ഒാൺലൈൻ വഴി വിവാഹ രജിസ്ട്രേഷന് അനുമതി
text_fieldsകാസർകോട്: സംസ്ഥാനത്ത് ഒാൺലൈൻ വഴി വിവാഹ രജിസ്ട്രേഷന് അനുമതി നൽകി ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ദമ്പതികൾക്ക് നേരിട്ട് ഹാജരാകാൻ കഴിയാത്ത സ്ഥിതി കണക്കിലെടുത്താണ് ഒാൺലൈൻ രജിസ്ട്രേഷന് അനുമതി നൽകിയത്. വിഡിയോ കോൺഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി രജിസ്ട്രേഷൻ നടത്താനാണ് തദ്ദേശ വകുപ്പ് സെപ്റ്റംബർ ഒമ്പതിന് ഇറക്കിയ ഉത്തരവിലുള്ളത്. ഒാൺലൈൻ രജിസ്ട്രേഷൻ എന്ന പ്രവാസികളുടെ ദീർഘകാല ആവശ്യമാണ് ഇതുവഴി നടപ്പായത്.
കോവിഡ് സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷൻ ഒാൺലൈൻ വഴിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒേട്ടറെ നിവേദനങ്ങളാണ് പഞ്ചായത്ത് ഡയറക്ടർക്കും വിവാഹ രജിസ്ട്രാർ ജനറലിെൻറ ഒാഫിസിലും ലഭിക്കുന്നത്.
വിദേശത്ത് എത്തിയശേഷം ഒാൺലൈൻ രജിസ്ട്രേഷനു അനുമതി ആവശ്യപ്പെട്ട് പലരും കോടതിയെയും സമീപിച്ചു. കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പല രജിസ്ട്രാർമാരും അതത് വ്യക്തികൾക്ക് അനുമതി നൽകുകയും ചെയ്തു. വിദേശത്ത് തൊഴിൽ സംരക്ഷണം, താമസസൗകര്യം എന്നിവ ഒരുക്കുന്നതിനുള്ള ആധികാരിക രേഖ എന്ന നിലക്കും പലരും കോടതിയെ സമീപിക്കുന്നുണ്ട്. സർക്കാറിന് നിവേദനം നൽകി നടക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ഇതെല്ലാം കണക്കിലെടുത്ത് ഇൗവർഷം ഡിസംബർ 31വരെയെങ്കിലും ഒാൺലൈൻ രജിസ്ട്രേഷന് അനുമതി വേണമെന്ന് വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ സർക്കാറിന് ശിപാർശ നൽകി.
കോവിഡും മുഖ്യ രജിസ്ട്രാർ ജനറൽ ശിപാർശയും കണക്കിലെടുത്താണ് 2008ലെ വിവാഹം രജിസ്റ്റർ ചെയ്യൽ ചട്ടത്തിൽ ഭേദഗതി വരുത്തിയത്. ഇതിനകം വിവാഹിതരായവർക്കും വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും ചെയ്യുന്ന ദമ്പതികൾക്ക് തദ്ദേശ രജിസ്ട്രാർ മുഖേന ഹാജരാകാൻ പ്രയാസമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഒാൺലൈൻ വഴി അനുമതി നൽകാമെന്നാണ് ഉത്തരവ്. തദ്ദേശ രജിസ്ട്രാർക്ക് ഇവരുടെ പ്രയാസം ബോധ്യപ്പെടുകയും മുഖ്യരജിസ്ട്രാറുടെ അനുമതി വാങ്ങുകയും വേണം. വിഡിയോ കോൺഫറൻസ് പോലുള്ള സംവിധാനം ഉപയോഗിക്കുേമ്പാൾ ആൾമാറാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തദ്ദേശ-മുഖ്യരജിസ്ട്രാർ ജനറൽ ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.