ട്രെയിനിനു മുന്നിൽ ചാടാനൊരുങ്ങിയ അമ്മയെയും രണ്ടു മക്കളെയും പൊലീസ് രക്ഷിച്ചു
text_fieldsചെറുവത്തൂർ: കുടുംബ വഴക്കിനെ തുടർന്ന് വീട് വിട്ടിറങ്ങി ട്രെയിനിനു മുന്നിൽ ചാടാനൊരുങ്ങിയ അമ്മയെയും രണ്ട് മക്കളെയും പൊലീസ് രക്ഷപ്പെടുത്തി. കൊടക്കാട് വേങ്ങാപ്പാറ സ്വദേശിനിയായ യുവതിയെയും അഞ്ചും പത്തും വയസ്സുള്ള രണ്ടു മക്കളെയുമാണ് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ചന്തേര പൊലീസ് രക്ഷപ്പെടുത്തിയത്.
എമർജൻസി കൺട്രോൾ റൂമിൽനിന്ന് സന്ദേശം ലഭിച്ച് പത്ത് മിനിറ്റിനകം കുതിച്ചെത്തിയ ചന്തേര പൊലീസ് രക്ഷപ്പെടുത്തി ഇവരെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു.
വനിതദിനമായ ബുധനാഴ്ച രാത്രി 8. 30നാണ് തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി കെ.എം. ഇസ്മായിലിന്റെ ഓട്ടോയിൽ രണ്ടുമക്കളെയും കൊണ്ട് കയറിയ യുവതി റെയിൽവേ സ്റ്റേഷനിൽ പോകണമെന്നാവശ്യപ്പെട്ടത്. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിൽനിന്ന് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് കഷ്ടിച്ച് നടക്കാനുള്ള ദൂരം മാത്രമേയുള്ളൂവെന്നിരിക്കെ ഓട്ടോ വിളിച്ച യുവതിയുടെ നീക്കത്തിൽ സംശയം തോന്നിയ ഇസ്മായിൽ അവരെ നിരീക്ഷിക്കുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിലേക്ക് പോകാതെ മൂവരും ട്രാക്കിനരികിലൂടെ നടക്കുന്നത് കണ്ട് ഇസ്മായിൽ വിവരം പൊലീസ് എമർജൻസി സേവന നമ്പറായ 112ൽ വിളിച്ചറിയിക്കുകയായിരുന്നു.
ചന്തേര എസ്.ഐ ശ്രീദാസ്, എ.എസ്.ഐ മനോജ് പൊന്നമ്പാറ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ് തടിയൻ കൊവ്വൽ, രാജേഷ് കാങ്കോൽ, പൊലീസ് ഡ്രൈവർ സുരേഷ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് അപകടത്തിലാകുമായിരുന്ന മൂന്ന് ജീവനുകൾ രക്ഷിക്കാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.