വയനാട് മെഡിക്കൽ കോളജിനും പ്രിൻസിപ്പൽ; കാസർകോടിന് അവഗണനയുടെ എട്ടാംവർഷം
text_fieldsകാസർകോട്: ഒപ്പം തുടങ്ങിയ കോളജുകൾ യാഥാർഥ്യമായിട്ടും കാസർകോട് ഗവ. മെഡിക്കൽ കോളജിനോടുള്ള അവഗണനയിൽ മാറ്റമൊന്നുമില്ല. 2012 മാർച്ച് 24ലെ ഉത്തരവ് പ്രകാരം മഞ്ചേരി, ഇടുക്കി, പത്തനംതിട്ട മെഡിക്കൽ കോളജുകൾക്കൊപ്പം തുടങ്ങിയ കാസർകോട് മെഡിക്കൽ കോളജിൽ പ്രിൻസിപ്പലിനെ പോലും നിയമിക്കാനായില്ല. മാസങ്ങൾക്കുമുമ്പ് തുടങ്ങിയ വയനാട് മെഡിക്കൽ കോളജിനുപോലും പ്രിൻസിപ്പലിനെ നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിട്ടും കാസർകോടിനെക്കുറിച്ച് ചോദിക്കാനും പറയാനും ആരുമില്ലെന്നതാണ് സ്ഥിതി. പ്രിൻസിപ്പൽ പോയിട്ട് സൂപ്രണ്ടിനെ പോലും നിയമിക്കാതെയാണ് ഈ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞദിവസമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പ്രിൻസിപ്പൽമാരെ സ്ഥലംമാറ്റിയും പുതിയ പ്രിൻസിപ്പൽമാരെ നിയമിച്ചും ഉത്തരവിറക്കിയത്. സംസ്ഥാനത്തെ മിക്ക കോളജുകളിലെയും സ്ഥലംമാറ്റവും പുതിയ നിയമനവും പട്ടികയിൽ ഉണ്ടെങ്കിലും കാസർകോടിെൻറ കാര്യം മിണ്ടിയില്ല. ജില്ലയിലെ അഞ്ച് ജനപ്രതിനിധികളുടെ സമ്പൂർണ പരാജയം കൂടിയാണ് ഇത് തെളിയിക്കുന്നതെന്നാണ് ആക്ഷേപം.
അവഗണനയുടെ എട്ടാംവർഷം
2013 നവംബർ 30ന് തറക്കല്ലിട്ട കോളജാണിത്. അന്ന് തുടങ്ങി അവഗണനയും. തറക്കല്ലിട്ടുവെന്നല്ലാതെ പിന്നീട് ഒച്ചിഴയും പോലെയിരുന്നു നടപടികൾ. വർഷങ്ങൾ കഴിഞ്ഞിട്ടും അക്കാദമിക് ബ്ലോക്ക് മാത്രമാണ് പൂർത്തീകരിച്ചത്.
2018 നവംബർ 25ന് ആശുപത്രി സമുച്ചയത്തിെൻറ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. 67ഏക്കറിൽ 500 ബെഡുകളുള്ള ആശുപത്രിയാണ് ലക്ഷ്യം. ആശുപത്രി കെട്ടിടം പണി പുരോഗമിക്കുന്നു. ആകെ പൂർത്തിയായ അക്കാദമിക് ബ്ലോക്ക് കോവിഡ് ആശുപത്രിയായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതുതന്നെ വലിയ മഹാദ്ഭുതം പോലെയാണ് ജില്ല ഭരണകൂടം അവതരിപ്പിക്കുന്നത്.
ഡോക്ടർമാരും ഇല്ല
പ്രിൻസിപ്പലിനും സൂപ്രണ്ടിനും പുറമെ ഡെപ്യൂട്ടി സൂപ്രണ്ട് -ഒന്ന്, ആർ.എം.ഒ -ഒന്ന്, അസോസിയറ്റ് പ്രഫസർ -നാല് എന്നീ തസ്തികകളിലും ആളില്ല. 28 സീനിയർ റസിഡൻറുകളിൽ 19 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. നിയമിച്ച ഒമ്പതുപേരിൽ ആറുപേർ ജില്ലക്ക് പുറത്താണ് ജോലി ചെയ്യുന്നത്. ജൂനിയർ റസിഡൻറുമാരിൽ 24ൽ 20ഉം ഒഴിഞ്ഞുകിടക്കുന്നു. വയനാട് മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്. മറ്റ് മെഡിക്കല്‍ കോളജുകളില്‍ വിരമിച്ച ഒഴിവുകളാണ് നികത്തിയത്. കോവിഡ് മൂന്നാംതരംഗത്തിെൻറ പടിവാതിൽക്കൽ എത്തിയിട്ടും മറ്റ് കോളജുകൾക്കു കിട്ടുന്ന പരിഗണനയുടെ നാലിലൊന്നുപോലും കാസർകോടിെൻറ കാര്യത്തിൽ ഉണ്ടാകുന്നില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.