പെരിയ അടിപ്പാത തകർച്ച; പി.ഡബ്ല്യു.ഡി സംഘം പരിശോധിച്ചു
text_fieldsപെരിയ: ദേശീയപാത വികസന പദ്ധതിയിൽ പെരിയയിൽ അടിപ്പാത തകർന്നുവീണ സംഭവത്തിൽ പരിശോധന നടത്താൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു.
വകുപ്പ് ക്വാളിറ്റി കൺട്രോൾ മെറ്റീരിയൽ എൻജിനീയർ എ. അനിൽകുമാർ, ബ്രിഡ്ജസ് അസി. എക്സിക്യുട്ടീവ് എൻജിനീയർ വി.എം. സുരേഷ് കുമാർ, അസി. എൻജിനിീയർ ആർ. ഭരതൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ബേക്കൽ പൊലീസ് രണ്ടുകേസുകൾ എടുത്തിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന. സർക്കാറിനു തുടർ റിപ്പോർട്ട് നൽകാനാണ് സംഘം പരിശോധനക്കെത്തിയത്.
നിർമാണവേളയിൽ ഉപയോഗിച്ച സ്കഫോൾഡിങ് പൈപ്പുകളുടെ പഴക്കമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അനിൽകുമാർ പറഞ്ഞു. ഇവ ശരിയാംവിധം യോജിപ്പിച്ചില്ല എന്ന സംശയമുണ്ട്. നിർമാണത്തിനുപയോഗിച്ച കമ്പി, മെറ്റൽ, എം സാൻഡ് എന്നിവയുടെ സാമ്പിൾ സംഘം ശേഖരിച്ചു.
മെറ്റൽ, എം സാൻഡ് എന്നിവ കാസർകോട്, കമ്പി കോഴിക്കോട് ലാബുകളിൽ പരിശോധിക്കും. പരിശോധന സംബന്ധിച്ച റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തകർച്ച സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ പരിശോധനയുടെ ഭാഗമായി എൻ.ഐ.ടി സൂർത്കൽ-കോഴിക്കോട് സംഘം ചൊവ്വാഴ്ച എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.