കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ കേരള ജനത വിധിയെഴുതും -വി.ഡി. സതീശൻ
text_fieldsകാസർകോട്: അക്രമവും അഴിമതിയും വർഗീയതയും മുഖമുദ്രയാക്കിയ കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കേരള ജനത വിധിയെഴുതുമെന്നും ഇരുപതിൽ ഇരുപത് സീറ്റിലും നിലവിലുള്ള ഭൂരിപക്ഷം ഇരട്ടിയാക്കി യു.ഡി.എഫ് വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് സംഘടനകൾ പിണറായി സർക്കാറിനെതിരെ നടത്തുന്ന ചെറുതത്തുനിൽപ്പു സമരം കേരള ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
ഇത്തരം സമരങ്ങളെ അധികാരം ഉപയോഗിച്ച് കള്ളക്കേസുണ്ടാക്കി നേതാക്കളുടെയും പ്രവർത്തകരുടെയും ആത്മവീര്യം ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളുമായി പിണറായി സർക്കാർ മുന്നോട്ട് പോയാൽ ജനാധിപത്യ വിശ്വാസികൾ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഫെബ്രുവരി ഒമ്പതിന് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര ‘സമരാഗ്നി’ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കാസർകോട് മുനിസിപ്പൽ വനിത ഹാളിൽ നടന്ന ജില്ല കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.