അലതല്ലിയാവേശം...കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളജ് മുന്നിൽ
text_fieldsകലയുടെ കളിത്തട്ടിൽ ആവേശം അലതല്ലി. കണ്ണൂർ സർവകലാശാല കലോത്സവത്തിന്‍റെ മൂന്നാം നാളിൽ വേദികളുണർന്നപ്പോൾ കാഴ്ചക്കാരാവാനെത്തിയത് ആയിരങ്ങൾ. നാടോടി നൃത്തവും പൂരക്കളിയും ദഫ്മുട്ടും അരങ്ങുതകർത്ത നാൾ നാടിന് പകർന്നത് ഉത്സവനിറം. മൂടിക്കെട്ടിയ മാനച്ചുവട്ടിലും ആൾക്കൂട്ടം തെല്ലും കുറഞ്ഞില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിനു കാണികളാണ് അത്യുത്തരദേശത്ത് വിരുന്നെത്തിയ മേളയുടെ ഭാഗമാവാനെത്തിയത്. നാലാംദിവസമായ ശനിയാഴ്ച വൻ ജനാവലിയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മൂന്നുദിവസം പിന്നിട്ടപ്പോൾ പയ്യന്നൂർ കോളജ് പയ്യന്നൂരാണ് മുന്നിൽ. 134 പോയന്‍റുമായാണ് പയ്യന്നൂരിന്‍റെ മുന്നേറ്റം. കണ്ണൂർ ശ്രീനാരായണ കോളജാണ് (110) തൊട്ടുപിറകിൽ. കഴിഞ്ഞദിവസം ഏറെ മുന്നിലായിരുന്ന ഗവ. ബ്രണ്ണൻ കോളജ് ധർമടം 104 പോയന്‍റുമായി മൂന്നാംസ്ഥാനത്തേക്ക് മാറി.
തളിപ്പറമ്പ് സർ സയ്യിദ് കോളജ് -94, കാഞ്ഞങ്ങാട് നെഹ്റു കോളജ് -89, ആതിഥേയരായ കാസർകോട് ഗവ. കോളജ് -79, ഗവ. ബ്രണ്ണൻ കോളജ് ടീച്ചർ എജുക്കേഷൻ -78 എന്നിങ്ങനെയാണ് മറ്റു കോളജുകളുടെ പോയന്‍റ് നില. സ്റ്റേജ് ഇനങ്ങളിൽ 14 എണ്ണമാണ് വെള്ളിയാഴ്ച പൂർത്തിയായത്.
അനശ്വര സാഹിത്യപ്രതിഭ, ആകാശ് ചിത്രപ്രതിഭ
കണ്ണൂർ എസ്.എൻ കോളജിലെ പി. ആകാശാണ് ചിത്രപ്രതിഭ. 20 പോയന്‍റുമായാണ് ഈ നേട്ടം. പെൻസിൽ ഡ്രോയിങ്, എണ്ണച്ചായം എന്നിവയിൽ ഒന്നും ജലച്ചായത്തിൽ മൂന്നാംസ്ഥാനവുമാണ് നേടിയത്. എം.എസ്സി ഫിസിക്സ് രണ്ടാംവർഷ വിദ്യാർഥിയാണ്. കണ്ണൂർ മൊറാഴ കോ ഓപറേറ്റിവ് കോളജിലെ പി. അനഘയാണ് 14 പോയന്‍റുമായി തൊട്ടുപിന്നിൽ.
ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിലെ എ. അനശ്വരയാണ് സാഹിത്യ പ്രതിഭ. 26 പോയന്‍റാണ് ഇവർ കരസ്ഥമാക്കിയത്. സിനിമ നിരൂപണം ഹിന്ദി, തിരക്കഥ രചന- ഫീച്ചർ ഫിലിം ഹിന്ദി എന്നിവക്ക് ഒന്നും ഹിന്ദി പ്രബന്ധ രചനയിൽ രണ്ടും ഹിന്ദി കവിത രചനയിൽ മൂന്നാംസ്ഥാനവുമാണ് ഇവർ നേടിയത്. മട്ടന്നൂർ കാര പുതിയവീട് വി. രാജൻ-എ. സവിത ദമ്പതികളുടെ മകളാണ്. പയ്യന്നൂർ കോളജിലെ സുമയ്യ അദ്നാനാണ് (24പോയന്‍റ്) രണ്ടാംസ്ഥാനത്ത്.
ആരുണ്ട് അരുണിമയോട് മത്സരിക്കാൻ
വേദി നാലിൽ രാവിലെ 11നാണ് കഥകളി മത്സരം നിശ്ചയിച്ചത്. കാണികളും അത്യാവശ്യമുണ്ട്. എന്നാൽ, മത്സരിക്കാനാകെയുള്ളത്ഒരാൾ മാത്രം. അതുകൊണ്ടുതന്നെ ഒന്നാംസ്ഥാനം ആർക്കെന്ന് ചോദിക്കേണ്ടതില്ല. മത്സരിക്കാനാളുണ്ടോയെന്നത് മത്സരാർഥിയെ ബാധിക്കുന്ന കാര്യവുമല്ല. ഫലം പ്രഖ്യാപിച്ചപ്പോൾ കണ്ണൂർ പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈനാർട്സിലെ ടി.കെ. അരുണിമ ഒന്നാം സ്ഥാനം നേടി. എം.എ ഭരതനാട്യം രണ്ടാംവർഷ വിദ്യാർഥിനിയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.