കാസർകോട് മെഡിക്കല്‍ കോളജില്‍ ഒ.പി പ്രവര്‍ത്തനം തുടങ്ങി
text_fieldsകാസർകോട്: കാസർകോട്ടുകാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമം. ഗവ. മെഡിക്കല്‍ കോളജ് വികസനത്തിലെ നാഴികക്കല്ലായി ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഒ.പി ഉദ്ഘാടനം ചെയ്തതോടെ ഉക്കിനടുക്കയില്‍ സഫലമാകുന്നത് നാട്ടുകാരുടെ ചിരകാല സ്വപ്നം.
രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ഒ.പി വിഭാഗം പ്രവര്‍ത്തിക്കുക. ജനറല്‍ മെഡിസിന്, പീഡിയാട്രിക്, ന്യൂറോളജി വിഭാഗങ്ങളുടെ സേവനം ജനങ്ങള്‍ക്ക് ലഭിക്കും. ആറുമാസത്തേക്കുള്ള മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. ഒ.പി വിഭാഗം പ്രവര്‍ത്തനം തുടങ്ങുന്നതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏറെക്കാലത്തെ ആവശ്യത്തിനും കൂടിയാണ് പരിഹാരമാകുന്നത്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്പെഷല്‍ ഓഫിസര്‍ ഡോ. റോയി, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. രാജേന്ദ്രന്, കാസർകോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.ബി. ആദര്‍ശ്, ഡി.പി.എം ഡോ. റിജിത്ത് കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജില്‍ ഘട്ടംഘട്ടമായി സ്പെഷാലിറ്റി സേവനങ്ങള്‍ -മന്ത്രി വീണ
കാസർകോട്: കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഘട്ടംഘട്ടമായി സ്പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഉക്കിനടുക്കയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ഔട്ട് പേഷ്യന്റ് വിഭാഗം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാസര്‍കോട് ജില്ലയില്‍ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച സംവിധാനമായി ഗവണ്മെന്റ് മെഡിക്കല്‍ കോളജിനെ ഉയര്‍ത്തിക്കൊണ്ടു വരുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് കാസര്‍കോട് മെഡിക്കല്‍ കോളജിനെ പൂര്‍ണതോതിലുള്ള മെഡിക്കല്‍ കോളജാക്കി മാറ്റും. ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ്, ന്യൂറോളജി എന്നീ ഒ.പി കളാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
അടുത്തഘട്ടത്തില്‍ ഫ്താല്മോളജി, ഇ.എന്‍.ടി, ഡെന്റൽ, സര്‍ജറി വിഭാഗങ്ങളിലും ഒ.പി വിഭാഗം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും വിദഗ്ധ ചികിത്സ ലഭ്യമാക്കലാണ് സര്‍ക്കാർ ലക്ഷ്യം. അതിനായി ഘട്ടംഘട്ടമായി മെഡിക്കല്‍ കോളജില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. 108 ആംബുലന്‍സിന്റെ സേവനം മെഡിക്കല്‍ കോളജില്‍ ലഭ്യമാക്കും. മെഡിക്കല്‍ കോളജിനടുത്ത് പൊലീസ് സ്റ്റേഷന് വേണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു. പൊലീസ് സാന്നിധ്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കും.
മെഡിക്കല്‍ കോളജിലെ കെട്ടിട നിര്‍മാണങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വിലയിരുത്തും. കൂട്ടായ ശ്രമത്തിലൂടെ കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.