കുറ്റവാളികളെ മണത്തു പിടിച്ച റൂണിക്ക് ഇനി വിശ്രമം
text_fieldsകാസർകോട്: പൊലീസ് സേനയുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിച്ച റൂണി എന്ന പൊലീസ് നായ് വിരമിച്ചു. കാസർകോട് കെ. 9 സ്ക്വാഡിലെ ട്രാക്കറായ പൊലീസ് നായാണ് സർവിസിൽനിന്ന് വിരമിച്ചത്. ഇനി തൃശൂർ വിശ്രാന്തിയിൽ വിശ്രമം.
ജർമൻ ഷെപ്പേർഡ് വിഭാഗത്തിൽപെട്ട റൂണി എന്ന ഒന്നര വയസ്സുകാരി തൃശൂരിലുള്ള സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സെന്ററിൽനിന്ന് ഒമ്പതു മാസത്തെ പരിശീലനം പൂർത്തിയാക്കി 2016 ഏപ്രിൽ 10നാണ് കെ. 9 സ്ക്വാഡിൽ അംഗമാകുന്നത്. ഒമ്പതുവർഷത്തെ സേവനത്തിനിടയിൽ നിരവധി നേട്ടങ്ങൾ ജില്ലക്ക് നേടിക്കൊടുക്കാൻ റൂണിക്ക് സാധിച്ചിട്ടുണ്ട്.
റൂണിയുടെ ആദ്യ ഡ്യൂട്ടി തന്നെ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രതിയുടെ ചെരിപ്പിൽ മണം പിടിച്ച റൂണി നേരെ പ്രതിയുടെ വീട്ടിലേക്കാണ് പോയത്.
ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ കുട്ടിയുടെ മിസിങ് കേസിൽ വസ്ത്രത്തിന്റെ മണംപിടിച്ച് നേരെ പുഴയുടെ കരയിലേക്ക് പോകുക വഴി അന്വേഷണ ഉദ്യോഗസ്ഥർക്ക് നേർവഴി കാട്ടിക്കൊടുക്കാൻ റൂണിക്ക് സാധിച്ചു. കൂടാതെ അമ്പലത്തറയിൽ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത അഞ്ചു അന്തർസംസ്ഥാന തൊഴിലാളികൾ ബംഗാളി ഭാഷയിൽ പരസ്പരവിരുദ്ധമായി സംസാരിച്ച് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയപ്പോൾ, വീട്ടമ്മയുടെ മാലയിൽ മണം പിടിച്ച് അഞ്ചുപേരിൽ യഥാർഥ പ്രതിയുടെ നേർക്ക് ഓടിയടുത്തത് റൂണിയായിരുന്നു.
അതുപോലെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കിണർ വെള്ളത്തിൽ കീടനാശിനി കലർത്തിയ കേസിൽ കീടനാശിനിക്കുപ്പിയിൽ മണം പിടിച്ച റൂണി നേരെ പ്രതിയുടെ വീട്ടിലേക്കു പോവുകയുണ്ടായി.
പൊലീസ് ഡ്യൂട്ടി മീറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
2018ൽ കേരള പൊലീസ് ഡ്യൂട്ടി മീറ്റിൽ സിൽവർ മെഡലും 2019ൽ ലഖ്നോയിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിൽ ഏഴാം സ്ഥാനവും നേടി. എസ്. രഞ്ജിത്ത്, ആർ. പ്രജേഷ് എന്നിവരാണ് പരിശീലകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.