വിവാദങ്ങളില്ലാത്ത കാലം; ജനകീയ കലക്ടർ സ്വാഗത് പടിയിറങ്ങി
text_fieldsകാസർകോട്: വിവാദങ്ങൾക്ക് അവധി നൽകി, അതേസമയം പ്രശ്നങ്ങളിൽ കരുതലോടെ ഇടപെട്ട കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പടിയിറങ്ങി. മേയ് 15നാണ് പുതിയ കലക്ടർ എത്തുക. അതുവരെ അവധിയിലാണ്. സ്വാഗത് എന്നാണ് പേരെങ്കിലും മുഴുവൻ പേരായ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്ന് തന്നെ അവർ അറിയപ്പെട്ടു. ‘ഭണ്ഡാരി എന്റെ സർ നെയിം ആണ്. ജൈനമത വിഭാഗത്തിൽ ജനിച്ചതിനാൽ കാസ്റ്റ് ഇല്ല. രൺവീർ ചന്ദ് അച്ഛന്റെ പേരാണ്’ -അവർ പറഞ്ഞു.
വില്ലേജ് ഓഫിസുകളിൽ നേരിട്ടുചെന്ന് പരിശോധനകൾ നടത്തി ഏറ്റവും കൂടുതൽ പേർക്ക് ആശ്വാസമായി മാറിയ കലക്ടർ. വിവാദങ്ങളിലോ വ്യക്തിതാൽപര്യങ്ങളിലോ മാധ്യമ പ്രചാരണത്തിലോ അവർ താൽപര്യം കാണിച്ചില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരമാവധി പരിഹരിക്കാൻ ശ്രമിച്ചു. വിവാദ വിഷയങ്ങളിൽ നിന്നും വിട്ടുനിന്നു. രണ്ടു വർഷത്തെ സേവനത്തിനിടെ ആർക്കും പിടികൊടുത്തില്ല. രാഷ്ട്രീയ സമ്മർദത്തിനും വഴങ്ങിയില്ല.
കേരള ജല അതോറിറ്റി എം.ഡിയായാണ് കലക്ടര്‍ ജില്ലയില്‍നിന്ന് മടങ്ങുന്നത്. 2021 ജൂലൈ 13നാണ് ജില്ലയുടെ 24ാമത് കലക്ടറായി ചുമതലയേറ്റത്. രണ്ടാം കോവിഡ് തരംഗത്തിനിടെയായിരുന്നു ഇത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കലക്ടര്‍ നടത്തിയ ഇടപെടലുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം കൃത്യമായി എത്തിച്ചു. വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സംവിധാനമൊരുക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ആശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. ഇരകൾ വേദനിക്കുന്ന ഒന്നും അവർ ചെയ്തില്ല. 7171 ദുരിതബാധിതരിലേക്ക് അഞ്ചുലക്ഷം രൂപ വീതം എത്തിക്കാന്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി. ജില്ലയിലെ എല്ലാ വില്ലേജ് ഓഫിസുകളും സന്ദര്‍ശിച്ച് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ നടപടിയെടുത്തു. മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളിൽ കടുത്ത നടപടിയെടുത്തു. കലക്ടറുടെ ഏറ്റവും കടുത്ത നടപടി മംഗൽപാടി പഞ്ചായത്തിലെ മാലിന്യവുമായി ബന്ധപ്പെട്ടതായിരുന്നു. മാലിന്യം നീക്കിയില്ലെങ്കിൽ അധികാരം ഏറ്റെടുക്കുമെന്ന് പറഞ്ഞു. പരവനടുക്കം ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് രക്ഷാധികാരിയും കൂട്ടുകാരിയുമായിരുന്നു കലക്ടര്‍. ഇത്തരത്തില്‍ ജില്ലയിലെ സമസ്ത മേഖലകളിലും ഇടപെട്ട ജനകീയ കലക്ടറായിരുന്നു ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സലിന്റെ നേതൃത്വത്തില്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന് യാത്രയയപ്പ് നല്കി. മേയ് 15വരെ കലക്ടറുടെ സേവനം ജില്ലയില്‍ ഉണ്ടാകും. രജിസ്ട്രേഷന് ഐ.ജിയായ കെ. ഇമ്പശേഖര്‍ ആണ് പുതിയ കലക്ടര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.