മഴക്കാല പൂർവ ശുചീകരണം; മേയ് അഞ്ചിനു പൊതു ഇടങ്ങള്‍ ശുചീകരിക്കും
text_fieldsകാസര്‍കോട്: ജില്ലയില്‍ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി മേയ് അഞ്ചിന് പൊതു ഇടങ്ങള്‍ ശുചീകരിക്കും. ദേശീയപാത, റെയില്‍വേ അടിപ്പാതകള്‍, തോടുകള്‍, കനാലുകള്‍ തുടങ്ങി പൊതു ഇടങ്ങള്‍ ശുചീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഹരിതകർമ സേന, തൊഴിലുറപ്പ് ജീവനക്കാര്‍, എൻ.എസ്.എസ്, എൻ.സി.സി, യുവജനങ്ങൾ, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണം സംഘടിപ്പിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കും. സ്കൂളുകളില്‍ മാര്‍ച്ച് 31ന് ആദ്യഘട്ട ക്ലീനിങ് നടന്നിരുന്നു. തുടര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് നടത്തും.
തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റികള്‍ ചേര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും മഴക്കാലത്ത് മരങ്ങള്‍ കടപുഴകിയും മറ്റുമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ മൂന്ന് സൈക്ലോണ്‍ ഷെഡുകളും അതത് തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.വി ശ്രുതി, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനീയർ ടി. സഞ്ജീവ്, നവകേരളം കർമ പദ്ധതി ജില്ല കോ -ഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, ശുചിത്വ മിഷന് ജില്ല കോ -ഓഡിനേറ്റര്‍ എ. ലക്ഷ്മി, ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അശ്വതി കൃഷ്ണ, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, എല്‍.എസ്.ജി.ഡി പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.