പാർട്ടി ഗ്രാമങ്ങളിൽ നേതൃത്വത്തിനെതിരെ പ്രതിഷേധം; പെരിയ കേസ് പ്രതികളുടെ വീടുകളിലെത്തി സി.പി.എം നേതാക്കൾ
text_fieldsകാസർകോട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് പരസ്യ പിന്തുണയുമായി നേതാക്കൾ വീടുകളിലെത്തി. സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് നേതാക്കൾ ഇന്നലെ വീടുകളിലെത്തി പൂർണ പിന്തുണ അറിയിച്ചത്.
കൊലപാതകത്തിൽ സി.പി.എമ്മിന് ബന്ധമില്ലെന്ന് നേതാക്കൾ നേരത്തെ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാൽ, സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം മുതൽ ലോക്കൽ സെക്രട്ടറി വരെ പ്രതിപ്പട്ടികയിൽ വന്നതോടെ നേതൃത്വം അങ്കലാപ്പിലാണ്. കഴിഞ്ഞ ബുധനാഴ്ച സി.പി.എം എച്ചിലോട്ട് ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചുപേരെ അറസ്റ്റു ചെയ്തിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ 13ാം പ്രതിയാണ്. ഇതിനുശേഷം ജില്ല സെക്രട്ടേറിയറ്റ് അംഗമായ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, പനയാൽ ബാങ്ക് സെക്രട്ടറി ഭാസ്കരൻ, വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി അടക്കം അഞ്ച് നേതാക്കളെ പ്രതിചേർക്കുകയും ചെയ്തു.
പ്രതിചേർക്കപ്പെട്ട 19 ആളുകളുടെ പേരിൽ കൊലപാതകക്കേസുകളും ബാക്കി അഞ്ചുപേർക്കെതിരെ പ്രതികളെ കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ചതിനും ആയുധ നിയമപ്രകാരവുമാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ റിമാൻഡിൽ കഴിയുന്ന എച്ചിലോട്ട് ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലാണ് ആദ്യം നേതാക്കൾ എത്തിയത്. കേസ് അട്ടിമറിക്കാനും സി.ബി.ഐ അന്വേഷണം ചെറുക്കാനുമായി കോടികളാണ് സർക്കാർ ചെലവഴിച്ചത്. സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് 10 പേരെ കൂടി പ്രതിചേർത്തത്. ഇതോടെ പാർട്ടി ഗ്രാമങ്ങളിൽ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇതേത്തുടർന്നാണ് നേതാക്കൾതന്നെ വീടുകളിലെത്തി പിന്തുണ വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.