നഗരജീവിതത്തിലെ ‘നരക’ കാഴ്ചകൾ
text_fieldsഅത്യുത്തരകേരളത്തിന്റെ അതിർവരമ്പിനുള്ളിൽ ഏഴു ഭാഷകളും അതിലധികവും സംസാരിക്കുന്നവർ താമസിക്കുന്നയിടം, കാസർകോട് ജില്ല. പൊതുവേ അവഗണനയുടെ ആഴം കൂടുതലാണെന്ന് പറഞ്ഞുവരുമെങ്കിലും വികസനപാതയിൽതന്നെയാണ് ജില്ല. ’80ന്റെ തുടക്കത്തിൽ ജില്ല രൂപവത്കരിക്കുന്ന കാലത്ത് മുരടിച്ചുനിന്ന നാടിന്ന് വികസനത്തിന്റെ ജനാല തുറന്ന് യാത്ര ആരംഭിച്ചിരിക്കുകയാണ്. സർക്കാറുകൾ മാറിവരുമ്പോഴും അവരവരുടെ വികസനകാഴ്ചപ്പാടുകൾ ജനങ്ങളെ അറിയിക്കാനുള്ള രാഷ്ട്രീയപാർട്ടികളുടെ യാത്ര മിക്കതും തുടങ്ങുന്നത് വടക്കേ അതിർത്തിപ്രദേശമായ മഞ്ചേശ്വരത്തുനിന്നാണ്. എന്നിരുന്നാലും, ഇനിയും ഒരുപാട് മാറേണ്ടതുണ്ട്. കാസർകോട് നഗരം. ഇതിനെക്കുറിച്ചുള്ള ഒരന്വേഷണം ഇന്നു മുതൽ ‘മാധ്യമം’ ആരംഭിക്കുകയാണ്. ‘തുളുനാട്ടിൽ ഇങ്ങനെ മതിയോ’?
കാസർകോട്: ഇന്നത്തെ കാസർകോട് എന്നാൽ പുതിയ സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ളതാണ്. ദേശീയപാത ഒറ്റത്തൂൺ മേൽപാലം പോകുന്നത് കാസർകോട് നഗരത്തെ വിഭജിച്ചുകൊണ്ടാണ്. വികസനത്തിനുവേണ്ടി ജനങ്ങൾ പലതും കണ്ടില്ലെന്ന് നടിക്കുന്നു. ഏകദേശം 30 വർഷം മുമ്പ് വലിയ മൊട്ടക്കുന്നിടിച്ച് നിരപ്പാക്കിയതാണ് പുതിയ സ്റ്റാൻഡ്.
പക്ഷേ, ഇന്നുമത് അസൗകര്യങ്ങളുടെ മാറാപ്പിൽ തൂങ്ങിനിൽക്കുന്ന കുട്ടിയുടെ രൂപമാണ്. പല കാരണങ്ങളാൽ നാശത്തിന്റെ വക്കിലാണിന്നുള്ളത് എന്നത് വിഷമകരമാണ്. മാലിന്യനിർമാർജനമടക്കം ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന അവസ്ഥയാണ്.
പുതിയ സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ്...
പുതിയ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് തീരെ ക്ഷയിച്ച മട്ടിലാണ്. പല മുറികളും ചോർന്നൊലിക്കുന്ന നിലയിലാണുള്ളത്. മുമ്പ് ഈ കെട്ടിടത്തിന് സമീപത്തുകൂടെയാണ് ഹൈവേ പോയിരുന്നത്. അതുകൊണ്ടുതന്നെ കെട്ടിടത്തിലെ കടക്കാർക്ക് അത്യാവശ്യം കച്ചവടം നടക്കാറുണ്ടായിരുന്നു. ഇന്നത് മാറി, പലർക്കും നാശത്തിന്റെ കണക്ക് മാത്രമാണ് പറയാനുള്ളത്.
ദേശീയപാത മേൽപാലം പണി തുടങ്ങിതോടെയാണ് ഇവരുടെ ശനിദശ തുടങ്ങിയത്. എന്നാൽ, വികസനത്തിന് തുരങ്കംവെക്കാൻ ഇവരാരും തയാറായില്ല. വികസനത്തിനായി എന്തും സഹിച്ചു, ക്ഷമിച്ചു. പക്ഷേ, ഇവർ ആവശ്യപ്പെടുന്ന ന്യായമായ കാര്യങ്ങൾക്കെങ്കിലും അധികൃതർ കനിയണമെന്നാണ് ഇവരുടെ ആവശ്യം.
മുമ്പ് അവിടെയൊരു വലിയ മരവും അവിടെ ജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനും നല്ല സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ ദേശീയപാതയുടെ പണിയോടുകൂടി ആ പാർക്കിങ്ങെല്ലാം പോയി. ഒരു കസ്റ്റമർ വന്നാൽ വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ല. ഇപ്പോൾ വണ്ടിവെക്കാൻ പറ്റുന്നത് പാദൂർ കോംപ്ലക്സിനടുത്താണ്. അവിടെ നോ പാർക്കിങ് ബോർഡുമുണ്ട്. അവിടെ കസ്റ്റമർ അഥവാ പാർക്ക് ചെയ്ത്, ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഷോപ്പിൽ വന്നാൽതന്നെ പോകുമ്പോഴേക്കും പൊലീസിന്റെ വക ഫൈൻ കിട്ടുന്ന അവസ്ഥയാണ്.
അതുകൊണ്ടുതന്നെ ദൂരെ വണ്ടിവെച്ച് കസ്റ്റമർ ഇവിടേക്ക് വരാത്ത സാഹചര്യമാണ് നിലവിൽ. പുതിയ സ്റ്റാൻഡിൽ വരേണ്ടുന്ന ജനങ്ങൾ നേരെ മറ്റ് ടൗണുകളെ ആശ്രയിക്കുകയാണ്. ജനങ്ങൾ ഇവിടെ കയറാൻ മടിക്കുകയാണ്. ഇവിടത്തെ ഷോപ്പുകാർ കസ്റ്റമർക്ക് അങ്ങോട്ടേക്ക് സാധനം കൊണ്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഇത് വലിയ നഷ്ടമാണവർക്കുണ്ടാക്കുന്നത്.
ജനങ്ങൾ ഏറെ ആശ്രയിക്കുന്ന അക്ഷയയും മറ്റും ബസ് സ്റ്റാൻഡിലെ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മുമ്പ് ഒന്നാം നിലയിലേക്ക് കയറാൻ പുറത്തുനിന്ന് നേരെ ഒരു പാലമുണ്ടായിരുന്നു. ദേശീയപാത മേൽപാലം പണിയോടുകൂടി ആ പാലം പൊളിച്ചുമാറ്റി. ഇപ്പോൾ പുതുതായിവരുന്ന ഒരാൾക്ക് എങ്ങനെ മുകളിലെ ഷോപ്പിലേക്ക് വരണമെന്നറിയാത്ത സ്ഥിതിയാണ്.
ടൗൺ മുഴുവൻ അന്വേഷിച്ച് വട്ടംകറങ്ങേണ്ട അവസ്ഥ. ആകെയുള്ള ഒരു വഴി ബസ് സ്റ്റാൻഡിനുള്ളിലെ വഴിയാണ്. അതാണെങ്കിൽ ഇതുവരെ വൃത്തിയാക്കാനോ മെയിന്റനൻസ് ജോലിചെയ്യാനോ അധികൃതർ കൂട്ടാക്കിയിട്ടില്ല.
ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കുറച്ച് കടയുടമകൾ പണംപിരിച്ച് ആ വഴിയിലുള്ള സ്റ്റെപ് പെയിന്റടിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ലൈറ്റടക്കം വെച്ചതും ഇവർ സ്വന്തം നിലയിലാണ്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശുചിമുറികൾ ഇടക്കിടക്ക് മെയിന്റനൻസ് ചെയ്യുന്നുണ്ടെങ്കിലും അത് ഉപയോഗിക്കാൻ പറ്റാത്തവിധത്തിലാണ്.
ദിവസവും താഴെയുള്ള ശുചിമുറിയിൽ പണം കൊടുത്തുവേണം ഇവിടത്തെ ഷോപ്പുകാർക്ക് ഉപയോഗിക്കാൻ. മുകളിൽ രണ്ടുഭാഗത്തും ശുചിമുറിയുണ്ടായിട്ടും ഇവർക്ക് കാര്യമില്ല. രണ്ടും ഉപയോഗിക്കാൻപറ്റാതെ ബ്ലോക്കായിരിക്കുകയാണ്. പുറത്തേക്ക് ജനങ്ങൾ കാണുന്നവിധത്തിൽ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ വഴിവേണമെന്നാണ് കെട്ടിടത്തിലെ ഷോപ്പുകാരുടെ ആവശ്യം. ഇതിനുവേണ്ടി പലതവണ നഗരസഭ അധികൃതരുടെ മുന്നിൽ പോയെങ്കിലും അനുകൂലമായ സാഹചര്യമുണ്ടായിട്ടില്ല.
ദേശീയപാതയുടെ പണികഴിയാതെ സാധ്യമല്ല എന്നാണ് അധികൃതർ പറയുന്നത്. പിന്നെ മഴക്കാലത്ത് പല റൂമുകളും ചോർന്നൊലിക്കുകയാണ് എന്ന ആക്ഷേപവുമുണ്ട്. ചോർച്ചയിൽ പലരും സ്വന്തം കൈയിൽനിന്ന് പണം ചെലവഴിച്ച് ചോർച്ചയടക്കേണ്ട ഗതികേടാണ്. കെട്ടിടത്തിൽ വെളിച്ചത്തിന് അപര്യാപ്തതയുണ്ട്.
ഷോപ്പുകാർ സ്വന്തംനിലയിൽ ഇതിനായി ലൈറ്റ് വെച്ചിരിക്കുകയാണ്. പിന്നെ രാവിലെയാകുമ്പോൾ സ്റ്റെപ്പിനടുത്തായി കർണാടക മദ്യക്കുപ്പികൾ കാണാറുണ്ടെന്ന് ഇവിടെയുള്ള ഷോപ്പുകാർ പറയുന്നുണ്ട്. നഗരത്തിൽ വെളിച്ചക്കുറവുള്ളതുകൊണ്ട് സാമൂഹികവിരുദ്ധശല്യമുണ്ടെന്നും പറയുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.