മഴയിൽ ദുരിതം ഇരട്ടി; മാലിന്യത്താൽ വലഞ്ഞ് ജനം
text_fieldsകാസർകോട്: നഗരസഭയിലെ കറന്തക്കാട് പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. ജനങ്ങളെ വെല്ലുവിളിച്ചാണ് ഒരുപറ്റം സാമൂഹികദ്രോഹികൾ ദിനേന ഇവിടം മാലിന്യം കൊണ്ടിടുന്നത്. മഴ പെയ്തതോടെ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.
കറന്തക്കാട്ടെ ഉമ നഴ്സിങ് ഹോമിനടുത്താണ് ഇങ്ങനെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ഉമ നഴ്സിങ് ഹോം മുമ്പ് കാസർകോട് പ്രമുഖ ആശുപത്രിയായിരുന്നു. പിന്നീട് പൂട്ടുകയായിരുന്നു. വർഷങ്ങളായി ഇത് പൂട്ടിക്കിടക്കുകയാണ്. ഇവിടമാണ് ഇപ്പോൾ മാലിന്യം നിറഞ്ഞിരിക്കുന്നത്. കാടുപിടിച്ച് വിജനമായ ഇവിടെ വാടകവീടുകളടക്കം ഉണ്ടായിരുന്നെങ്കിലും മാലിന്യം കാരണം എല്ലാവരും ഒഴിഞ്ഞുപോവുകയായിരുന്നു. പലരും വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഇതിന്റെ ദുർഗതി അനുഭവിച്ചാണ് പോകുന്നത്. തികച്ചും ദുസ്സഹമാണ് ഇവിടത്തെ കാഴ്ച. വാർഡ് അംഗമടക്കം നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പറയുന്നത്. അടുത്തൊന്നും വീടുകളില്ലെങ്കിലും തെരുവുനായ്ക്കളും മറ്റും മാലിന്യം റോഡിലേക്ക് വലിച്ചുകൊണ്ടുവന്നിടുകയാണ്. കോഴിമാലിന്യമടക്കം ഇവിടെ തള്ളുന്നതായും കൗൺസിലർ ‘മാധ്യമ’ത്തോട് പറഞ്ഞു.
മഴ കൂടുന്ന ഘട്ടത്തിൽ ഇവ ചീഞ്ഞളിഞ്ഞ് കൊതുക് പെരുകി പല രോഗങ്ങൾക്കും കാരണമാകുന്നു. ജനങ്ങൾക്ക് നാശംവരുത്തുന്ന സാമൂഹിക ദ്രോഹികളെ ഒറ്റപ്പെടുത്താൻ ജനങ്ങൾ തയാറായില്ലെങ്കിൽ വലിയ രീതിയിലുള്ള തിരിച്ചടിയായിരിക്കും നേരിടേണ്ടിവരുകയെന്നാണ് നാട്ടുകാർ പറയുന്നത്.
പരാതിപ്പെട്ടിരുന്നു, നടപടിയില്ല
ശ്രദ്ധയിൽപെട്ടിരുന്നു. അസ്സഹനീയമായ കാഴ്ചയാണിവിടം. മാലിന്യം റോഡിലടക്കം പരന്നുകിടക്കുകയാണ്. തെരുവുപട്ടികളും ഇവിടെ കൂടുകയാണ്. ഇത് വിദ്യാർഥികൾക്കടക്കം ഭീതിയാണ് ഉണ്ടാക്കുന്നത്. തെരുവുവിളക്കുകളടക്കം ഈ മേഖലയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവിഭാഗത്തിൽ പരാതി പറഞ്ഞതാണ്. പക്ഷേ, ഇതുവരെ നടപടിയായില്ല.
-വാർഡ് കൗൺസിലർ ഹേമലത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.