പെരിയ ഇരട്ടക്കൊല: വിചാരണ നാളെ തുടങ്ങും
text_fieldsകാസർകോട്: നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലക്കേസിൽ വിചാരണ നടപടികൾ ചൊവ്വാഴ്ച ആരംഭിക്കും. കേസിലെ മുഴുവൻ പ്രതികളും എറണാകുളം സി.ബി.ഐ കോടതിയിൽ ഹാജരാവണം.
സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗവും മഞ്ചേശ്വരം ഏരിയ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, ഉദുമ ഏരിയ കമ്മിറ്റിയംഗം രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ, ഗോപകുമാർ, പി.വി. സന്ദീപ്, എ. ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കളും ഹാജരാവണം.
ഒന്നാം പ്രതി എച്ചിലടുക്കത്തെ എ. പീതാംബരൻ, എച്ചിലടുക്കത്തെ സി.ജെ. സജി ജോർജ്, തളിപ്പറമ്പ് ചപ്പാരപ്പടവിലെ കെ.എം. സുരേഷ്, ഓട്ടോ ഡ്രൈവർ എച്ചിലടുക്കത്തെ കെ. അനിൽകുമാർ, കല്യോട്ടെ ജി.ഗിജിൻ, ജീപ്പ് ഡ്രൈവർ കല്യോട്ട് പ്ലാക്കാതൊട്ടിയിൽ ആർ.ശ്രീരാഗ്, കുണ്ടംകുഴി മലാങ്കാട്ടെ എ. അശ്വിൻ, പാക്കം വെളുത്തോളിയിലെ എ.സുബീഷ്, തന്നിതൊട്ടെ എം.മുരളി, ടി. രജ്ഞിത്, പ്രദീപ് എന്ന കുട്ടൻ, ആലക്കോട്ടെ ബി. മണികണ്ഠൻ, സുരേന്ദ്രൻ എന്ന വിഷ്ണു സുര, എ. മധു, റെജി വർഗീസ്, എ. ഹരിപ്രസാദ് തുടങ്ങിയ 24 പേരാണ് പ്രതികൾ. ഇതിൽ 17 പേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം, കുറ്റവാളികളെ സംരക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സുപ്രീംകോടതിയുടെ നിർദേശപ്രകാരാണ് സി.ബി.ഐ ഏറ്റെടുത്തത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. വിചാരണ നടപടികൾ ആരംഭിക്കുന്നതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബവും പാർട്ടിപ്രവർത്തകരും.
കൃപേഷ് -ശരത് ലാൽ കുടുംബത്തെ മരണം വരെ നെഞ്ചിലേറ്റും –രാഹുൽ മാങ്കൂട്ടം
കാഞ്ഞങ്ങാട് : കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകുന്ന പേരായി കൃപേഷും ശരത് ലാലും മാറിയെന്നും ആ കുടുംബത്തെ മരണം വരെ സംരക്ഷിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം. കല്ല്യോട്ട് രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ജവഹർ ബാൽ മഞ്ച് കല്ല്യോട്ട് യൂനിറ്റി 16ാമത് വാർഷികാഘോഷവും കലാസന്ധ്യയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയെ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ അവരുടെ കലാപരവും കായികപരവുമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ജവഹർ ബാൽ മഞ്ചിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് അജി കല്ല്യോട്ട് അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ബാബുരാജ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, ബാൽ മഞ്ച് ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര, പുല്ലൂർ പെരിയ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കൂടിയായ രതീഷ് കാട്ടുമാടം, അക്ഷയ് ദാമോദരൻ,ശ്രീകാന്ത് പുല്ലുമല, രക്തസാക്ഷികളുടെ പിതാക്കളായ സത്യനാരായണൻ, കെ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.