക്കര പഞ്ചായത്തിൽപെടുന്ന ഈഭാഗത്ത് പഞ്ചായത്തിന്റെ ഒരു തെരുവുവിളക്കുപോലുമില്ല. സർക്കാറിന്റെ ‘നിലാവ് ’പദ്ധതിയിൽപെടുത്തി തെരുവുവിളക്ക് കത്തിക്കാൻ പഞ്ചായത്ത് താൽപര്യപ്പെടുന്നുമില്ല. ബേക്കൽ റെയിൽവേ മേൽപാലത്തിന് മുകളിൽ പള്ളിക്കര പഞ്ചായത്ത് മുൻകൈയെടുത്ത് സ്വകാര്യ കമ്പനി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
ബേക്കൽ ബീച്ച് മുതൽ റെയിൽവേ മേൽപാലം വരെ ബി.ആർ.ഡി.സി മുൻകൈയെടുത്ത് സ്ഥാപിച്ച ലൈറ്റുകൾ ബീച്ച് പാർക്കിലെ പുതിയ ട്രാൻസ്ഫോർമർ കണക്ഷൻ നൽകുന്നതോടെ കത്തിത്തുടങ്ങും.
അതേസമയം, ബേക്കൽ റെയിൽവേ മേൽപാലം മുതൽ തെരുവുവിളക്ക് ആര് സ്ഥാപിക്കുമെന്നാണ് ജനങ്ങളുടെ സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.