പ്രൈമറി പ്രധാനധ്യാപകർ പട്ടിണി സമരം നടത്തും
text_fieldsകാഞ്ഞങ്ങാട്: സർക്കാർ പ്രൈമറി ഹെഡ് മാസ്റ്റർമാർ പ്രഥമാധ്യാപക തസ്തികയിൽ വന്നിട്ട് ഒന്നര വർഷത്തിലധികമായിട്ടും അർഹമായ ശമ്പള സ്കെയിൽ അനുവദിക്കാതെ പ്രൈമറി ഹെഡ്മാസ്റ്റർമാരോട് വിവേചനം തുടരുന്ന സർക്കാർ നിലപാടുകൾക്കെതിരെ പ്രൈമറി ഹെഡ് മാസ്റ്റർമാർ ഉച്ചഭക്ഷണം ഉപേക്ഷിച്ച് പട്ടിണി സമരം നടത്തും.
ഉച്ചഭക്ഷണ തുക വർധിപ്പിക്കാതെയും നാല് മാസമായി ഉച്ചഭക്ഷണ തുക ലഭ്യമാക്കാതെയും പ്രൈമറി പ്രധാനാധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേർസ് അസോസിയേഷന്റെ (കെ.ജി.പി.എച്ച്.എസ് ) ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പ്രഥമാധ്യാപകർ മാർച്ച് 21ന് പട്ടിണി ദിനം ആചരിക്കുന്നത്.
സർക്കാറിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നെങ്കിലും അനുകൂല തീരുമാനങ്ങളൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹെഡ്മാസ്റ്റർമാർ പട്ടിണി സമരത്തിലേക്ക് നീങ്ങുന്നത്. പ്രഥമാധ്യാപക യോഗ്യത സംബന്ധിച്ച കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ കേസിന്റെ അന്തിമവിധി വന്നതിനു ശേഷം മാത്രമേ ശമ്പള സ്കെയിൽ അനുവദിക്കാൻ കഴിയുകയുള്ളൂ എന്നാണ് സർക്കാർ നിലപാട്.
എന്നാൽ, കോടതി വിധി എതിരായത് മൂലം ഏതെങ്കിലും പ്രഥമാധ്യാപകരുടെ സ്ഥാനകയറ്റം റദ്ദാകുന്ന അവസ്ഥ വന്നാൽ അവർ അധികമായി കൈപ്പറ്റിയ തുക ഈടാക്കാൻ നിലവിൽ വ്യവസ്ഥകൾ ഉണ്ട് . അർഹമായ ശമ്പള സ്കെയിൽ ലഭിക്കാതെ ധാരാളം പ്രഥമാധ്യാപകർ കഴിഞ്ഞവർഷം സർവിസിൽ നിന്ന് വിരമിച്ചു.
ഈ വർഷവും നൂറുകണക്കിന് പേർ വിരമിക്കാൻ പോകുന്നു. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയാറാകണം. എയ്ഡഡ് സ്കൂളിൽ പുതുതായി ചാർജെടുത്ത പ്രധാനാധ്യാപകർക്ക് ശമ്പള സ്കെയിലും ആനുകൂല്യങ്ങളും നൽകിയ സർക്കാർ പി.എസ്. സി വഴി ജോലിയിൽ കയറിയ സർക്കാർ മേഖലയിലുള്ളവരോടാണ് ചിറ്റമ്മ നയം തുടരുന്നത് .
ഇത് തികഞ്ഞ അനീതിയാണെന്ന് സംഘടന ആരോപിച്ചു. കെ.ജി.പി.എസ്.എച്ച്.എ ജില്ല പ്രസിഡന്റ് ശ്രീവത്സന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ, ജില്ല സെക്രട്ടറി രാജീവൻ, ശ്രീകാന്ത്, വസന്തകുമാർ, രമ, മുരളീധരൻ, രേഖ, സദാനന്ദൻ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.