മംഗളൂരുവിലേക്ക് യാത്രക്കാർ യഥേഷ്ടം; കെ.എസ്.ആർ.ടി.സി ബസ് വരുമാനം ഒമ്പതുലക്ഷം വരെ
text_fieldsകാസർകോട്: കോവിഡില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടും മംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവില്ല. കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ, വരുമാനത്തിലും കാര്യമായ മാറ്റമുണ്ട്. പ്രതിദിന വരുമാനം ഒമ്പത് ലക്ഷം വരെ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
കേരളത്തിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിലാണ് കർണാടക നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ട് ഡോസ് വാക്സിൻ എടുത്താൽ പോലും 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ടാണ് അതിർത്തി കടക്കാൻ നിർദേശിച്ച പ്രധാന നിബന്ധന. ആദ്യഘട്ടത്തിൽ നിർദേശം കടുപ്പിച്ചെങ്കിലും ഇപ്പോൾ വലിയ പ്രയാസമില്ല അതിർത്തി കടക്കാൻ. എങ്കിലും നിയന്ത്രണം പിൻവലിക്കാൻ കർണാടക സർക്കാർ ഒരുക്കമല്ലെന്നാണ് സൂചന.
കാസർകോട് ഡിപ്പോയിൽനിന്ന് 60ഓളം ബസുകളാണ് തലപ്പാടി വരെ പോകുന്നത്. തലപ്പാടിയിൽ ഇറങ്ങുന്ന യാത്രക്കാർ അതിർത്തി കടന്ന് കർണാടക ബസിൽ കയറുകയാണ് പതിവ്. നേരിട്ട് മംഗളൂരുവിൽ പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ കുറവില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. എട്ടു മുതൽ ഒമ്പത് ലക്ഷം വരെയാണ് വരുമാനം. സ്കൂൾ തുറക്കുേമ്പാൾ ആറ് ബസുകൾ കൂടി അധികമായി സർവിസ് നടത്തും. ഇതോടെ വരുമാനം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ, കെ.എസ്.ആർ.ടി.സിയിൽനിന്ന് കണ്ടക്ടറും ഡ്രൈവർമാരുമായി 55 പേർ സ്ഥലംമാറിപ്പോയത് തിരിച്ചടിയായി. മറ്റ് ജില്ലകളിൽനിന്നുള്ളവർക്കാണ് മാറ്റം. പകരം ആളുകളെ 'വർക്ക് അറേൻജ്മെൻറി'ൽ വരുത്തിയാണ് സർവിസ് നിലനിർത്തുന്നത്. കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽനിന്നാണ് പകരം ജീവനക്കാരെ എത്തിച്ചത്. ഒറ്റയടിക്ക് ഇത്രയും പേർ സ്ഥലംമാറിയെങ്കിലും സർവിസുകൾ വെട്ടിക്കുറക്കേണ്ടി വന്നില്ലെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽനിന്നുള്ളവർ താരതമ്യേന കുറവാണ് എന്നതാണ് കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിൽ നേരിടുന്ന പ്രധാന പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.