വികസനപാക്കേജ് ശിപാർശക്ക് ഉടക്കിട്ട് ആസൂത്രണ സമിതി
text_fieldsകാസർകോട്: ജില്ലയിലെ സർക്കാർ ഓഫിസുകളിലെ ഉദ്യോഗസ്ഥർ അടിക്കടി സ്ഥലംമാറി പോവുന്നത് കാരണം പദ്ധതി നിർവഹണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കാസർകോട് വികസന പാക്കേജ് നൽകിയ ശിപാർശയിൽ ഉടക്കിട്ട് സംസ്ഥാന ആസൂത്രണ സമിതി.
ജില്ലയിലുള്ള ഉദ്യോഗാർഥികളെ സർക്കാർ സർവിസിലെത്തിക്കുന്നത് ലക്ഷ്യമിട്ട് തുടങ്ങാൻ നിശ്ചയിച്ച തീവ്രയത്ന പരിശീലന കേന്ദ്രങ്ങളോടാണ് ആസൂത്രണ സമിതി മുഖം തിരിഞ്ഞുനിൽക്കുന്നത്. തടസ്സവാദങ്ങൾ കുറിച്ച് ഫയൽ പരിശോധിക്കുന്ന ചുമതലപോലും നിർവഹിക്കാതെ തള്ളുകയാണ് ആസൂത്രണ സമിതി ചെയ്തത്. വീണ്ടും പുതിയ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ല കലക്ടർ അധ്യക്ഷനായ കാസർകോട് വികസന പാക്കേജിന്റെ ലക്ഷ്യം. കാസർകോട് ഉൾെപ്പടെ ഏതാനും ജില്ലകളിൽ ജോലിചെയ്യുന്നവർ അടിക്കടി സ്ഥലംമാറിപോവുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
നിശ്ചിത സമയം അതത് ജില്ലയിൽ തുടരണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് കഴിഞ്ഞയാഴ്ച സർക്കുലർ ഇറക്കിയെങ്കിലും അതിനു മുമ്പേ കാസർകോട് ചില പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. കാസർകോടിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് മുൻ ചീഫ് സെക്രട്ടറി പി. പ്രഭാകരൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് കാസർകോട് വികസന പാക്കേജ്. ജില്ലയിലുള്ളവർ സർവിസിൽ പ്രവേശിക്കുകയാണ് ഉദ്യോഗസ്ഥ ക്ഷാമത്തിന് പരിഹാരമായി റിപ്പോർട്ടിൽ നിർദേശിക്കുന്നത്.
കാസർകോട് വികസന പാക്കേജിന്റെ നിർദേശങ്ങൾ ജില്ലതലത്തിൽ തന്നെ ആവിഷ്കരിച്ച് നടപ്പാക്കാൻ അധികാരമുണ്ട്. എങ്കിലും അതിൽ സംസ്ഥാന ആസൂത്രണസമിതിയുടെ അനുമതി അനിവാര്യമാണ്. ജില്ലയിലെ ബ്ലോക്ക് തലങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങാനാണ് വികസന പാക്കേജ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
ജോലി ഇവിടെ, കൂറ് അവിടെ
കാസർകോട് ജില്ലയിലെ വികസന പദ്ധതികൾക്ക് ഏറ്റവും തടസ്സം അടിക്കടി മാറിപ്പോവുന്ന ഉദ്യോഗസ്ഥരാണ്. കേരളത്തിന്റെ ഒരറ്റം, താമസ സൗകര്യക്കുറവ്, യാത്രപ്രശ്നം, വീട്ടുവാടക അലവൻസ് നഷ്ടം, ഭാഷാപ്രശ്നം തുടങ്ങി പല കാരണങ്ങളാലാണ് നിയമനം കിട്ടുന്നവനും സ്ഥലംമാറിയെത്തുന്നവനും അതിവേഗം രക്ഷപ്പെടാൻ കാരണം. എന്നാൽ, സ്ഥലംമാറ്റം കിട്ടാത്തവൻ പയറ്റുന്ന മറ്റൊരു സൂത്രം കൂടിയുണ്ട്.
ജോലി സ്ഥലം കാസർകോട് ആയിരിക്കും രേഖയിൽ. എന്നാൽ, ഉദ്യോഗസ്ഥനിരിക്കുന്നത് സ്വന്തം നാട്ടിലും. വർക്കിങ് അറേഞ്ച്മെന്റ് എന്നപേരിൽ ജില്ല തല ഉദ്യോഗസ്ഥരും ഭരണപക്ഷ യൂനിയനുകളിലും പെട്ടവരാണ് ഇതിന്റെ പിന്നിൽ. ആരോഗ്യം, കൃഷി തുടങ്ങി മിക്ക വകുപ്പുകളിലും ഈ രീതി തുടരുന്നു. മെഡിക്കൽ കോളജ്, ഡേറ്റ കോവിഡ് ആശുപത്രി തുടങ്ങിയിടങ്ങളിൽ അനുവദിച്ച തസ്തികകളിൽ ഡോക്ടർമാർ ഉൾപ്പടെയുള്ളവർ രേഖയിൽ ജോലിക്കുണ്ട്. പക്ഷേ, അവർ കാസർകോടില്ലെന്നുമാത്രം. ഇത്തരം ജീവനക്കാരുടെ ശമ്പളവും കാസർകോട് എന്ന നിലക്കാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.