പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ 29ന് കോടതിയിൽ ഹാജരാക്കും
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ മുഴുവൻ പ്രതികളെയും ഈ മാസം 29ന് പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരാക്കും. വിചാരണ പൂർത്തിയായതിന് പിന്നാലെ പ്രതികൾക്ക് എതിരെ ആരോപിച്ച കുറ്റങ്ങൾ കോടതി നേരിട്ട് പ്രതികളോട് ചോദിക്കുന്ന സി.ആർ.പി.സി. 313 വകുപ്പ് പ്രകാരമുള്ള നടപടിയാണിത്. കുറ്റം നിഷേധിച്ചാൽ പ്രതിഭാഗത്തിന് കോടതിയിൽ വാദിക്കാൻ സമയം ലഭിക്കും.
1. പീതാംബരൻ, 2. സജി ജോർജ്, 3. സുരേഷ്, 4. അനിൽ കുമാർ, 5. ഗിജിൻ, 6. ശ്രീരാഗ് 7. അശ്വിൻ, 8. സുബീഷ്, 9. മുരളി,10. രഞ്ജിത്ത്, 11. പ്രദീപ്, 12. ആലക്കോട് മണി, 13. എൻ. ബാലകൃഷ്ണൻ, 14. മണികണ്ഠൻ, 15. സുരേന്ദ്രൻ എന്ന വിഷ്ണു സുര, 16. റജി വർഗീസ്, 17. ശാസ്താ മധു, 18. ഹരിപ്രസാദ്, 19. രാജേഷ് എന്ന രാജു, 20. കെ.വി കുഞ്ഞിരാമൻ, 21. രാഘവൻ വെളുത്തോളി, 22. കെ.വി ഭാസ്കരൻ 23. ഗോപകുമാർ വെളുത്തോളി, 24. സന്ദീപ് വെളുത്തോളി എന്നിവരാണ് പ്രതികൾ. 2023 ഫെബ്രുവരി രണ്ടിനാണ് പെരിയ ഇരട്ട കൊലക്കേസിൽ എറണാകുളം സി.ബി.ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
അവസാന സാക്ഷിയായി തിരുവനന്തപുരം സി.ബി.ഐ ഡിവൈ.എസ്.പിയും അന്വേഷണ ഉദ്യോഗസ്ഥനുമായി അനന്ത കൃഷ്ണനെയാണ് വിസ്തരിച്ചത്. 2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ-കൃപേഷ് എന്നിവരെ സി.പി.എം പ്രവർത്തകർ വാഹനങ്ങളിൽ പിന്തുടർന്ന് കൊലപ്പെടുത്തിയത്. പ്രതികൾ കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.