പൊതുജനങ്ങളോടുള്ള പൊലീസ് സമീപനം പരിശോധിക്കും–ഡി.ജി.പി
text_fieldsകാസർകോട്: പൊതുജനങ്ങളോടുള്ള പൊലീസുകാരുടെ സമീപനത്തില്‍ മാറ്റം വരുത്തണോയെന്ന് പരിശോധിക്കുമെന്നും എല്ലാ വിഭാഗം ആളുകളുമായി മാന്യമായി ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും സംസ്ഥാന പൊലീസ് മേധാവി വൈ.അനില്‍കാന്ത്.ജില്ല പൊലീസ് ആസ്ഥാനത്ത് പരാതി പരിഹാര അദാലത്തിനെത്തിയതായിരുന്നു ഡി.ജി.പി. പൊലീസുകാര്‍ക്കെതിരായ പരാതികള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടികളുണ്ടാകും.
പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനൊപ്പം പൊലീസുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജില്ലയുടെ ക്രമസമാധാന സാഹചര്യം തുടങ്ങിയവയും അദാലത്തിെൻറ ഭാഗമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലയില്‍ ആവശ്യത്തിന് പൊലീസുകാരില്ലാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പഠിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അനില്‍കാന്ത് കാസര്‍കോട്ടെത്തുന്നത്.
ഡി.ജി.പിയുടെ അദാലത്ത്; പരിഗണിച്ചത് 41 പരാതികള്‍
കാസർകോട്: സംസ്ഥാന പൊലീസ് മേധാവി വൈ.അനില്‍കാന്ത് ജില്ല പൊലീസ് ആസ്ഥാനത്ത് നടത്തിയ പരാതി പരിഹാര അദാലത്തില്‍ പരിഗണിച്ചത് 41 പരാതികള്‍. ഇതില്‍ പകുതിയും സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള സിവില്‍ കേസുകളുമായി ബന്ധപ്പെട്ടത്.
ഇത്തരം കേസുകളുടെ ഭാഗമായി കുറ്റകൃത്യങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷണം വൈകരുതെന്ന് പൊലീസ് മേധാവി നിര്‍ദേശം നല്കി. അദാലത്തില്‍ പരിഗണിച്ച 41 പരാതികളും പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പരാതിയായെത്തിയ വസ്തുതര്‍ക്ക കേസ് ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് കൈമാറി. പൊലീസ് വകുപ്പിലെ ആശ്രിത നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട പരാതിയും അദാലത്തില്‍ പരിഗണിച്ചു. വിഷയത്തില്‍ ജില്ല പൊലീസ് മേധാവി സര്‍ക്കാറിലേക്ക് കത്തയച്ചിട്ടുണ്ട്.
ഇതിെൻറ തുടര്‍നടപടികളില്‍ വീഴ്ചയുണ്ടാകരുതെന്ന് ഡി.ജി.പി നിര്‍ദേശിച്ചു. 41 പരാതികളില്‍ 19 എണ്ണം തുടര്‍ നടപടികള്‍ക്കായി ജില്ല പൊലീസ് മേധാവിക്കും നാലെണ്ണം ബേക്കല്‍ ഡിവൈ.എസ്.പിക്കും കൈമാറി. നാല് പരാതികളില്‍ പൊലീസ് ആസ്ഥാനത്ത് നിന്നും തുടര്‍നടപടികളുണ്ടാകും. സംസ്ഥാന പൊലീസ് മേധാവിക്ക് പുറമെ ഉത്തരമേഖല ഐ.ജി അശോക് യാദവ്, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമന്, കാസര്‍കോട് ജില്ല പൊലീസ് മേധാവി പി.ബി.രാജീവ്, മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.