വരൂ; സ്വാതന്ത്ര്യദിനത്തിൽ ജനകീയ ബസിൽ പത്തുരൂപക്ക് യാത്ര ചെയ്യാം
text_fieldsനീലേശ്വരം: എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേരാന്‍ പത്തുരൂപക്ക് ബസ് യാത്രയൊരുക്കി കാലിച്ചാനടുക്കം ജനകീയ ബസ്. ആഗസ്റ്റ് 15ന് കാലിച്ചാനടുക്കത്തു നിന്നും കാഞ്ഞങ്ങാട്ടേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളിലും യാത്രക്കാരോട് മിനിമം ചാര്‍ജായ പത്തുരൂപ മാത്രമേ വാങ്ങുകയുള്ളു. കാലിച്ചാനടുക്കം മുതല്‍ കാഞ്ഞങ്ങാട് വരെ എവിടെനിന്നും എവിടേക്ക് കയറിയാലും പത്തുരൂപ ടിക്കറ്റ് ചാര്‍ജ്. പുതുക്കിയ ബസ് ചാര്‍ജ് പ്രകാരം 38 രൂപയാണ് കാലിച്ചാനടുക്കത്തുനിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ടിക്കറ്റ് നിരക്ക്.
സ്വകാര്യ ബസ് വ്യവസായം കനത്ത നഷ്ടത്തെ അഭിമുഖീകരിക്കുമ്പോഴും പൊതുഗതാഗത സംവിധാനത്തിന്റെ സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിയാണ് സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ നിരക്കില്‍ യാത്ര ഒരുക്കുന്നതെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. നേരത്തേ ബസ് ചാര്‍ജ് കൂട്ടിയപ്പോഴും ദീര്‍ഘകാലം പഴയ നിരക്കില്‍ തന്നെ സര്‍വിസ് നടത്തിയിരുന്നു. ഡീസല്‍ വില വര്‍ധന മൂലം നടത്തിപ്പുതന്നെ പ്രതിസന്ധിയിലായപ്പോഴാണ് നിരക്ക് വർധിപ്പിച്ചത്.
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ ജില്ലയിലെ മിക്ക ജനകീയ ബസ് സംരംഭങ്ങളും ഓട്ടം നിര്‍ത്തേണ്ടിവന്നിട്ടും ദശകങ്ങളായി ജനകീയ ബസ് ഓടിക്കൊണ്ടിരിക്കുകയാണ്.
ടോം വടക്കുംമൂല- പ്രസിഡന്റ്, കെ.കുഞ്ഞിക്കൊട്ടന്‍-വൈസ് പ്രസിഡന്റ്, അഡ്വ.സി.ദാമോദരന്‍ - സെക്രട്ടറി, ബേബി പുതുപ്പറമ്പില്‍ - ജോയന്റ് സെക്രട്ടറി, എം.അനീഷ്‌കുമാര്‍ - ട്രഷറര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇപ്പോള്‍ സമിതിയെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.