പ്ലാസ്റ്റിക് കവർ കത്തിക്കാൻ നിർദേശം നൽകിയത് അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsകാസർകോട്: നനഞ്ഞ പ്ലാസ്റ്റിക് കവർ കത്തിച്ചുകളയാൻ ഹരിതകർമ സേനാംഗങ്ങൾ നിർദേശം നൽകിയെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് വാസ്തവമാണെന്നുകണ്ടാൽ ബന്ധപ്പെട്ട ഹരിതകർമ സേനാംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
പുത്തിഗൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. പുത്തിഗൈ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന എല്ലാ പ്ലാസ്റ്റിക് മാലിന്യവും കൊണ്ടുപോകാറില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പുത്തിഗൈ പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണം നിഷേധിച്ചു. പരാതിയുള്ള സ്ഥലത്തെ മാലിന്യം പൂർണമായി നീക്കംചെയ്തിട്ടുണ്ടെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. സീതാംഗോളി ടൗണിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കാൻ 86,000 രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
സീതാംഗോളി ടൗണിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ നാല് പ്രധാന നിയമലംഘനങ്ങൾക്ക് 30,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സീതാംഗോളി പരിസരം വൃത്തിയാക്കിയതിന്റെ ചിത്രങ്ങളും ഹാജരാക്കി.
എന്നാൽ, പരിസര മലിനീകരണത്തിനെതിരെ പരാതി നൽകിയതിന് തനിക്ക് പെട്ടിക്കട അനുവദിച്ചില്ലെന്നും ഭിന്നശേഷിക്കാരനായ തനിക്ക് പെട്ടിക്കട അനുവദിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നും പരാതിക്കാരനായ കുമ്പള എടനാട് സ്വദേശി ഇസ്സകുഞ്ഞി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.