പ്ലസ് വൺ പ്രവേശനം ആരംഭിച്ചു; 3,723 പേരുടെ ഉപരിപഠനം വെല്ലുവിളി
text_fieldsകാസർകോട്: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം തുടങ്ങി. ജില്ലയിൽ ഇത്തവണ 3,723 വിദ്യാർഥികളുടെ ഉപരിപഠനം വെല്ലുവിളി. ഇവർ ഓപൺ സ്കൂളുകളിലേക്കും കർണാടകത്തിലേക്കും ചേക്കേറേണ്ടിവരും. 19,658 വിദ്യാർഥികൾ എസ്.എസ്.എൽ.സി വിജയിച്ചു.
എന്നാൽ, പ്ലസ് വൺ, വി.എച്ച്.എസ്.ഇ, പോളിടെക്നിക്ക്, ഐ.ടി.ഐ അടക്കം ജില്ലയിൽ ആകെ 15,935 സീറ്റുകളാണുള്ളത്. അർഹതയുണ്ടായിട്ടും മതിയായ ബാച്ചുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നിശ്ചിത ശതമാനം സീറ്റ് വർധിപ്പിച്ചും താൽക്കാലിക ബാച്ചുകൾ അനുവദിച്ചും നടത്തുന്ന ശ്രമം പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമല്ല.
ഒരു ക്ലാസ് മുറിയിൽ ശരാശരി 30 മുതൽ 35 വരെ വിദ്യാർഥികളാണുണ്ടാവേണ്ടത്. എന്നാൽ, നിലവിൽ ജില്ലയിൽ 50 മുതൽ 65 വരെ വിദ്യാർഥികൾ ഒരു ക്ലാസിൽ ഞെരുങ്ങിയിരുന്ന് പഠിക്കേണ്ടിവരുന്നു.
ജില്ലയിലെ ഹൈസ്കൂളുകൾ ഹയർസെക്കൻഡറിയായി ഉയർത്തുകയും ഹയർ സെക്കൻഡറി സ്കൂളുകളിൽ സയൻസ് ബാച്ചുകൾ അനുവദിക്കുകയുമല്ലാതെ ജില്ലയിൽ നിന്നും വിജയിച്ച എസ്.എസ്.എൽ.സി വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഹരിക്കാനാവില്ല. വടക്കൻ തീരദേശ മേഖലയിലെ വിദ്യാർഥികൾക്ക് സയൻസ് പഠിക്കാനാണ് ഏറെ അസൗകര്യം.
ഇതുസംബന്ധിച്ച് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് നിയമസഭയിൽ ചോദിച്ച ചോദ്യത്തിനു ലഭിച്ച മറുപടി, പ്രശ്നത്തിന്റെ ശോച്യവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്.
2021-22 വർഷത്തേക്ക് കുമ്പള ഹയർസെക്കൻഡറി സ്കൂളിൽ 446 വിദ്യാർഥികളാണ് സയൻസ് പഠിക്കാൻ അപേക്ഷ നൽകിയത്. 60 സീറ്റുകളാണ് ഇവിടെയുള്ളത്. മറ്റ് വിദ്യാർഥികളുടെ ആഗ്രഹം നിഷ്ഫലമാവുകയായിരുന്നു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ പ്ലസ് ടു കോഴ്സുള്ള വിദ്യാലയങ്ങൾ ഒമ്പതെണ്ണം മാത്രമാണ്. കാഞ്ഞങ്ങാട്ട് 20 എണ്ണമാണുള്ളത്. ഹൈസ്കൂളുപോലും ഇല്ലാത്ത പഞ്ചായത്തുകൾ മഞ്ചേശ്വരത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.