ഓപറേഷന് ക്ലീന്‍: കാസര്‍കോട് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി
text_fieldsകാസർകോട്: ബംഗളൂരുവില്‍ നൈജീരിയക്കാരനില്‍ നിന്ന് പണം കൊടുത്ത് വാങ്ങിക്കൊണ്ടു വന്ന 300 ഗ്രാം എം.ഡി.എം.എയുമായി നുള്ളിപ്പാടി സ്വദേശിയായ മുഹമ്മദ് ഷാനവാസിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടിയില്‍ നിന്ന് 29ന് രാത്രിയാണ് ഇയാൾ പിടിയിലായത്.
നേരത്തെ നടത്തിയ പരിശോധനയില്‍ ജില്ലയിലേക്ക് ബംഗളൂരുവിൽ നിന്നു മയക്കു മരുന്ന് മൊത്ത വിതരണം നടത്തുന്ന ദിലീപ്, മുഹമ്മദ് സിറാജ് എന്നിവരെ 100 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട് പൊലീസ് പിടികൂടിയിരുന്നു.
ഡി.സി.ആര്.ബി ഡിവൈ.എസ്.പി അബ്ദുല്‍ റഹിം, കാസര്‍കോട് ഡിവൈ.എസ്.പി പി.കെ. സുധാകരന്, കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദ്, ജില്ല പൊലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ് ടീം എന്നിവര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും വിൽപനക്കായി ജില്ലയിലേക്ക് കൊണ്ടുവന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന് ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ട പരിശോധനയില്‍ ജില്ലയില്‍ കാസര്‍കോട്, ബേക്കല്‍, കാഞ്ഞങ്ങാട് സബ്ഡിവിഷനുകളില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മുന്നൂറില്‍ കൂടുതല്‍ മയക്കു മരുന്ന് കേസുകള്‍ പിടികൂടി.
ഇതില്‍ സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്നവരും ഉള്‍പ്പെടും. ഓപറേഷന് ക്ലീന്‍ കാസര്‍കോടിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മയക്കുമരുന്നു മാഫിയക്കെതിരെ പൊലീസ് സന്ധിയില്ലാ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നു.
ജില്ലയിലെ മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള നിയമ നടപടികള്‍ക്ക് ഈ ഡിവൈ.എസ്.പിമാരെ കൂടാതെ ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാര്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാലകൃഷ്ണന് നായര്‍, നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി മാത്യു എന്നിവരും ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒമാരും നേതൃത്വം നൽകുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും യുവതലമുറയെ ഈ മാരകമായ അവസ്ഥയില്‍ നിന്നും മോചിപ്പിക്കാനുള്ള എല്ലാ നിയമപരമായ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ കാര്യക്ഷമമായി നടപ്പാക്കുമെന്നും ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.