ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് മുന്നിൽ നിവേദനപ്രളയം
text_fieldsകാസർകോട്: ജില്ലയിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിന് മുന്നിൽ നിവേദനപ്പെരുമഴ തീർത്ത് ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും. റെയിൽവേ വികസനത്തിൽ പിന്നാക്കംനിൽക്കുന്ന ജില്ലയുടെ വിവിധ മേഖലകൾ ചൂണ്ടിക്കാട്ടിയാണ് നിവേദനങ്ങൾ നൽകിയത്. കാസർകോട് എത്തിയ ജനറൽ മാനേജറെ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എം. രാജഗോപാലൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കാസർകോട് വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളിലും ഓർഡിനറി ടിക്കറ്റുകാരെയും സീസൺ ടിക്കറ്റുകാരെയും യാത്ര ചെയ്യാൻ അനുവദിക്കണമെന്നും തൃശൂർ മുതൽ കണ്ണൂർ വരെ ഓടുന്ന മെമു എക്സ്പ്രസ് മംഗളൂരുവരെ നീട്ടണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു വ്യക്തിക്ക് മാസത്തിൽ റിസർവേഷനായി ആറ് ടിക്കറ്റ് എന്നത് 12 എന്നാക്കുക, മംഗളൂരു ജമ്മുതാവി നവയുഗ് എക്സ്പ്രസ് പുനഃസ്ഥാപിക്കുക, കുമ്പള റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ചു.
'കാഞ്ഞങ്ങാടിനെമോഡല് റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്തണം'
കാഞ്ഞങ്ങാട്: ദിനംപ്രതി പതിനായിരത്തിലേറെ യാത്രക്കാര്‍ സഞ്ചരിക്കുന്നതും ഉയര്‍ന്ന വരുമാനമുള്ളതും എ ക്ലാസ് റെയില്‍വേ സ്റ്റേഷനുമായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ എല്ലാവിധ ആധുനിക സംവിധാനങ്ങളോടുംകൂടി മോഡല്‍ റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡൻറ് ടി. മുഹമ്മദ് അസ്ലം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് എമിനിറ്റി കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ്, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്കും നിവേദനത്തിെൻറ പകര്‍പ്പുകള്‍ നല്കി.
നീലേശ്വരം ജനകീയകൂട്ടായ്മ നിവേദനം നൽകി
നീലേശ്വരം: നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ഭാരവാഹികൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിന് നിവേദനം നൽകി. ഭാരവാഹികളായ നന്ദകുമാർ കോറോത്ത്, കെ.വി. സുനിൽരാജ്, കെ.വി. പ്രിയേഷ്കുമാർ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
മെമു എക്സ്പ്രസ് ട്രെയിൻ ജില്ലയിലേക്ക് നീട്ടുകയോ മംഗളൂരുവിലേക്ക് പുതിയ മെമു ട്രെയിൻ സർവിസ് ആരംഭിക്കുകയോ ചെയ്യുക, ഇൻറർസിറ്റി എക്സ്പ്രസ്, മംഗളൂരു-ചെന്നൈ, ചെന്നൈ-മംഗളൂരു മെയിൽ എന്നിവക്ക് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കുക, ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് കാസർകോട് ജില്ലയിലേക്ക് നീട്ടുക, ബൈന്ദൂർ പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ജനറൽ മാനേജർ മുമ്പാകെ അവതരിപ്പിച്ചു.
ഇവ പരിശോധിക്കാമെന്ന് അദ്ദേഹം ജനകീയകൂട്ടായ്മ ഭാരവാഹികൾക്ക് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.