നൊമ്പരമായി തെരുവിൽ ഉേപക്ഷിച്ച വളർത്തുനായ്ക്കൾ
text_fieldsചെറുവത്തൂർ: ഒരായുസ്സ് മുഴുവൻ യജമാനനുവേണ്ടി വാലാട്ടി നിന്നെന്ന പരിഗണനപോലുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെ എണ്ണം കൂടുന്നു. വയസ്സായതിനെ തുടർന്ന് ഒന്നിനും കഴിയാതെ വരുന്ന നായ്ക്കകളെയാണ് വ്യാപകമായി തെരുവിൽ ഉപേക്ഷിക്കുന്നത്. കാലിക്കടവിൽ കഴിഞ്ഞ ഒരാഴ്ചയായി ഇത്തരത്തിൽ രണ്ട് നായ്ക്കളെയാണ് ഉപേക്ഷിച്ചത്. വീടുകൾ കാക്കുന്ന ഏറ്റവും മുന്തിയ ഇനത്തിൽപെട്ട നായ്ക്കളാണ് ഇതിൽ ഒന്ന്. കഴുത്തിൽ കെട്ടിയ ബെൽറ്റ് അടക്കമാണ് ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്.
ഇര തേടാനറിയാത്തതിനാൽ ഭക്ഷണം കിട്ടാതെ എല്ലും തോലുമായിരിക്കുകയാണിവ. ദിവസവും കുളിപ്പിച്ച് നല്ല ഭക്ഷണവും പാലും നൽകി ലാളിച്ചു വളർത്തപ്പെട്ട ഓമനകളാണ് തെരുവിൽ അലഞ്ഞുതിരിയുന്ന ദയനീയ കാഴ്ചകളായി മാറുന്നത്. ഇവ നിരുപദ്രവകാരികളാണ്. പെറ്റുകളായി വളർത്തപ്പെട്ട ഇവ ഭക്ഷണംകിട്ടാതെ മെലിഞ്ഞുണങ്ങുകയാണ്. നല്ല ബ്രീഡുകൾ മറ്റുള്ള നായ്ക്കളുടെ കടിയേറ്റ് വ്രണംവന്ന് ചത്തുപോകുന്നു. യജമാനന്മാർ ഉപേക്ഷിക്കുന്ന ചില രംഗങ്ങൾ സി.സി.ടി.വി കാമറകളിൽ കുടുങ്ങുന്നതും വൈറലായാൽ വന്ന് കൊണ്ടുപോകുന്നതുമായ സംഭവങ്ങളുണ്ട്. ഉത്സവങ്ങൾ, കല്യാണങ്ങൾ എന്നിവക്ക് വരുന്നവർ ഇത്തരം നായ്ക്കളുമായി വന്ന് കാറിൽ നിന്ന് ഇറക്കിവിടുകയാണ്. കുറച്ചുസമയം യജമാനന്റെ പിറകെ ചുറ്റികൂടും. പിന്നിട് ആട്ടിയോടിക്കപ്പെടുന്നതോടെ അലഞ്ഞുതിരിയൽ ആരംഭിക്കുന്നു. പലപ്പോഴും ദയനീയ കാഴ്ചയായി ഇതുമാറുന്നു. നായെ കാണാനില്ലെന്ന് പറയുന്നതോടെ യജമാനന്മാരുടെ ഉത്തരവാദിത്തം അവസാനിക്കുന്നു.
ചീമേനി, മടക്കര ടൗണുകളിലും മൂന്നുമാസത്തിനിടെ അവശരായ വളർത്തു നായ്ക്കളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മൃഗസ്നേഹികളുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ ഉപേക്ഷിക്കപ്പെടുന്നവ ദുരിതജീവിതം താണ്ടുകയാണ്. ഗ്രാമ പഞ്ചായത്തുകൾക്ക് ഇക്കാര്യത്തിൽ ഇടപെടാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.