രണ്ട് രോഗികൾക്ക് ഒരാശുപത്രി; ആരും കാണുന്നില്ലേ ഇത്?
text_fieldsകാസർകോട്: ആകെ രണ്ട് രോഗികൾ. ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരുമായി മുപ്പത് പേരും. ചട്ടഞ്ചാലിലെ ടാറ്റ ട്രസ്റ്റ് സർക്കാർ കോവിഡ് ആശുപത്രിയുടെ അവസ്ഥയാണിത്. കോവിഡ് രോഗികൾ കുറഞ്ഞതോടെയാണ് ഈ അവസ്ഥ.
ണിയൊന്നുമില്ലാതെ ഏതാനും ഡോക്ടർമാരും ജീവനക്കാരും നിൽക്കുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കുകയാണ് സർക്കാരും. ആശുപത്രി ജില്ലക്ക് നഷ്ടപ്പെടാതിരിക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ നിവേദനങ്ങൾ സർക്കാറിന്റെ കൈയിലുണ്ട്. പക്ഷേ, തീരുമാനമൊന്നും ഉണ്ടാകുന്നില്ല.
സ്‍പെഷാലിറ്റി ഡോക്ടർമാർ ഉൾപ്പടെ 191 പേർ ജോലി ചെയ്തിരുന്ന ആശുപത്രിയാണിത്. ഇതിൽ 160 പേരും ജില്ലക്കകത്തും പുറത്തുമായി സുരക്ഷിതയിടം തേടി പോയി. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയില്ലാത്ത ജില്ലയിലാണ് ഉള്ള ആശുപത്രി തന്നെ ഇല്ലാതാവുന്ന സാഹചര്യം. ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടന്നാൽ നശിക്കുമെന്നതും ആരും ഗൗനിക്കുന്നില്ല.
ടാറ്റ ട്രസ്റ്റ് ജില്ലക്ക് അനുവദിച്ച ആശുപത്രി കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോവിഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. കോവിഡ് കേസുകൾ എണ്ണം കുറഞ്ഞതോടെ മാസങ്ങളായി ഇവിടെ കാര്യമായി രോഗികളില്ല.
ഡോക്ടർമാരും നഴ്സുമാരും സാങ്കേതിക ജീവനക്കാരും ഉൾപ്പെടെ പലരും ഡെപ്യൂട്ടേഷനിൽ പലയിടത്തേക്കും സ്ഥലംമാറ്റം വാങ്ങിപ്പോയി. ശേഷിക്കുന്നവരും പോകാൻ അപേക്ഷ നൽകിയിരിക്കുകയാണ്.
രണ്ട് രോഗികൾ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. കുരങ്ങുപനി സംശയത്തിൽ വിദേശത്തുനിന്ന് എത്തിയ ഒരാളും വെന്റിലേറ്റർ സൗകര്യം വേണ്ടതിനാൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിയുമാണ് ഉള്ളത്. ജില്ലയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന ഒരേയൊരാൾ കൂടിയാണ് ഇയാൾ.
ആർ.എം.ഒ, മൂന്ന് ഡോക്ടർമാർ, ഏഴ് സ്റ്റാഫ് നഴ്സുമാർ, നാല് നഴ്സിങ് അസിസ്റ്റന്റുമാർ, അറ്റന്‍ഡർ -ആറ്, ലാബ് ടെക്നീഷ്യൻ- ഒന്ന്, എക്സ്റേ ടെക്നീഷ്യൻ- ഒന്ന്, ഓഫിസ് ജീവനക്കാർ- ആറ്, ഫാർമസി സ്റ്റോർ കീപ്പർ- ഒന്ന് എന്നിങ്ങനെയാണ് ടാറ്റ കോവിഡ് ആശുപത്രിയിലെ കണക്ക്. അസി. ഫോറൻസിക് സർജൻ ആഴ്ചകൾക്കു മുമ്പ് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാന്ത്വന ചികിത്സ കേന്ദ്രമായി ടാറ്റ ആശുപത്രി മാറ്റണമെന്ന നിർദേശവും സജീവമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് എൻഡോസൾഫാൻ ഇരകളുടേത് ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.