പ്ലസ് വൺ: ജില്ലയിൽ ശേഷിക്കുന്നത് 3239 സീറ്റ്; സമ്പൂർണ എ പ്ലസുകാർക്കും നിരാശ
text_fieldsകാസർകോട്: പ്ലസ് വൺ പ്രവേശനത്തിെൻറ ആദ്യ അലോട്ട്മെൻറായപ്പോൾ ജില്ലയിൽ ശേഷിക്കുന്നത് 3239 സീറ്റ് മാത്രം. ഏകജാലക പ്രവേശനം വഴി 104 സ്കൂളുകളിലായി ആകെ 12,938 സീറ്റാണ് ജില്ലയിലുള്ളത്. ഇതിൽ 9699 സീറ്റിലേക്കാണ് ഒന്നാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം.
ജില്ലയിൽ ഇത്തവണ 19,653 പേരാണ് ഏകജാലകം വഴി അപേക്ഷിച്ചത്. ഇതിൽ ആദ്യ അലോട്ട്മെൻറിൽ 9954 പേരും പുറത്തായി. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റിലാണ് ഇനി ആകെയുള്ള പ്രതീക്ഷ. പട്ടികജാതി-വർഗം, മുന്നാക്ക വിഭാഗം തുടങ്ങിയ സംവരണ സീറ്റുകളിൽ കാര്യമായ ഒഴിവുണ്ട്. പൊതുവിഭാഗത്തിൽ ജില്ലയിലുള്ള 5558 സീറ്റുകളിലും ഒന്നാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശന പ്രക്രിയ തുടങ്ങി. ഇഷ്ട ഒപ്ഷനും ഇഷ്ട സ്കൂളും കിട്ടാത്തതിെൻറ നിരാശയിലാണ് കുട്ടികളും രക്ഷിതാക്കളും. എസ്.എസ്.എൽ.സി പരീക്ഷയിൽ 99.74 ശതമാനം വിജയം നേടി കാസർകോട് റെക്കോഡ് ജയം നേടിയ വർഷമാണിത്. 4366 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസും നേടി. കഴിഞ്ഞവർഷം 1685 പേരായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നത്. ഫുൾ എ പ്ലസുകാരുടെ എണ്ണം കുത്തനെ കൂടിയതിനാൽ പ്ലസ് വൺ പ്രവേശനത്തിലും കടുത്ത പ്രതിസന്ധിക്ക് കാരണമായി. ജില്ലയിൽ 19287 പേരാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. എന്നാൽ, പ്ലസ് വൺ അപേക്ഷകരാകട്ടെ 19653 ആണ്.
ആളില്ലാതെ സംവരണ സീറ്റുകൾ
ജില്ലയിൽ പട്ടികജാതി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ സീറ്റ് ഒഴിവുള്ളത്- 1132 എണ്ണം. മൊത്തം 1714 സീറ്റിൽ 582 എണ്ണത്തിലാണ് ആദ്യ അലോട്ട്മെൻറിൽ നികത്തിയത്. പട്ടികവർഗ വിഭാഗത്തിൽ 613 സീറ്റ് ഒഴിവുണ്ട്. 1214 സീറ്റിൽ 601 എണ്ണമാണ് നികത്താനായത്. ഭാഷ ന്യൂനപക്ഷ സംവരണ സീറ്റിൽ ഒരു സീറ്റ് മാത്രമാണ് ശേഷിക്കുന്നത്. കുടുംബി വിഭാഗത്തിലെ ആകെയുള്ള 158 സീറ്റിലും ആരുമെത്തിയില്ല. മുന്നാക്ക സംവരണ വിഭാഗത്തിൽ 537 സീറ്റ് ഒഴിവുണ്ട്. ജില്ലയിൽ ഇവർക്കായുള്ള 1026ൽ 489 എണ്ണത്തിലേ അപേക്ഷകരുള്ളൂ.
ഈഴവ, തീയ, ബില്ലവ വിഭാഗത്തിൽ 855 സീറ്റാണ് ജില്ലയിലുള്ളത്. ഇതിൽ 844 സീറ്റിലും ആദ്യ അലോട്ട്മെൻറിൽ ഇടംപിടിച്ചു. ശേഷിക്കുന്നത് 11 സീറ്റാണ്. മുസ്ലിം വിഭാഗത്തിലെ 684 സീറ്റിലും ആളായി. എൽ.സി, എസ്.ഐ.യു.സി, ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ 291 സീറ്റ് ബാക്കിയുണ്ട്. ഇവർക്കായി മാറ്റിവെച്ച 342ൽ 51സീറ്റിലേ കുട്ടികൾ എത്തിയുള്ളൂ. ക്രിസ്ത്യൻ ഒ.ബി.സി വിഭാഗത്തിൽ 129 സീറ്റ് ബാക്കിയുണ്ട്. 158ൽ 29 പേരേ ഒന്നാം അലോട്ട്മെൻറിൽ ഉൾപ്പെട്ടിട്ടുള്ളൂ. ഹിന്ദു ഒ.ബി.സിയിൽ 342ൽ 340ഉം പൂർത്തിയായി. ഭിന്നശേഷി വിഭാഗത്തിൽ 161, കാഴ്ചയില്ലാത്തവർ 26, ധീവര 61, വിശ്വകർമ 13, കുശവ 104 എന്നിങ്ങനെയാണ് മറ്റ് സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം.
എയ്ഡഡ്, കമ്യൂണിറ്റി, അൺ എയ്ഡഡ്
ആദ്യ അലോട്ട്മെൻറിൽ ബാക്കിയുള്ള സീറ്റിനു പുറമെ എയ്ഡഡ് സ്കൂളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി സീറ്റുകളിലാണ് വിദ്യാർഥികൾക്കുള്ള പ്രതീക്ഷ.
ഇത് രണ്ടും കൈവിട്ടാൽ ഉയർന്ന ഫീസ് നൽകി അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കേണ്ട സ്ഥിതി വരും. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് അൺ എയ്ഡഡ് പ്ലസ് വൺ സീറ്റുകളും ഏറ്റവും കുറവുള്ള ജില്ലയാണ് കാസർകോട്. ഒന്നാം അലോട്ട്മെൻറിൽ ഒഴിവുള്ള സംവരണ സീറ്റുകൾ രണ്ടാം അലോട്ട്മെൻറിൽ മെറിറ്റ് വിഭാഗത്തിലേക്ക് ചേർക്കുന്നതോടെ കൂടുതൽ പേർക്ക് സാധ്യത വരും.
ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ സീറ്റുകളും പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്നും സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ടാവില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.