ജില്ലയില്‍ ഒരുക്കുന്നത് 3.36 ലക്ഷം ഓണക്കിറ്റുകള്‍
text_fieldsകാസർകോട്: ഓണക്കിറ്റിനായി ജില്ലയില്‍ ഒരുക്കുന്നത് 3,36,324 കിറ്റുകള്‍. ജില്ലയില്‍ പൊതുവിതരണ വകുപ്പിന്റെ ഗോഡൗണുകളിലാണ് കിറ്റുകള്‍ തയാറാക്കുന്നത്. ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും പ്രത്യേകം തീയതികള്‍ നിശ്ചയിച്ചാണ് റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം.
ആദ്യഘട്ടത്തില്‍ വിതരണം ചെയ്യേണ്ട കിറ്റുകള്‍ റേഷന്‍ കടകളിലേക്കെത്തിച്ചു കഴിഞ്ഞുവെന്നും നിശ്ചിത തീയതിക്കുള്ളില്‍ കിറ്റുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കായി സെപ്റ്റംബര്‍ നാല് മുതല്‍ ഏഴുവരെയും വിതരണം നടത്തുമെന്നും ജില്ല സപ്ലൈ ഓഫിസര്‍ എൻ.ജെ. ഷാജിമോന്‍ അറിയിച്ചു. ഓണത്തിന് ശേഷം കിറ്റുകള്‍ ലഭ്യമാകില്ല.
ക്ഷേമ സ്ഥാപനങ്ങള്‍, അഗതി മന്ദിരങ്ങള്‍, കോൺവന്റുകള്‍ എന്നിവിടങ്ങളിലേക്കും കിറ്റുകള്‍ നല്‍കുന്നുണ്ട്. നാല് അന്തേവാസികള്‍ക്ക് ഒന്ന് വീതം 527 കിറ്റുകള്‍ പ്രത്യേകമായും വിതരണം ചെയ്യും. തുണിസഞ്ചിയുള്‍പ്പെടെ 14 ആവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ ജില്ലയിലെ 383 റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
ആഗസ്റ്റ് 23, 24 തീയതികളില്‍ 31015 മഞ്ഞ കാര്‍ഡ്(എ.എ.വൈ) ഉടമകള്‍ക്കാണ് കിറ്റ് വിതരണം. 25 മുതല്‍ 27 വരെ 114012 പിങ്ക് കാര്‍ഡുടമകള്‍ക്കും(പി.എച്ച്.എച്ച്), 29 മുതല്‍ 31 വരെ 98667 നീല കാര്‍ഡ് ഉടമകള്‍ക്കും (എന്‍.പി.എസ്) കിറ്റുകള്‍ ലഭ്യമാകും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ 92456 വെള്ള കാര്‍ഡുടമകള്‍ക്കും(എന്‍.പി.എന്‍.എസ്) കിറ്റുകള്‍ റേഷന്‍ കടകളില്‍നിന്ന് വാങ്ങാം.
സൗജന്യ ഓണക്കിറ്റ് വിതരണമാരംഭിച്ചു
കാസർകോട്: ഓണത്തോടനുബന്ധിച്ച് റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ജില്ല പഞ്ചായത്ത് അംഗം എം. മനു, ചെങ്കള പഞ്ചായത്ത് അംഗം പി. ഖദീജ എന്നിവര്‍ സംസാരിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ എൻ.ജെ. ഷാജിമോന്‍ സ്വാഗതവും സപ്ലൈകോ ഡിപ്പോ അസി.മാനേജര്‍ എം. ഗംഗാധര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.