ഓവുചാലിൽ പ്ലാസ്റ്റിക് മാലിന്യം; ഭീഷണിയിൽ പ്രദേശവാസികൾ
text_fieldsമൊഗ്രാൽ: ഒരുഭാഗത്ത് അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിഴചുമത്തൽ, മറുഭാഗത്ത് അരിച്ചുപെറുക്കി ഹരിതകർമസേന മാലിന്യം ശേഖരിക്കൽ. എട്ടിട്ടും മൊഗ്രാൽ കെ.കെ പുറത്ത് പ്ലാസ്റ്റിക് മാലിന്യം ഓവുചാലിലേക്ക്.
ദുർഗന്ധത്തിലും പകർച്ചവ്യാധി ഭീഷണിയിലുമാണ് പ്രദേശവാസികൾ. ഹരിത കർമസേന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. ഇതും പോരാഞ്ഞ് കുമ്പള ഗ്രാമപഞ്ചായത്ത് മുക്കിനും മൂലയിലും മാലിന്യനിക്ഷേപത്തിന് എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നമട്ടിൽ മൊഗ്രാൽ കെ.കെ പുറം റോഡിൽ കണ്ടത്തിൽ പള്ളിക്ക് സമീപത്തെ ഓവുചാലിലേക്ക് വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് നിത്യസംഭവമാവുകയാണ്.
മൊഗ്രാൽ ദേശീയപാതയിൽ ഷാഫി മസ്ജിദിനടുത്തുള്ള കലുങ്കിൽനിന്ന് മഴക്കാലത്ത് പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന പ്രധാന ഓവുചാലാണിത്. ഇത് മാലിന്യത്താൽ മൂടപ്പെട്ടാൽ പ്രദേശം വലിയ വെള്ളപ്പൊക്കത്തിനും രോഗവ്യാപനത്തിനും സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പ്രദേശവാസികൾ പറയുന്നു.
മഴക്കാല മുന്നൊരുക്ക ശുചീകരണമൊന്നും ഇവിടെ നടന്നിട്ടുമില്ല. നേരത്തേ ഓവുചാലിലേക്ക് മാലിന്യം വലിച്ചെറിയുന്നതിൽ സഹികെട്ട കെ.കെ പുറം പ്രിയദർശിനി ക്ലബ് പ്രവർത്തകർ ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്നും നിങ്ങൾ സി.സി.ടി.വി നിരീക്ഷണത്തിലാണെന്നും കാണിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു.
എന്നാൽ, ഈ ബോർഡ് പിഴുതെറിഞ്ഞാണ് മാലിന്യം വലിച്ചെറിയൽ തുടരുന്നത്. വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും ഹരിത കർമസേന മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് മാലിന്യം അലക്ഷ്യമായി ഇവിടെ വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് മാലിന്യം വീട്ടുകാർക്ക് എളുപ്പത്തിൽ ശേഖരിച്ചുവെക്കുന്നതിന് വേണ്ടിയാണ് വിവിധ ഭാഗങ്ങളിൽ കുമ്പള ഗ്രാമപഞ്ചായത്ത് എം.സി.എഫുകൾ സ്ഥാപിച്ചിരിക്കുന്നത്.
ജില്ലയിൽ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും കത്തിക്കുന്നതിനും സ്ഥാപനങ്ങളും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിനുമെതിരെ വലിയ പിഴകളാണ് ഇതിനകം ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചുമത്തിക്കൊണ്ടിരിക്കുന്നത്. കൃത്യമായി മാലിന്യസംസ്കരണം നടക്കാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ആരോഗ്യവകുപ്പ് കണ്ടെത്തി തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് കൈമാറണമെന്ന് സർക്കാർ നിർദേശമുണ്ട്.
തെറ്റായരീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണതലത്തിലെ വിജിലൻസ് സ് ക്വാഡിന്റെ നേതൃത്വത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന നിർദേശവും പാലിക്കപ്പെടാത്തത് മാലിന്യം വലിച്ചെറിയുന്നതിന് കാരണമാകുന്നുവെന്നും ക്ലബ് പ്രവർത്തകർ പറയുന്നു. മഴക്കാലം പടിവാതിക്കലെത്തിനിൽക്കുമ്പോൾ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ കൃത്യമായും സമയബന്ധിതമായും നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്ന് പ്രിയദർശിനി ക്ലബ് ആവശ്യപ്പെട്ടു.
ഇപ്രാവശ്യം മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡുതോറും 30,000 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ശുചിത്വ മിഷൻ 10,000, ദേശീയ ആരോഗ്യ മിഷൻ 10,000, പഞ്ചായത്ത് തനത് ഫണ്ട് 10,000 എന്നിങ്ങനെയാണ് സർക്കാർ ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മാലിന്യനിക്ഷേപത്തിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തപക്ഷം ജില്ല എൻഫോഴ് സ്മെന്റ് സ്ക്വാഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ക്ലബ് പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.