കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ടിക്കറ്റ് കിട്ടാതെ മടങ്ങി
text_fieldsകാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗളൂരുവിലേക്കും ഷൊർണൂർ ഭാഗത്തേക്കും യാത്രചെയ്യാനായി എത്തിയവർ ടിക്കറ്റ് കിട്ടാതെ തിരിച്ചുപോയി. കുറേപേർ വരുന്നത് വരട്ടേയെന്ന് കരുതി ടിക്കറ്റില്ലാതെ യാത്ര ചെയ്തു. തിരുവോണവും ചതയം അവധിയും കഴിഞ്ഞ് നാട്ടിലേക്കും ജോലി സ്ഥലത്തേക്കും പഠനാവശ്യാർഥവും പോകാനെത്തിയവർക്കാണ് ദുർഗതി. മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസിന് എത്തിയവരാണ് ഏറെയും ബുദ്ധിമുട്ടിയത്. രാവിലെ ആറുമണിക്ക് കാഞ്ഞങ്ങാടുനിന്നും പുറപ്പെടുന്ന ട്രെയിനിനു 5.45 ആകുമ്പോഴേക്കും നീണ്ടനിര വളഞ്ഞും പുളഞ്ഞും കൗണ്ടറിനു മുന്നിൽ രൂപപ്പെട്ടു. ഇതിൽ മംഗളൂരുവിലേക്കുള്ള മാവേലി എക്സ്പ്രസിനു പോകേണ്ട യാത്രക്കാരുമുണ്ടായിരുന്നു.
ആശുപത്രിയിലേക്കായിരുന്നു ഏറെയുംപേർ കാത്തിരുന്നത്. കൗണ്ടറുകൾ നിരവധിയുണ്ടെങ്കിലും റിസർവേഷൻ, സീസൺ ടിക്കറ്റുകൾ ഉൾപ്പെടെ നൽകാൻ ഒരു കൗണ്ടർ മാത്രമാണുണ്ടായത്. ബാക്കിയുള്ളവയെല്ലാം 'ക്ലോസ്ഡ്' ബോർഡ് വെച്ച് അടച്ചിട്ടുണ്ടായിരുന്നു. കൃത്യം ആറുമണിക്ക് തന്നെ നാഗർകോവിൽ ഭാഗത്തേക്കുള്ള പരശുറാമും മംഗളൂരു ഭാഗത്തേക്കുള്ള മാവേലിയും എത്തിയതോടെ ഉന്തുംതള്ളുമായി. ചിലർ ടിക്കറ്റ് എടുക്കാതെ ട്രയിനിൽ കയറി. മറ്റു ചിലർ മടങ്ങിപ്പോയി. വന്ന ട്രെയിനുകൾ അതിന്റെ സമയം നോക്കിയും പോയി. രാവിലെയുള്ള ട്രെയിനുകളുടെ പൊതുസ്ഥിതി ഇതാണ്. അവധി കഴിഞ്ഞ് പോകുന്നവർക്ക് കോഴിക്കോടുവരെയുള്ള ഓഫിസുകളിൽ എത്തണമെങ്കിൽ പരശുറാംതന്നെ ശരണം.
സ്റ്റേഷനിൽ പുതിയ കെട്ടിടംപണി പൂർത്തിയായാൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. കോവിഡിനു മുമ്പ് തുടങ്ങിയതാണ് പ്രവൃത്തി. ഇനിയും പൂർത്തിയായിട്ടില്ല. റിസർവ്ഡ് ടിക്കറ്റ് കൗണ്ടർ, അൺറിസർവ് ടിക്കറ്റ് കൗണ്ടർ, ഇൻഫർമേഷൻ കൗണ്ടർ എല്ലാം ഇപ്പോൾ ഒരുമുറിക്കകത്താണ്. പുതിയ കെട്ടിടം പ്രവർത്തനക്ഷമമായാൽ ഈ സ്ഥിതി മാറിയേക്കുമെന്നാണ് പറയുന്നത്. അതിലും ഉറപ്പില്ല.
സ്റ്റേഷന്റെ തെക്കുഭാഗത്ത് മറ്റൊരു കെട്ടിടത്തിനുകൂടി നിർദേശമുണ്ട്. വി.ഐ.പി ലോഞ്ച്, വെജ്-നോൺ വെജ് ഹോട്ടലുകൾ എന്നിവയൊക്കെ വരുമെന്നാണ് കരുതുന്നത്. എന്നാൽ, അടിസ്ഥാന ആവശ്യമായ ടിക്കറ്റ് ലഭിക്കാനും യാത്രചെയ്യാനുംപോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.