പടന്നക്കാട് പീഡനം: പ്രതിക്കുവേണ്ടി സർക്കാർ അഭിഭാഷകനെ നിയമിക്കാൻ കോടതി നിർദേശം
text_fieldsകാഞ്ഞങ്ങാട്: പടന്നക്കാട്ടെ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ പ്രതി പി.എ. സലീമിന് ഹോസ്ദുർഗ് പോക്സോ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. അറസ്റ്റിലായി ഏഴു മാസം കഴിഞ്ഞിട്ടും പ്രതിക്കുവേണ്ടി അഭിഭാഷകൻ ഹാജരാകാത്ത സാഹചര്യത്തിൽ സർക്കാർ അഭിഭാഷകനെ നിയോഗിക്കാൻ പോക്സോ കോടതി നിർദേശം നൽകി. ഇക്കാര്യം തീരുമാനിക്കുന്നതിന് ലീഗൽ അഡ്വൈസർക്ക് വിട്ടു. കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതിയുള്ളത്.
വിചാരണ നടപടികൾക്ക് മുന്നോടിയായി പ്രതിയെ ഇടക്ക് കാഞ്ഞങ്ങാട് കോടതിയിലേക്ക് കൊണ്ടുവരുന്നുണ്ട്. സ്വന്തമായി അഭിഭാഷകനില്ലെന്ന് പ്രതി അറിയിച്ചതിനെ തുടർന്നാണ് സർക്കാർ അഭിഭാഷകനെ നിയോഗിക്കാൻ കോടതി നടപടിയുണ്ടായത്.
പ്രതിക്കെതിരെ മേൽപറമ്പ പൊലീസ് മുമ്പ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലും കോടതി വിചാരണ ആരംഭിച്ചു. ഈ കേസിൽ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നുവെങ്കിലും പടന്നക്കാട് പീഡനത്തിൽ കൂടി പ്രതിയായതോടെ മേൽപറമ്പ പീഡനക്കേസിൽ അഭിഭാഷകൻ ഹാജരാകുന്നതും ഒഴിവായി. ഈ സാഹചര്യത്തിൽ രണ്ട് പീഡനക്കേസിലും പ്രതിക്ക് സർക്കാർ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാനാണ് കോടതി നിർദേശം.
210 ദിവസങ്ങൾക്കിടെ പ്രതിയുടെ റിമാൻഡ് കാലാവധി കോടതി ഓരോ രണ്ടാഴ്ചയിലും നീട്ടുമ്പോഴും ജാമ്യാപേക്ഷയുമായി ബന്ധുക്കളാരുമെത്തിയില്ല. പ്രതിക്ക് ഭാര്യയും ബന്ധുക്കളുമുണ്ടെങ്കിലും ക്രൂരകൃത്യത്തിന്റെ പേരിൽ ബന്ധുക്കൾ കൈയൊഴിയുകയായിരുന്നു.
അന്വേഷണ സംഘം സമർപ്പിച്ച 300 പേജുള്ള കുറ്റപത്രമാണ് പോക്സോ കോടതിയിൽ വായിച്ച് കേൾപ്പിച്ചത്. കൃത്യം നടന്ന് 39ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടറായിരുന്ന ഇപ്പോഴത്തെ ചക്കരകല്ല് ഇൻസ്പെക്ടർ എം.പി. ആസാദ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
മേയ് 15ന് പുലർച്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്നശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.തട്ടിക്കൊണ്ട് പോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടിൽ അതിക്രമിച്ച് കയറുക തുടങ്ങിയ വകുപ്പുകളാണ് സലീമിനെതിരെ ചുമത്തിയത്. മോഷ്ടിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സലീമിന്റെ സഹോദരി സുവൈബയാണ് കേസിലെ രണ്ടാം പ്രതി. കുറ്റപത്രത്തിൽ പ്രതിയുടെ ഡി.എൻ.എ പരിശോധന ഫലമടക്കമുള്ള 42 ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിരുന്നു. 67 സാക്ഷികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.