കാസർകോട്ടെ കുട്ടികളോട് കർണാടക ബസുകൾ കാണിക്കുന്ന ഔദാര്യംപോലും നിഷേധിച്ച് കെ.എസ്.ആർ.ടി.സി
text_fieldsകാസർകോട്ടെ ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിദിനം കർണാടകയിലേക്ക് കടക്കുന്നത്. നാടു കാണാനോ ഷോപ്പിങ്ങിനോ അല്ല ഈ യാത്ര. പഠനാവശ്യം മാത്രം. ജില്ലയിലെ പഠനസൗകര്യങ്ങളുടെ അപര്യാപ്തതയാണ് അതിർത്തി കടക്കാൻ ഇവരെ നിർബന്ധിതമാക്കുന്നത്.
ദേശസാത്കൃത റൂട്ടായതിനാൽ മംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി ബസ് മാത്രമാണ് ആശ്രയം. എന്നാൽ, കേരളത്തിലെ എല്ലാ കുട്ടികൾക്കും കിട്ടുന്ന യാത്രാസൗജന്യം ഇവർക്കില്ല. അന്തർസംസ്ഥാന റൂട്ടുകളിൽ യാത്രാസൗജന്യം നൽകാത്തതാണ് പ്രശ്നം. ദിവസം 200 രൂപ വരെയാണ് കുട്ടികൾക്ക് യാത്രായിനത്തിൽ മാത്രം ചെലവ്. ഒന്നുകിൽ കാസർകോട്ട് പഠനസൗകര്യമൊരുക്കണം അല്ലെങ്കിൽ യാത്രഇളവ് വേണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കാസർകോട്ടെ കുട്ടികൾക്ക് കർണാടക ബസിൽ യാത്ര ഇളവ് നൽകുേമ്പാഴാണ് കേരള സർക്കാറിെൻറ ഈനിലപാട് എന്നതാണ് ഏറെ ആശ്ചര്യകരം. ഇളവ് തരുന്നില്ലെങ്കിൽ കർണാടക ബസുകളുടെ സമയക്രമമെങ്കിലും ക്രമീകരിച്ചു കൂടേയെന്നാണ് വിദ്യാർഥികളുടെ ചോദ്യം. പരിശോധിക്കാമെന്ന് നിയമസഭയിൽ ഗതാഗത മന്ത്രി ആൻറണി രാജു ഉറപ്പുനൽകിയതോടെ കാസർകോട്ടെ യാത്രാപ്രശ്നം വീണ്ടും ചർച്ചയാവുകയാണ്.
എം.എൽ.എ ചോദിച്ചതും മന്ത്രി പറഞ്ഞതും
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫാണ് അതിർത്തിയിലെ യാത്രാപ്രശ്നം നിയമസഭയിൽ ഉന്നയിച്ചത്. മംഗളൂരു യാത്രക്ക് കെ.എസ്.ആർ.ടി.സിയിൽ ഇളവ് വേണമെന്ന് ചോദിച്ചിട്ട് കാര്യമില്ലെന്നതിനാൽ ചോദ്യം ഒന്നുമാറ്റി പിടിച്ചു. കേരള ട്രാൻസ്പോർട്ട് ബസിൽ സൗജന്യമില്ലെങ്കിൽ സ്കൂൾ-കോളജുകളിലേക്കു പോകാനും വരാനും പറ്റുന്ന വിധം കർണാടക ട്രാൻസ്പോർട്ട് ബസുകളുടെ സമയം ഒന്ന് മാറ്റിത്തരാൻ പറ്റുമോയെന്നാണ് എം.എൽ.എ ചോദിച്ചത്.
ഗതാഗത മന്ത്രിയുടെ പതിവ് മറുപടിയെത്തി. അന്തർസംസ്ഥാന യാത്രക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ ഇതുവരെ യാത്രാഇളവ് നൽകിയിട്ടില്ല. ബസുകളുടെ സമയമാറ്റമെന്ന ആശയം നല്ലതാണെന്നും പഠിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി തുടർന്നു. വിശദമായ റിപ്പോർട്ട് തയാറാക്കി വരുകയാണെന്നും മന്ത്രിക്ക് ഉടൻ സമർപ്പിക്കുമെന്നും എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു.
വിദ്യാർഥികൾ ചോദിക്കുന്നു വല്ലതും നടക്കുമോ?
അന്തർസംസ്ഥാന റൂട്ടുകളിൽ വിദ്യാർഥികൾക്ക് യാത്ര ഇളവു നൽകാൻ നിലവിൽ നിയമമില്ല. എന്തെല്ലാം നിയമങ്ങൾ മാറ്റുന്നുണ്ട്. ഭേദഗതി വരുത്തുന്നുണ്ട്. തലസ്ഥാന നഗരിയിലെ ഒരാൾക്ക് കന്യാകുമാരിയിൽ പഠനാവശ്യത്തിന് പോവേണ്ട ആവശ്യമില്ല. കാരണം, തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ യഥേഷ്ടമുണ്ട്. അതുപോലെ, കാസർകോടിനെ കാണരുതെന്നാണ് വിദ്യാർഥികൾ പറയുന്നത്.
കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ ഒരൊറ്റ പോളിടെക്നിക് കോളജുപോലുമില്ല. പ്ലസ്ടു കഴിഞ്ഞ ഏഴായിരം പേർക്കെങ്കിലും ജില്ലയിൽ ഉപരിപഠന സൗകര്യമില്ല. കേരളത്തിൽ ഏറ്റവും കുറച്ച് കോളജുകൾ ഉള്ള ജില്ലയും കാസർകോട് ആണ്. ഇക്കാരണത്താലാണ് മംഗളൂരുവിലേക്ക് കുട്ടികൾ പോകുന്നത്. ദേശസാത്കൃത റൂട്ടായതിനാൽ കെ.എസ്.ആർ.ടി.സി തന്നെയാണ് ഏക ആശ്രയം. 50 കി.മി വരെ എല്ലാ ദിവസവും യാത്ര ചെയ്യുന്നവർക്ക് ഇളവ് എന്ന നിലക്ക് അന്തർസംസ്ഥാന റൂട്ടിലെ നിയമം ഭേദഗതി വരുത്താമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
ഇളവു വേണ്ട, പാര വെക്കാതിരുന്നാൽ മതി
കേരള ബസുകളിൽ ഇളവ് ഇല്ലെങ്കിൽ അത് നൽകുന്ന കർണാടക ബസുകളിൽ കുട്ടികൾക്ക് കയറാവുന്ന വിധം സമയക്രമം മാറ്റണമെന്നാണ് ആവശ്യം. കർണാടക ബസുകളിൽ ഇളവുണ്ടെങ്കിലും കുട്ടികൾക്ക് ഉപകാരപ്രദമായ സമയത്തല്ല അവ ഓടുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് അധികൃതർ തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഇടവിട്ടാണ് സർവിസ്. രാവിലെ ഏഴിനും എട്ടിനും വൈകീട്ട് നാലിനും അഞ്ചിനും കർണാടക ബസുകൾ ഓടിയാൽ പ്രശ്നപരിഹാരമാകും.
അതിർത്തി താലൂക്കുകളിൽ താമസിക്കുന്ന കുട്ടിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കേരളത്തിലെ കുട്ടികൾക്കും ഇളവ് നൽകുന്നുണ്ട് കർണാടക. തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റാണ് വേണ്ടത്. ഗടിനാട് കന്നടിഗ (അതിര്‍ത്തിയില്‍ താമസമുള്ള കന്നടക്കാര്) എന്ന വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ഈ ആനുകൂല്യം. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് ചാർജ് സൗജന്യമാണ്. എന്നാല്‍, പ്രോസസിങ് ഫീസ് 130 രൂപ അടക്കണം.
എട്ടു മുതല്‍ 10 വരെ - ആണ്‍കുട്ടികള്‍ 730, പെണ്‍കുട്ടികള്‍ 430. പി.യു.സി, ആര്‍ട്സ് ആൻഡ് സയന്‍സ് ഡിഗ്രി 1030, സായാഹ്ന കോഴ്സ്, പി.എച്ച്ഡി1330, ഐ.ടി.ഐ 1290, പ്രഫഷനല്‍ ഡിഗ്രി 1530 എന്നിങ്ങനെയാണ് മുൻവർഷത്തെ കർണാടക നിരക്ക്. ഇതിനു പകരമായി 25ദിവസത്തെ ടിക്കറ്റ് തുക മുൻകൂറായി അടച്ചാലുള്ള പാക്കേജാണ് കേരള ട്രാൻസ്പോർട്ട് ബസ് ഏർപ്പെടുത്തിയത്. ഇത്രയും തുക ഒന്നിച്ചടക്കുന്നതിനേക്കാൾ ഗുണം അന്നന്ന് ടിക്കറ്റ് എടുക്കുന്നതായതിനാൽ ഈ പാക്കേജ് കുട്ടികൾ തള്ളി.
തീരുമാനമെടുക്കേണ്ടത് സർക്കാർ –എ.ടി.ഒ
കെ.എസ്.ആർ.ടി.സിയിൽ യാത്രാ ഇളവ് അനുവദിക്കേണ്ട വിഷയത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. അസി. ട്രാൻസ്പോർട്ട് ഓഫിസറുടെ അധികാര പരിധിയിൽ വരുന്നതല്ല ഇത്. അന്തർ സംസ്ഥാന യാത്രക്ക് നിലവിൽ വിദ്യാർഥികൾക്ക് യാത്രാസൗജന്യമില്ല. ബസുകളുടെ സമയക്രമം ക്രമീകരിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കുന്നതിന് പരിമിതികളുണ്ട്.
വിദ്യാർഥി സംഘടനകൾക്ക് പറയാനുള്ളത്...
ന്യായമായ ആവശ്യം –എസ്.എഫ്.ഐ
എല്ലാദിവസവും നിശ്ചിത ദൂരത്തിൽ യാത്ര നടത്തുന്നവർക്ക് അന്തർസംസ്ഥാന യാത്രായിളവ് എന്ന നിലക്ക് നിയമഭേദഗതി വരുത്തണം. ഈ വിഷയത്തിൽ പലതവണ സമരപരിപാടികൾ നടത്തിയിട്ടുണ്ട്. കലക്ടർ വിളിച്ചയോഗത്തിലും ഇളവ് ആവശ്യപ്പെട്ടു. തീരുമാനമാവും വരെ സമരം തുടരും.
നിഷേധാത്മക നിലപാട് –എം.എസ്.എഫ്
അതിർത്തിജില്ലകളിലെ വിദ്യാർഥികൾക്ക് അനിവാര്യമായ യാത്രയാണിത്. ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണ് സർക്കാർ. വിദ്യാലയങ്ങൾ തുറന്നതുമുതൽ യാത്രാപ്രശ്നവും വർധിച്ചു. ചില സ്വകാര്യ ബസുകൾ കോവിഡാനന്തര നഷ്ടം പറഞ്ഞ് കൺസെഷൻ നിഷേധിക്കുന്നു. അടിയന്തര ഇടപെടൽ വേണം.
ജില്ലയിൽ പഠനസൗകര്യമില്ല –കെ.എസ്.യു
ജില്ലയിൽ ഉപരിപഠനസൗകര്യമില്ലാത്തതിനാലാണ് മംഗളൂരുവിനെ ആശ്രയിക്കേണ്ടി വരുന്നത്. കാലങ്ങളായി കെ.എസ്.ആർ.ടി.സി യാത്ര ഇളവ് ആവശ്യപ്പെടുന്നു. സാങ്കേതികത്വം പറഞ്ഞ് നിഷേധിക്കുന്നു. പാവപ്പെട്ട കുട്ടികളുടെ കാര്യം സർക്കാർ പരിഗണിക്കുന്നേയില്ല. അത് ശരിയായ നിലപാടല്ല.
നീതി നിഷേധം –എ.ഐ.എസ്.എഫ്
മംഗളൂരുവിലേക്ക് ഉൾപ്പെടെ ഫുൾ ടിക്കറ്റ് കൊടുത്താണ് വിദ്യാർഥികളുടെ യാത്ര. ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ നിലപാട് നീതി നിഷേധവും പ്രതിഷേധാർഹവുമാണ്. വർഷങ്ങളായി ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. പാസ്സ് അനുവദിച്ചില്ലെങ്കിൽ സമരം ശക്തമാക്കും.
നിലപാട് തിരുത്തണം –ഫ്രറ്റേണിറ്റി
കാസർകോടിെൻറ സവിശേഷ സാഹചര്യം പരിഗണിച്ച് അന്തർസംസ്ഥാന യാത്ര വിഷയത്തിൽ കെ.എസ്.ആർ.ടി.സിയുടെ നിലപാട് തിരുത്തണം. വേണ്ടത്ര പഠനസൗകര്യമില്ലാത്ത ഒരു ജനതയുടെ ആവശ്യമാണ്. പുറംകാൽ കൊണ്ടത് തട്ടിമാറ്റരുത്. വിഷയത്തിൽ എല്ലാവരും ഇടപെടണം.
തികഞ്ഞ അവഗണന –എ.ബി.വി.പി
കെ.എസ്.ആർ.ടി.സിയിൽ വിദ്യാർഥികൾക്ക് യാത്ര ഇളവ് അനുവദിക്കാത്തത് തികഞ്ഞ അവഗണനയാണ്. 1500ഓളം രൂപക്ക് ഒരു വർഷം കർണാടക ആർ.ടി.സിയിൽ യാത്ര ചെയ്യാമെന്നിരിക്കെ കേരള നിലപാട് അംഗീകരിക്കാനാവില്ല. പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടാകുന്നില്ല. സമരവുമായി മുന്നോട്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.