കട തുറക്കുന്നതും കാത്ത് പ്രാവുകൾ; കുമ്പളയിൽ കൗതുകക്കാഴ്ച
text_fieldsമൊഗ്രാൽ: പ്രാവുകൾക്ക് പ്രാതലൊരുക്കാൻ കുമ്പള മത്സ്യമാർക്കറ്റ് റോഡിലെ സി.എം സ്റ്റോർ ഉടമ കുഞ്ഞഹമ്മദിന് ഒരു മടിയുമില്ല. ദിവസവും കട തുറക്കുമ്പോഴുള്ള പ്രാവിൻകൂട്ടങ്ങളുടെ ഭംഗി വേണ്ടുവോളം ആസ്വദിക്കുകയാണ് പെർവാഡ് സ്വദേശി കുഞ്ഞഹമ്മദും ജോലിക്കാരായ അഷ്റഫും സമദും.
രാവിലെ ആറ് ആകുമ്പോൾ പലചരക്കുകട തുറക്കും. പ്രാതലിനായി പ്രാവുകൾ കൂട്ടമായി സി.എം സ്റ്റോറിന് മുന്നിലിരിക്കും. ദിവസേന അമ്പതിനും നൂറിനുമിടയിലുള്ള പ്രാവിൻകൂട്ടങ്ങളാണ് ഇവിടെയെത്തുന്നത്.
ഗോതമ്പും ചുവന്ന പയറുമാണ് പ്രാവുകളുടെ ഇഷ്ട ആഹാരം. അതുമതിയാവോളം കുഞ്ഞഹമ്മദ് നൽകുകയും ചെയ്യും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുന്നതാണ് ഈ ഇഷ്ടം. പ്രാവുകളോടുള്ള ഇഷ്ടത്തിൽ ചെലവൊന്നും കുഞ്ഞഹമ്മദിന് പ്രശ്നമേയല്ല.
7.30 ആകുമ്പോഴേക്കും ടൗൺ ഉണരും. മത്സ്യത്തൊഴിലാളികളൊക്കെ മീൻകൊട്ടയുമായി കടകളുടെ മുന്നിൽ വന്നിരിക്കും. പിന്നെ പ്രാവുകളെ കാണില്ല. അവ പറന്നുയരും. രാവിലത്തെ പ്രാതലിന് മാത്രമായി എത്തുന്നതാണ് ഈ പ്രാവിൻകൂട്ടങ്ങൾ. രാവിലെ ടൗണിൽ എത്തുന്നവർക്ക് ഇത് കൗതുകക്കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.