ക്ഷേമ പെൻഷൻ വിതരണക്കാരുടെ കമീഷൻ മുടങ്ങിയിട്ട് മാസങ്ങൾ
text_fieldsകാസർകോട്: പതിനാലു കോടിയിലേറെ വരുന്ന ക്ഷേമ പെൻഷനുകൾ കൃത്യസമയത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന ദിനനിക്ഷേപ പിരിവുകാർക്കുള്ള കമീഷൻ മുടങ്ങിയിട്ട് ഒമ്പതുമാസം. പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാണ് ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നത്.
പെൻഷൻ തുക വീടുകളിലെത്തിച്ചുനൽകുന്നത് സംഘങ്ങളിലെ ദിനനിക്ഷേപ പിരിവുകാരാണ്. യഥാസമയം പെൻഷൻ വിതരണം ചെയ്യുന്നതിനായി പലർക്കും ദിവസേനയുള്ള നിക്ഷേപ പിരിവുപോലും മാറ്റിവെക്കേണ്ടിവരുന്നു. സഹകരണ സംഘങ്ങളിലെ മറ്റ് ജീവനക്കാർക്ക് ലഭിക്കുന്ന സേവനവേതനമൊന്നും നിക്ഷേപക പിരിവുകാർക്ക് ലഭിക്കുന്നില്ല.
നോട്ട് നിരോധനവും കോവിഡിനെ തുടർന്ന് വ്യാപാര മേഖലയിലുൾപ്പെടെയുണ്ടായ സാമ്പത്തിക മാന്ദ്യവും നിക്ഷേപക പിരിവുകാരുടെ വരുമാനത്തിൽ ഭീമമായ കുറവുണ്ടാക്കിയിട്ടുണ്ട്. പലർക്കും കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.
2021 ഡിസംബർ മാസത്തെ കണക്കുപ്രകാരം കർഷകത്തൊഴിലാളികൾ, വിധവകൾ, വികലാംഗർ, വയോധികർ, അവിവാഹിതരായ മുതിർന്ന സ്ത്രീകൾ എന്നീ അഞ്ച് വിഭാഗങ്ങളിലായി 95933 പേർക്കാണ് ജില്ലയിൽ ക്ഷേമപെൻഷൻ നൽകുന്നത്.
തിരഞ്ഞെടുത്ത 65 സഹകരണസംഘങ്ങൾ വഴിയാണ് വിതരണം. ഡിസംബർ മാസത്തെ വിതരണവും ജില്ലയിൽ ഇതിനകം 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. പതിനാലര കോടിയിലേറെ രൂപയാണ് ഡിസംബർ മാസത്തെ പെൻഷനായി ജില്ലയിൽ വിതരണം ചെയ്യുന്നത്. സംഘങ്ങളുടെ അക്കൗണ്ടുകളിലേക്ക് തുക എത്തുന്നതിന് മുമ്പുതന്നെ വിതരണം തുടങ്ങിയ സംഘങ്ങളും ജില്ലയിലുണ്ട്. നീലേശ്വരം സഹകരണ ബാങ്കാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് പെൻഷൻ എത്തിച്ചുനൽകുന്നത്.
4917 പേർക്കാണ് നീലേശ്വരം ബാങ്ക് ജീവനക്കാർ വീടുകളിലെത്തിച്ചുനൽകുന്നത്. പനത്തടി സഹകരണ ബാങ്ക് 4700 പേർക്കും ഹോസ്ദുർഗ് ബാങ്ക് 4474 പേർക്കും പെൻഷൻ നൽകുന്നുണ്ട്. ജില്ലയിൽ ഏറ്റവും കുറവ് പേർക്ക് പെൻഷൻ നൽകുന്നത് കർണാടകയോട് ചേർന്നുകിടക്കുന്ന കാട്ടുകുക്കെ സഹരണ ബാങ്കാണ്.131 പേർക്കാണ് കാട്ടുകുക്കെ ബാങ്ക് വഴി വിതരണം ചെയ്യുന്നത്. പെൻഷൻ വിതരണത്തിന് ബന്ധപ്പെട്ട ബാങ്കുകൾക്ക് 10 രൂപയും വീടുകളിൽ പെൻഷൻ എത്തിച്ചു നൽകുന്ന ഏജൻറുമാർക്ക് 40 രൂപയുമാണ് ലഭിക്കുന്നത്.
പെൻഷൻകാരെ നേരിൽ കണ്ടെത്തി തുക കൈമാറുന്നതിന് പലപ്പോഴും ഒന്നിൽ കൂടുതൽ തവണ വീടുകളിൽ കയറിയിറങ്ങേണ്ടിവരുന്നു. പെൻഷൻ വിതരണ കമീഷൻ ഏറെ മാസം കുടിശ്ശികയായതോടെ ദിനനിക്ഷേപക പിരിവുകാരിൽ ഏറെ പേരുടെയും ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. പെൻഷൻ വിതരണത്തിനായുള്ള കമീഷൻ ഉടൻ വിതരണം നടത്തുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് കെ.സി.ഇ.എഫ് ജില്ല കമ്മിറ്റി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.