കെൽ-ഇ.എം.എല്ലിൽ തൊഴിലാളികളുടെ പി.എഫ് വിഹിതം വകമാറ്റി
text_fieldsകാസർകോട്: വ്യവസായവകുപ്പിനു കീഴിലെ കാസർകോട് കെൽ-ഇം.എം.എല്ലിൽ തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് പിടിച്ച പ്രോവിഡന്റ് വിഹിതം വകമാറ്റി.
നാലുവർഷമായി തൊഴിലാളികളിൽനിന്ന് വിഹിതം പിടിക്കുകയും ഇ.പി.എഫിലേക്ക് അടക്കാതിരിക്കുകയും ചെയ്യുക വഴി പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഉപകാരമാകേണ്ടിയിരുന്ന പി.എഫ് തുകയും പെൻഷനും ഇല്ലാതായി. പിഴയടക്കം അഞ്ചര കോടിയോളം രൂപ അടച്ചാൽ മാത്രമേ ഇനി പെൻഷനും പി.എഫ് തുകയും ലഭിക്കുകയുള്ളൂ.
തൊഴിലാളികളിൽനിന്ന് നാലുവർഷമായി പിരിച്ച തുക കമ്പനി സ്വന്തം നിലയിൽ ഉപയോഗിക്കുകയായിരുന്നു. കമ്പനി മാനേജിങ് ഡയറക്ടർക്കെതിര നടപടിയെടുക്കാവുന്ന കുറ്റകൃത്യമാണ് പി.എഫ് തുകയിലുള്ള ക്രമക്കേട്. കഴിഞ്ഞ 44 മാസമായി തൊഴിലാളികളുടെ പി.എഫ് കെൽ-ഇ.എം.എൽ അടക്കുന്നില്ല.
എന്നാൽ, ഒരോ തൊഴിലാളിയിൽനിന്നും 4000ത്തിൽപരം രൂപ ശമ്പളത്തിൽനിന്ന് ഇ.പി.എഫ് വിഹിതമായി പിടിച്ചെടുക്കുന്നുണ്ട്. അത്രയും തുകയും മാനേജ്മെന്റ് വിഹിതവും ചേർത്ത് പി.എഫിലേക്ക് അടക്കുകയാണ് വേണ്ടത്.
സാമ്പത്തിക പ്രതിസന്ധി ഒരു കാരണമാണെങ്കിലും പി.എഫിലേക്കുള്ള മാനേജ്മെന്റ് വിഹിതം പൊതുവിൽ തൊഴിലാളി ക്ഷേമം മുൻനിർത്തി സർക്കാർ സ്ഥാപനങ്ങൾ അടക്കാറുണ്ട്. ഈ കാലയളവിൽ രണ്ടു ലക്ഷത്തോളം രൂപ ഒരു തൊഴിലാളിയുടെതായി പിടിച്ചിട്ടുണ്ട്. 120 തൊഴിലാളികളുടെ തുകയാണ് ഈ രീതിയിൽ പിടിക്കുന്നത്. അതിൽ കുറെപേർ പിരിഞ്ഞുപോയി. ഇപ്പോഴും 75 പേരുടെ ശമ്പളത്തിൽനിന്ന് തുക പിടിക്കുന്നുണ്ട്.
പിരിഞ്ഞുപോയ 30 പേർക്ക് അവരുടെ അധ്വാനത്തിന്റെ വകയായ പി.എഫ് എടുക്കാൻ കഴിഞ്ഞിട്ടില്ല. പലരുടെയും കുടുംബത്തിൽ മക്കളുടെ കല്യാണം ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്ക് പി.എഫ് തുക ഉപകരിച്ചിട്ടില്ല. ഇവർക്ക് പെൻഷനും ലഭിക്കുന്നില്ല. 5000 രൂപയോളമാണ് സാധാരണ പെൻഷൻ. ഹയർ ഓപ്ഷന് അപേക്ഷിച്ചവർക്ക് 15,000 രൂപയോളം പ്രതിമാസം ലഭിക്കുമായിരുന്നു.
കേന്ദ്ര സർക്കാർ ഏറ്റെടുത്ത് തിരസ്കരിച്ച ഭെൽ -ഇ.എം.എല്ലിനെ സംസ്ഥാന സർക്കാർ കെൽ -ഇ.എം.എൽ ആയി പെതുമേഖലയിൽ നിലനിർത്തിയെങ്കിലും ഏറ്റെടുക്കൽ ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച 77 കോടിയുടെ പാക്കേജ് നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.