കാസർകോട് ജില്ലയിൽ സ്വകാര്യ ബസുകൾ കുറയുന്നു; ജീവനക്കാരും
text_fieldsകാസർകോട്: ജില്ലയിൽ സ്വകാര്യ ബസുകളുടെ എണ്ണം പകുതിയായി കുറയുന്നു. 400ലധികം സ്വകാര്യ ബസുകൾ സർവിസ് നടത്തിയിരുന്ന ജില്ലയിൽ 250നും താഴെ എന്ന നിലയിലേക്ക് കുറയുകയാണ്.
ചെറിയ ബസുകൾ പലതിലും ക്ലീനർമാർ ഇല്ലാതായി. കോവിഡിനെ തുടർന്ന് ഉപജീവനത്തിനായി മറ്റുവഴികൾ തേടിപ്പോയ ബസ് ജീവനക്കാരിൽ ക്ലീനർമാർ ഏറെയും തിരികെയെത്തിയില്ല. സ്വകാര്യ ബസുകളുടെ ഭാവി ഇരുളടഞ്ഞതാണെന്നുകണ്ടാണ് പലരും തിരിച്ചുവരാത്തത്.
കോവിഡ് കാലത്ത് സർവിസ് നിർത്തിവെക്കാൻ ജി ഫോം സമർപ്പിച്ചവരാണ് ബസ് ഉടമകളിൽ ഏറെയും. സർക്കാറിൽനിന്ന് മൂൻകൂർ അനുമതിയില്ലാതെ സമരം നടത്തിയതും വിനയായി. ഇതോടെ പ്രശ്നം സർക്കാറുമായി ചേർന്ന് പരിഹരിക്കാനുള്ള പഴുതടക്കുകയായിരുന്നു.
സർവിസ് നിർത്തിവെച്ചതിൽ 150ഓളം സ്വകാര്യ ബസുകളാണുള്ളത്. 48, 38, 33 സീറ്റുകളുടെ ബസുകളാണ് ഇപ്പോൾ സർവിസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ 48 സീറ്റുകളും അതിനു താഴെയുള്ള സീറ്റുകളുമുള്ള ബസുകളുടെ ചെലവ് ഒന്നുതന്നെ എന്നാണ് ബസുടമകൾ പറയുന്നത്.
48 സീറ്റുകളുള്ള ബസുകൾക്ക് പ്രതിദിനം 250 കിലോമീറ്റർ ഓടാൻ 70-80 ലിറ്റർ എണ്ണ വേണം. ഈ ബസുകളിൽനിന്നുള്ള വരുമാനം തന്നെയാണ് 38, 33 സീറ്റ് ശേഷിയുള്ള ചെറു ബസുകളിൽനിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇവക്ക് എണ്ണച്ചെലവ് 50 ലിറ്റർ മാത്രമാണ്. ചെറിയ ബസുകളിൽ ക്ലീനർമാർ ഇല്ലാതായതോടെ ആ ഇനത്തിലും ചെലവു കുറഞ്ഞതിനാൽ ചെറിയ ബസുകളിലേക്ക് തിരിയുകയാണ് ബസ് ഉടമകൾ. കുറെപേർ കണ്ടക്ടർ ജോലിയിലേക്ക് മാറി.
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കണ്ടക്ടർ ലൈസൻസ് ലഭിക്കും. മറ്റുള്ളവർ കൂലിവേലയും മത്സ്യക്കച്ചവടവും ഓട്ടോറിക്ഷയുമായി തുടരുകയാണ്.
പഴയ യാത്രക്കാർ തിരിച്ചുവരുന്നില്ല
കാസർകോട്: കോവിഡ് കാലത്ത് ബസുകൾ വിട്ട യാത്രക്കാർ തിരിച്ചുവന്നില്ലെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി സത്യൻ പൂച്ചക്കാട് പറഞ്ഞു.
ജോലിക്ക് പോകാൻ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയവർ ഇപ്പോഴും ആ രീതി തുടരുകയാണ്. കെ.എസ്.ആർ.ടി.സി ബസ് കരാർ സർവിസിൽ ഉപയോഗിക്കുന്നത് ലൈൻ ബസുകളേക്കാൾ സൗകര്യപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നു. സ്വകാര്യ ചെറുവാഹനങ്ങളുടെ ചെലവുകൾ പങ്കുവെച്ച് ജോലിക്കുപോകുന്നത് വ്യാപകമായി. ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചുതന്നെ ദീർഘദൂര യാത്ര ചെയ്യാനും കോവിഡ് കാലം പഠിപ്പിച്ചിട്ടുണ്ട്. ഇതും തുടരുകയാണ്. ഈ രീതിയിൽ വലിയ ശതമാനം ആളുകൾ ബസ് യാത്ര അവസാനിപ്പിച്ചു. യാത്രാക്കൂലി കൂട്ടിയാലും വ്യവസായം നിലനിൽക്കുമെന്ന് തോന്നുന്നില്ല. വിദ്യാർഥികളുടെ യാത്രാചാർജ് ന്യായമായ രീതിയിൽ വർധിപ്പിക്കണം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി ഇന്ധന വിലവർധനയും വന്നു. ആരോരുമറിയാതെ സ്പെയർ പാർട്സുകളുടെ വിലയും വർധിച്ചിരിക്കുകയാണ്. ബസുകൾ എങ്ങോട്ടുതിരിഞ്ഞാലും വെറുതെയിട്ടാലും സർക്കാറിനു പണം നൽകേണ്ട സ്ഥിതിയിൽ സമൂലമായ മാറ്റം വേണമെന്ന് സത്യൻ പൂച്ചക്കാട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.