നെല്ല് നാശം; പ്രത്യേക നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവശ്യം
text_fieldsകാസർകോട്: ചിങ്ങമാസത്തിലെ കടുത്ത വരൾച്ചയെ തുടർന്ന് വ്യാപകമായി നെൽകൃഷി നശിച്ച കർഷകർക്ക് കേന്ദ്ര സഹായത്തിനുള്ള സാധ്യതയടഞ്ഞു. നഷ്ടപരിഹാരത്തിന് രജിസ്റ്റർ ചെയ്യാനുള്ള കാലാവധി കഴിഞ്ഞതാണ് പ്രശ്നം. സംസ്ഥാനത്തിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ ഏറെ കർഷകർ പുറത്തുമായതിനാൽ നെൽ കർഷകരെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയാണ്.
കേന്ദ്ര ഇൻഷുറൻസ് പദ്ധതിയായ ഫസൽ ഭീമ യോജനയുടെ കാലാവധി നീട്ടുകയോ സംസ്ഥാനത്ത് ഇൻഷുറൻസ് ഇല്ലാത്ത കർഷകർക്കുകൂടി നഷ്ടപരിഹാരം ലഭിക്കുന്നതിന് പ്രത്യേക പ്രഖ്യാപനം നടത്തുകയോ ചെയ്യുകയാണ് സംസ്ഥാന സർക്കാറിനുമുന്നിലുള്ള പോംവഴി.
ഫസൽ ഭീമ യോജനയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള കാലാവധി ആഗസ്റ്റ് 31ന് കഴിഞ്ഞു. പ്രകൃതി ദുരന്തത്തിലൂടെയുണ്ടാകുന്ന നഷ്ടമാണ് വിള ഇൻഷുറൻസ് പദ്ധതിയിലൂടെ പരിഹരിക്കുന്നത്. ആദ്യമായാണ് കാലവർഷം ഇല്ലാത്തതിനെ തുടർന്നുണ്ടായ വരൾച്ചയിൽ വ്യാപക നെൽകൃഷി നാശം ഉണ്ടാകുന്നത്. ഫസൽ ഭീമ യോജനയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് കേന്ദ്ര നഷ്ടപരിഹാരം ലഭിക്കുക. വായ്പയെടുത്ത് കൃഷി ചെയ്തവർ സ്വാഭാവികമായി രജിസ്റ്റർ ചെയ്യപ്പെടുന്നതിനാൽ അവർക്കു നഷ്ടപരിഹാരം ലഭിക്കും. അല്ലാത്ത കർഷകർക്ക് ലഭിക്കില്ല. എല്ലാവർക്കും നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ സർക്കാർ ഈ വരൾച്ചയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം. അങ്ങനെയായാൽ കൃഷി ഓഫിസർമാർ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ധനസഹായം ലഭിക്കും. ഹെക്ടറിന് 35000 രൂപയാണ് നഷ്ടപരിഹാരം. 45 ദിവസം പിന്നിട്ട ഞാറ്റടിക്ക് 15000 രൂപയും വിളവെടുക്കാനായ നെല്ലിന് 35000 രൂപയുമാണ് നഷ്ടപരിഹാര തോത്. വരൾച്ചയെ പ്രകൃതി ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചാൽ അത് സംസ്ഥാന സർക്കാറിന് വൻബാധ്യതയായി മാറും.
195734 ഹെക്ടറാണ് കേരളത്തിന്റെ നെൽപാടം. ഫസൽ ഭീമ യോജനയിൽ ഓരോ ജില്ലയിലും വ്യത്യസ്ത വിളവുകൾക്ക് വ്യത്യസ്ത രീതിയിലാണ് നഷ്ടപരിഹാരം. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോർട്ട് കാലാവസ്ഥ കേന്ദ്രങ്ങളിൽ നിന്നുമെടുത്താണ് മാനദണ്ഡം ഉണ്ടാക്കുന്നത്. നെല്ല് നാശം വന്നവരുടെ കണക്ക് പരിശോധിക്കാൻ കൃഷി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.